കണ്ണൂര്‍ - അതീവ രഹസ്യമായി വെച്ചിരുന്ന ഡി.പി.ആര്‍ പുറത്തുവിട്ടതോടെ അര്‍ധ അതിവേഗ റെയില്‍ പാത പദ്ധതി ഉഡായിപ്പാണെന്ന് തീര്‍ത്തും വ്യക്തമായെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ റെയിലിനെതിരെയുള്ള പ്രക്ഷോഭത്തെ സി.പി.എം വിലക്കെടുക്കാന്‍ ശ്രമിക്കുകയാണ്. പ്രലോഭനത്തിലൂടെ വിലക്ക് വാങ്ങാനാണ് നീക്കം. സമരത്തിന് വിലയിടുകയെന്നത് സി.പി.എം പോലുള്ള ഒരു പ്രസ്ഥാനം ചെയ്യേണ്ടതാണോ? ഈ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിനല്ല, സര്‍വ്വനാശത്തിനുള്ള താണ്. പദ്ധതി നടപ്പായാല്‍, തിരുവാതിരക്കളിയില്‍ വിശേഷിപ്പിച്ചതു പോലെ സംസ്ഥാനത്തിന്റെ സര്‍വ്വനാശത്തിന് കാരണഭൂതനായ മുഖ്യമന്ത്രിയായി പിണറായിയെ വിലയിരുത്തേണ്ടി വരും. - കൃഷ്ണദാസ് പറഞ്ഞു.
പദ്ധതിയുടെ ഡി.പി.ആര്‍ അതി വിചിത്രമാണ്. സംസ്ഥാനത്തെ ഏറ്റവും പരിസ്ഥിതി ലോല പ്രദേശമായ മാടായി പാറയിലൂടെ തുരങ്കം നിര്‍മ്മിക്കുമെന്നാണ് പറയുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 35 മീറ്റര്‍ ഉയരത്തിലാണ് മാടായിപ്പാറ സ്ഥിതി ചെയ്യുന്നത്. ഇതിനകത്ത് 30 മീറ്റര്‍ വ്യാസത്തില്‍ തുരങ്കം നിര്‍മ്മിച്ചാല്‍ മാടായി പാറ ബാക്കിയുണ്ടാകുമോ? അഞ്ച് മീറ്റര്‍ മാത്രമാണ് സീലിംഗ് ഉണ്ടാവുക. കൊങ്കണ്‍ റെയില്‍വെയില്‍ നിര്‍മ്മിച്ച തുരങ്കങ്ങള്‍ക്ക് 300 മുതല്‍ 400 മീറ്റര്‍ വരെയാണ് സീലിംഗ്. അതും ഉറപ്പുള്ള പാറക്കെട്ടുകള്‍. മാടായി പാറയിലേത് ഉറപ്പില്ലാത്ത മണ്ണാണ്.- കൃഷ്ണദാസ് പറഞ്ഞു.