ന്യൂദല്‍ഹി- കേരളത്തില്‍ നിന്നുള്‍പ്പെടെ ഹജിനായി സൗദി അറേബ്യയിലേക്കു പോകുന്ന തീര്‍ത്ഥാടകരില്‍ നിന്ന് ഈടാക്കി വരുന്ന ഉയര്‍ന്ന വിമാന യാത്രാ നിരക്കുകളില്‍ ഇളവു വരുത്താന്‍ വിമാന കമ്പനികള്‍ സമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ഹാജിമാരുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. ഇന്ത്യയിലെ 21 ഇടങ്ങളില്‍നിന്ന് സൗദിയിലെ ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, സൗദി എര്‍ലൈന്‍സ്, ഫ്ളൈനാസ് എന്നീ വിമാനക്കമ്പികളുടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കിയപ്പോള്‍ മുസ്്‌ലിം സംഘടനകളും ഹജ്ജ് കമ്മിറ്റിയും ഈ ആവശ്യ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് ഇപ്പോള്‍ വിമാന ടിക്കറ്റ് നിരക്കുകളില്‍ ഇളവ് നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. ഇതോടെ ഹാജിമാരെ സാമ്പത്തികമായും രാഷ്ട്രീയമായും ചൂഷണം ചെയ്യുന്നത് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിരക്കുകള്‍ പ്രകാരം അഹമ്മദാബാദില്‍നിന്ന് മടക്ക യാത്രഉള്‍പ്പെടെയുള്ള ഹജ് യാത്രാ നിരക്ക് 65,105 രൂപയായിരിക്കും. 2013-14 കാലയളില്‍ ഇത് 98,750 രൂപയായിരുന്നു. ഇതേ നിരക്കു തന്നെയാണ് മുംബൈയില്‍ നിന്നും ഈടാക്കിയിരുന്നത്. എന്നാലിത് ഇപ്പോള്‍ 57,875 രൂപയായി വെട്ടിച്ചുരുക്കി. കേരളത്തില്‍ നിന്നുള്‍പ്പെടെ മറ്റിടങ്ങളിലെ പുതിയ നിരക്കുകള്‍ വൈകാതെ അറിയാം. ഇത്തവണ ഇന്ത്യയില്‍ നിന്ന് 1.75 ലക്ഷം പേരാണ് ഹജിന് പോകാനിരിക്കുന്നത്.