ഹിന്ദു സ്ത്രീയോടൊപ്പം യാത്ര ചെയ്‌തെന്ന് ആരോപിച്ചു മുസ്ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ചു

ഭോപാല്‍- ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്ന മുസ്ലിം പുരുഷനെയും വിവാഹിതയായ ഹിന്ദു സ്ത്രീയെയും ബജ്റംഗ്ദള്‍ അംഗങ്ങള്‍ അജ്മീറിലേക്കുള്ള ട്രെയിനില്‍ നിന്ന് ബലമായി ഇറക്കി ഉജ്ജയിനിലെ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.
ലൗ ജിഹാദ് ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു.
ഇന്‍ഡോറില്‍നിന്നുള്ള കുടുംബ സുഹൃത്തുക്കളായ രണ്ട് യാത്രക്കാരെ ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജി.ആര്‍.പി) ചോദ്യം ചെയ്യുകയും അവരുടെ മാതാപിതാക്കള്‍ എത്തുന്നതുവരെ പോലീസ് സ്റ്റേഷനില്‍ ഇരുത്തുകയും ചെയ്തു. മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയച്ചു. ജനുവരി 14 നായിരുന്നു സംഭവം. ആസിഫ് ശൈഖ് എന്ന യുവാവ് ചെറിയ ഇലക്ട്രോണിക്‌സ് കട നടത്തുകയാണ്. സ്ത്രീ അധ്യാപികയായി ജോലിചെയ്യുന്നു.
പുറത്തുവന്ന വീഡിയോയില്‍ സ്ത്രീ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരോട് കരഞ്ഞുപറയുന്ന ദൃശ്യങ്ങളുണ്ട്. തന്നെ തെറ്റിധരിച്ചിരിക്കുകയാണെന്നും താന്‍ പ്രായപൂര്‍ത്തിയായ സ്ത്രീയാണെന്നും കുട്ടികളെ പഠിപ്പിക്കുന്നവരാണെന്നും അവര്‍ പറയുന്നുണ്ട്. എന്നാല്‍ നിങ്ങളോട് ഒന്നും പറയാനില്ല എന്നായിരുന്നു പിന്റു കൗശല്‍ എന്ന ബജ്റംഗ് ദള്‍ പ്രവര്‍ത്തകന്റെ മറുപടി.
തങ്ങള്‍ വര്‍ഷങ്ങളായി അറിയാവുന്ന കുടുംബ സുഹൃത്തുക്കളാണെന്ന് സ്ത്രീ പറഞ്ഞതായി പോലീസ് അറിയിച്ചു. അവര്‍ കുറ്റമൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ വിട്ടയച്ചു. എന്നാല്‍ പ്രശ്‌നമുണ്ടാക്കിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തില്ലെന്ന് സ്ത്രീ കുറ്റപ്പെടുത്തി.

 

Latest News