പട്ന - ഹിന്ദുസ്ഥാൻ അവാം മോർച്ച രൂപീകരിച്ച് ബി.ജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി ബിഹാറിൽ ഭരണ കക്ഷിയായ എൻ ഡി എ സഖ്യം വിട്ടു. അദ്ദേഹവും പാർട്ടിയും ഇനി ഒരു വിഭാഗം ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ് എന്നീ കക്ഷികൾ ഉൾപ്പെടുന്ന മഹാസഖ്യത്തിനൊപ്പമായിരിക്കുമെന്ന് പാർട്ടി വക്താവ് ഡാനിഷ് റിസ്വാൻ അറിയിച്ചു. മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ബിജെപി ബാന്ധവും ഉപേക്ഷിച്ചതായി മാഞ്ചി പ്രഖ്യാപിച്ചത്. മാഞ്ചി മഹാസഖ്യത്തിൽ ചേർന്നായി തേജസ്വിയും പ്രഖ്യാപിച്ചു.
ഭരണ സഖ്യത്തിൽ ആസന്നമായ പിളർപ്പ് സൂചിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മാഞ്ചി രംഗത്തു വന്നിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മാഞ്ചിയുടെ പാർട്ടിക്ക് പരിഗണന നൽകാത്തതിലുള്ള അതൃപ്തിയാണ് സഖ്യത്തിൽ വിള്ളലുണ്ടാക്കിയത്. തന്റെ പാർട്ടിയായ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് ഒരു രാജ്യസഭാ സീറ്റു വേണമെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതു ലഭിച്ചില്ലെങ്കിൽ അടുത്തു നടക്കാനിരിക്കുന്ന ലോക്സഭാ, നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളിൽ ബിജെപി സഖ്യത്തെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ആറു രാജ്യസഭാ സീറ്റുകളാണ് എൻഡിഎക്കുള്ളത്. ഇതിലൊന്നാണ് മാഞ്ചി ആവശ്യപ്പെട്ടത്. മാർച്ച് 23നാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. എന്നാൽ ഇതിനു മുമ്പ്, മാർച്ച് 11നാണ് അറാറില ലോക്സഭാ മണ്ഡലത്തിലും ജഹനാബാദ്, ഭാഭുവ നിയസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
2015ൽ മുഖ്യമന്ത്രി പദവി ഒഴിയാൻ സമ്മർദ്ദമുണ്ടായതിനെ തുടർന്നാണ് മാഞ്ചി ജെഡിയു വിട്ട് പുതിയ പാർട്ടി രൂപീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തോടൊപ്പം ചേരുകയും ചെയ്തു.






