പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് കലക്ടര്‍മാരുടെ അനുമതിയുണ്ട്- കോടിയേരി

തിരുവനന്തപുരം- കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സിപിഎം സമ്മേളനങ്ങള്‍ നടന്നുവരുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചു. പൊതുസ്ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ല.കലക്ടര്‍മാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷങ്ങളില്ല എന്ന തന്റെ മുന്‍പത്തെ പ്രസ്താവനയും കോടിയേരി ആവര്‍ത്തിച്ചു. താന്‍ പറഞ്ഞത് ഒരു യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസുകാര്‍ തന്നെ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. ഹിന്ദുനാമധാരികള്‍ മത്സരിക്കുന്ന സ്ഥലത്ത് തന്നെ പ്രസംഗിക്കാന്‍ വിളിക്കാറില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിട്ടുണ്ട്.
ഗുജറാത്തില്‍ പത്ത് ശതമാനം മുസ്‌ലീങ്ങളുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുസ്‌ലിം പേരുള്ള ഒരാളെ പോലും കോണ്‍ഗ്രസ് മത്സരിപ്പിച്ചിട്ടില്ല. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ പരിഗണന കോണ്‍ഗ്രസ് നല്‍കിയിരുന്നു. അതില്‍നിന്ന് ഒരു അകല്‍ച്ച വന്നിരിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
 

Latest News