കണ്ണൂര്‍ - ഇന്ത്യ, ഹിന്ദുക്കളുടെ രാജ്യമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയാണ് വര്‍ഗീയത പറഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഹിന്ദുക്കള്‍ ഭരിക്കണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇത് മോഹന്‍ ഭഗവതിന്റെ നിലപാടാണ്. ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ രക്ഷയില്ല. കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തെ പരിഗണിക്കുന്നില്ലെന്നത് അവര്‍ക്കിടയില്‍ തന്നെയുള്ള പൊതുവികാരമാണ്. ഗുലാം നബി ആസാദും, സല്‍മാന്‍ ഖുര്‍ഷിദും, കെ.വി.തോമസുമൊക്കെ ഇപ്പോള്‍ എവിടെയാണ്. മതേതരത്വം കാത്തു സൂക്ഷിക്കാന്‍ തങ്ങള്‍ മത ന്യൂനപക്ഷത്തില്‍ പെട്ടവരെ നേതൃസ്ഥാനത്ത് എത്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ഈ കീഴ്‌വഴക്കം തെറ്റിച്ചതെന്തുകൊണ്ടാണെന്നും, ഇതിന് രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗം കാരണമായോ എന്നു മാത്രമാണ് താന്‍ ചോദിച്ചത്. ഇത് വര്‍ഗീയത പറയലല്ല. രാഷ്ട്രീയ സാഹചര്യം വിലയിരുത്തലാണ്.- കോടിയേരി വ്യക്തമാക്കി.
കോണ്‍ഗ്രസ് ആരെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്നത് അവരുടെ ആഭ്യന്തര കാര്യമാണ്. മതപരമായ സംവരണം രാഷ്ടീയ രംഗത്ത് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് തന്നെയാണ് തങ്ങളുടെ നിലപാട്. സി.പി.എം ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാറില്ല. എല്ലാവരും മതേതരരാണെന്ന നിലപാടാണുള്ളത്. താന്‍ പറഞ്ഞ കാര്യത്തിന് ഗുലാം നബി ആസാദിനെപ്പോലുള്ളവര്‍ അഭിപ്രായം പറയട്ടെ. - കോടിയേരി പറഞ്ഞു.






