ഭോപ്പാൽ- ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് മുന്നേറുന്നു. മുംഗോളി, കൊലറസ് എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. ഫെബ്രുവരി 24ന് വോട്ടെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും കനത്ത പോളിങ് രേഖപ്പെടുത്തിയിരുന്നു. മുംഗോളിയിൽ 77.05ഉം കൊലറസിൽ 70.4 ശതമാനമായിരുന്നു പോളിങ്. ഇരു മണ്ഡലങ്ങളേയും പ്രതിനിധീകരിച്ചിരുന്ന കോൺഗ്രസ് എംഎൽഎമാരുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യ പ്രതിനിധീകരിക്കുന്ന ഗുണ ലോക്്‌സഭാ മണ്ഡലത്തിലുൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളാണിത്.
രണ്ടു മണ്ഡങ്ങളിലേയും വിജയം അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നു വരാൻ ജ്യോതിരാദിത്യ സിന്ധ്യക്ക് അവസരമൊരുക്കാൻ സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഒഡീഷയിലെ ബിജെപൂർ നിയമസഭാ മണ്ഡലത്തിലും വോട്ടെണ്ണൽ പുരോഗമിക്കുന്നുണ്ട്. ബിജെപി ബഹുദൂരം പിന്നിലാക്കി ഭരണകക്ഷിയായ ബിജെഡിയാണ് ഇവിടെ മുന്നിട്ടു നിൽക്കുന്നത്.