Sorry, you need to enable JavaScript to visit this website.

വിടവാങ്ങിയത് പ്രകൃതിയുടെ ഉപാസകൻ

ആസുരമായ കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് പ്രൊഫ. എം.കെ. പ്രസാദ് വിടവാങ്ങുന്നത്. വികസനവും പരിസ്ഥിതിയും തമ്മിലുള്ള പൊരുത്തക്കേട് ആദ്യം തിരിച്ചറിഞ്ഞ വ്യക്തികളിലൊരാളായിരുന്നു പ്രൊഫ. എം.കെ. പ്രസാദെന്ന് പറയാം. തന്റെ ബോധ്യം ആരുടെ മുമ്പിലും വിളിച്ചു പറയാനുള്ള തന്റേടവും സത്യസന്ധതയുമുണ്ടായിരുന്നയാൾ.  പ്രൊഫ. എം.കെ.  പ്രസാദിനെപ്പോലെയുള്ളവരുടെ എണ്ണം നാൾക്കുനാൾ ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് തീർച്ചയായും അദ്ദേഹത്തിന്റെ ദേഹവിയോഗം നമുക്ക് വലിയ നഷ്ടമാണ്. 

പ്രകൃതിക്കും മനുഷ്യനും വേണ്ടി നിരന്തരം ചിന്തിക്കുകയും എഴുതുകയും പോരാടുകയും പുതുതലമുറയെ വാർത്തെടുക്കുയും ചെയ്തയാളായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ളവർ സമൂഹത്തിൽ വളരെ ചുരുക്കമാണന്ന് ഓർക്കുക.
പ്രൊഫ. എം.കെ. പ്രസാദ് മാഷുമായി നിരവധി തവണ ഇടപെടാനവസരം ലഭിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ദേഹവിയോഗം വ്യക്തിപരമായി കൂടി വലിയൊരു നഷ്ടമാണ്. കേരളത്തിലെവിടെ പ്രകൃതിക്ക് മേൽ കൈയേറ്റമുണ്ടാകുന്നുവോ, അവിടെ പ്രസാദ് മാഷ് ഓടിയെത്തുമായിരുന്നു. തന്റെ പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും പുതുതലമുറയെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് പ്രചോദിപ്പിക്കാനദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
റെമുലസ് വിറ്റേക്കറുടെയും ഇ.ആർ.സി. ദാവിദാറുടെയും സുന്ദരമായ സൈലന്റ്‌വാലി ചിത്രങ്ങളോടെ 1979 ജൂൺ മാസത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹം പ്രസിദ്ധീകരിച്ച ലേഖനം ആ രംഗത്തെ ഒരു വിപ്ലവം തന്നെയെന്ന് പറയാം. കാടിന് ഇത്രയധികം ധർമം നിറവേറ്റാനുണ്ടോയെന്ന് വായനക്കാർ അന്തിച്ചുപോയി. കാടെന്നത് മരം മുറിക്കാനുള്ള സംരക്ഷിത പ്രദേശം മാത്രമെന്ന വിചാരമായിരുന്നു നമ്മുടെ രാഷ്ട്രീയക്കാരുൾപ്പെടെയുള്ളവർക്കുണ്ടായിരുന്നത്. സൈലന്റ് വാലിയുടെ ജൈവ സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് പറഞ്ഞ ആ ലേഖനം പലരെയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. സൈലന്റ്‌വാലി പദ്ധതി ഉപേക്ഷിക്കണമെന്ന് സഫർഫത്തേഹള്ളിയുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റി ഓൺ എൺവയൺമെന്റ് പ്ലാനിംഗ് ആന്റ് ഗാർഡിനേഷൻ ശുപാർശയും ഡോ. വി.എസ്. വിജയന്റെ സൈലന്റ്‌വാലി റിപ്പോർട്ടും ഏറ്റുപിടിക്കാൻ ധൈര്യമായി മുന്നോട്ട് വന്നവരിൽ മുമ്പനായിരുന്നു പ്രൊഫ. എം.കെ. പ്രസാദെന്ന് കാണാം. ഇതിന്റെ പേരിൽ അദ്ദേഹത്തിന് ധാരാളം ശത്രുക്കളുണ്ടായി. സ്വന്തം ചേരിയിൽനിന്ന് പോലും എതിർപ്പുണ്ടായി. സർക്കാരും രാഷ്ട്രീയ നേതാക്കളും വികസനവാദികളും എതിർപ്പുമായി വന്നു. എന്നാൽ തന്റെ ബോധ്യത്തിൽനിന്ന് അദ്ദേഹം അണുവിട പിറകോട്ട് പോയില്ല. 
തന്റെ ലേഖനത്തിൽ അദ്ദേഹം എഴുതി- 'സൈലന്റ്‌വാലി നടപ്പിൽ വന്നാൽ മനുഷ്യന്റെ അമൂല്യമായൊരു പൈതൃകമാണ് നഷ്ടപ്പെടുക. ശാസ്ത്ര നേട്ടങ്ങളുടെ ഈ യുഗത്തിൽ അശാസ്ത്രീയ സമീപനത്തിന്റെ മകുടോദാഹരണമായി ഈ പദ്ധതിയെ പരിസ്ഥിതി വിജ്ഞാനികൾ കരുതുന്നു. ഈ പദ്ധതിക്കെതിരായി അക്കാദമിക് തലത്തിൽ ഏതാനും ചർച്ചകൾ നടന്നതല്ലാതെ സമഗ്രവും ശാസ്ത്രീയവുമായ സമീപനമോ പ്രബലമായൊരു പൊതുജനാഭിപ്രായമോ ഉണ്ടായിട്ടില്ല. ഗവൺമെന്റിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് വിവേകമല്ലെന്ന് വിശ്വസിക്കുന്നവരാണ് തലപ്പത്തുള്ള ചില വിദഗ്ധന്മാർ. രാഷ്ട്രീയ തീരുമാനങ്ങളിൽ ഇടപെടുന്നത് തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതമായിത്തീർന്നാലോ എന്നു ഭയപ്പെട്ട് ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാക്കൾ മൗനം ദീക്ഷിക്കുകയാണ്. ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തിൽ ഇത്രയും ലാഘവ ബുദ്ധി കാണിച്ച ഈ ശാസ്ത്ര സാങ്കേതിക തലവന്മാരെ നാളത്തെ തലമുറ വെറുതെ വിടില്ല' -ഇങ്ങനെ ചങ്കൂറ്റത്തോടെ സത്യം വിളിച്ചു പറഞ്ഞ ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. എം.കെ. പ്രസാദ്. കെ െറയിൽ പദ്ധതിക്കാര്യത്തിലും ഈ വാക്കുകൾ പ്രസക്തമാണെന്ന് കൂടി ഓർക്കുക.
സെലന്റ്‌വാലി സംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയെന്ന നിലയിലാവും ചരിത്രം പ്രൊഫ. എം.കെ. പ്രസാദിനെ ഓർത്തുവെയ്ക്കുക. സുഗതകുമാരി ടീച്ചറെ പരിസ്ഥിതി സംരക്ഷണ രംഗത്തേക്ക് ആകർഷിച്ചതും സൈലന്റ്‌വാലി സമരത്തിന്റെ മുൻനിരയിലേക്ക് എത്തിച്ചതും പ്രൊഫ. എം.കെ. പ്രസാദിന്റെ  ലേഖനമായിരുന്നു.
പ്രൊഫ. എം.കെ. പ്രസാദിന്റെ ലേഖനം എന്നെ ആഴത്തിൽ സ്പർശിച്ചുവെന്ന്  സുഗതകുമാരി ടീച്ചർ തന്നെ സമ്മതിക്കുന്നുണ്ട്.  സുഗതകുമാരി ടീച്ചറെ പോലെ ഒരുപാടാളുകളെ സൈലന്റ്‌വാലി സമരത്തിലേക്ക് ആകർഷിക്കാൻ പ്രസാദ് മാഷിന്റെ ലേഖനം  കാരണമായിട്ടുണ്ട്. നമ്മുടെ രാജ്യത്ത് പരിസ്ഥിതി സംരക്ഷണ സമരങ്ങളുടെ തുടക്കം സൈലന്റ് വാലിയിൽ നിന്നാണെന്ന് പറയാം. സൈലന്റ്‌വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴയ്ക്ക് കുറുകെ അണകെട്ടി 60 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതി പരക്കെ സ്വാഗതം ചെയ്യപ്പെട്ടൊരു ജലവൈദ്യുത പദ്ധതിയായിരുന്നു. ഇതിന് 24.68 കോടി രൂപയായിരുന്നു തുടക്കത്തിൽ ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ പദ്ധതി നടപ്പാക്കിയാൽ ഏഴുചതുരശ്ര കിലോമീറ്റർ കന്യാവനങ്ങൾ മുങ്ങിപ്പോകുമെന്നും അപൂർവമായ സസ്യജന്തുജാലങ്ങൾ നശിക്കുമെന്നും പ്രകൃതിശാസ്ത്രജ്ഞർ കണ്ടെത്തി. എന്നാൽ രാഷ്ട്രീയ പാർട്ടികളെല്ലാം ഒന്നിച്ചുനിന്ന് പദ്ധതിക്കായി വാദിച്ചിരുന്നതിനാൽ ഒരു ശക്തിക്കും പദ്ധതി തടയാനാവില്ലെന്ന് കരുതി. പ്രൊഫ. എം.കെ. പ്രസാദിന്റെ ശാസ്ത്ര സാഹിത്യ പരിഷത്തും ഡോ. സലീം അലിയും പ്രൊഫ. കെ.കെ. നീലക്ണഠന്റെ കേരള നാച്യുറൽ ഹിസ്റ്ററി സൊസൈറ്റിയും സുഗതകുമാരി ടീച്ചറുടെ പ്രകൃതി സംരക്ഷണ സമതിയും മാത്രമേ പദ്ധതിക്കെതിരായി ഉണ്ടായിരുന്നുള്ളൂ. ഈ സമരം തോറ്റുപോകുമെന്നാണ് എല്ലാവരും കരുതിയത്. ഈ തോൽക്കുന്ന സമരത്തിൽ തന്നെക്കൂടി പങ്കാളിയാക്കൂവെന്ന് കത്തെഴുതി ഒരു ചെറുതുക സമര ഫണ്ടിലേക്ക് വൈക്കം മുഹമ്മദ് ബഷീർ അയച്ചുകൊടുത്തത് ഓർക്കുക. സംഘർഷ ഭരിതമായ നിരവധി പോരാട്ടങ്ങൾക്കൊടുവിൽ സൈലന്റ്‌വാലി പദ്ധതി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി ഉപേക്ഷിക്കാൻ നിർദേശിക്കുമ്പോൾ പ്രൊഫ. എം.കെ. പ്രസാദിന്റെ വിജയം കൂടിയായിരുന്നു അത്. 
വിജയത്തിന്റെ അവകാശികളായി പലരും മുന്നോട്ടു വന്നപ്പോഴും എം.കെ. പ്രസാദ് പിന്നിലേക്ക് മാറിനിന്നതേയുള്ളൂ. തന്റെ കർമം താൻ ചെയ്തു. നേട്ടം ആരുമെടുത്തോട്ടെയെന്ന ഭാവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കോഴിക്കോട് സർവകലാശാലാ മുൻ പ്രൊ-വൈസ് ചാൻസലറും മഹാരാജാസ് കോളേജ് പ്രിൻസിപ്പിലുമായി അദ്ദേഹം. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സേവ് സൈലന്റ്‌വാലി കാമ്പയിന്റെ മുൻനിരയിലും അദ്ദേഹം പ്രവർത്തിച്ചു. വേൾഡ് വൈഡ് ഫണ്ട് ഓഫ് നേച്ചറിലും യുനൈറ്റഡ് നാഷണലിന്റെ മിലെനിയം എക്കോസിസ്റ്റം അസസസ്‌മെന്റ് ബോർഡിലും സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോർഡിലും അദ്ദേഹം അംഗമായിരുന്നു. അക്കാദമിക് പണ്ഡിതനെന്നതിലുപരി ഒരു ആക്ടിവിസ്റ്റ് കൂടിയായ അദ്ദേഹം നമ്മുടെ പ്രകൃതിയുടെ കാവാലാളുകളിൽ പ്രധാനിയായിരുന്നു.
 

Latest News