Sorry, you need to enable JavaScript to visit this website.

ശാന്തസമുദ്രത്തിൽ അഗ്‌നിപർവത വിസ്‌ഫോടനം;  സുനാമി ഭീഷണി ഒഴിഞ്ഞ ആശ്വാസത്തിൽ മറ്റു രാജ്യങ്ങൾ

ഷിക്കാഗോ- കടലിനടിയിലെ അഗ്‌നിപർയത സ്‌ഫോടനത്തിൽ നിന്ന് പസഫിക്കിന് ചുറ്റുമുള്ള സുനാമി ഭീഷണി ഒഴിഞ്ഞ ആശ്വാസത്തിൽ ടോംഗ ദ്വീപ്. എന്നാൽ ദ്വീപ് രാഷ്ട്രമായ ടോംഗയെ മൂടിയ കൂറ്റൻ ചാരമേഘം ന്യൂസിലാൻഡിൽ നിന്നുള്ള നിരീക്ഷണ വിമാനങ്ങളെ നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിൽ തടസ്സപ്പെടുത്തി. ശാന്തസമുദ്രത്തിനു മുകളിൽ ഒരു കൂൺ പോലെ ഉയരുന്ന ചാരവും നീരാവിയും വാതകവും ഉള്ള ഹംഗ ടോംഗഹംഗ ഹാപായ് അഗ്‌നിപർവതത്തിന്റെ ഉഗ്ര സ്‌ഫോടനം സാറ്റലൈറ്റ് ചിത്രങ്ങളിൽ ദൃശ്യമാണ്. ഒരു സോണിക് ബൂം അലാസ്‌ക വരെ കേൾക്കാമായിരുന്നു. ടോംഗയിൽ, അത് കര പ്രദേശത്ത് സുനാമി തിരമാലകൾ സൃഷ്ടിച്ചു. ജനങ്ങൾ ഉയർന്ന സ്ഥലങ്ങൾ തേടി പായുകയും ചെയ്തു. പസഫിക്കിലുടനീളം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയും ജപ്പാനും തങ്ങളുടെ പസഫിക് തീരപ്രദേശത്തുള്ള ആളുകളോട് തീരങ്ങളിൽ നിന്ന് മാറിനിൽക്കാൻ ആഹ്വാനം ചെയ്തിരുന്നു.
സ്‌ഫോടനത്തെ തുടർന്ന്  ടോംഗയിലേക്കുള്ള ഇന്റർനെറ്റ് ബന്ധം വിഛേദിച്ചു. ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇവിടെയുള്ള ജനങ്ങൾക്ക് എന്തെങ്കിലും പരിക്കുകളുണ്ടോ എന്ന് അറിയാൻ ഉത്കണ്ഠയോടെ ശ്രമിച്ചിരുന്നു. സർക്കാർ വെബ്‌സൈറ്റുകളും മറ്റ് ഔദ്യോഗിക ഉറവിടങ്ങളും പോലും ഞായറാഴ്ച ഉച്ചയ്ക്ക് ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമല്ലാതെ തുടർന്നു. ടോംഗയിൽ ഇതുവരെ പരിക്കുകളോ മരണങ്ങളോ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡൺ പറഞ്ഞു. 
'ടോംഗയുമായുള്ള ആശയവിനിമയം വളരെ പരിമിതമാണ്. അത് ഇവിടുത്തെ ടോംഗൻ സമൂഹത്തിന് വലിയ ഉത്കണ്ഠ ഉണ്ടാക്കുന്നുണ്ടെന്ന് എനിക്കറിയാം' -ആർഡൻ പറഞ്ഞു.ടോംഗൻ തീരപ്രദേശത്ത് ബോട്ടുകൾക്കും കടകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. അഗ്‌നിപർവതത്തിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ തെക്ക് ഭാഗത്തുള്ള തലസ്ഥാനമായ നുകുഅലോഫ, അഗ്‌നിപർവത സ്‌ഫോടനത്തിന്റെ പൊടിപടലങ്ങൾ കൊണ്ട് മൂടിയിരുന്നു. അത്  ജലവിതരണത്തെ മലിനമാക്കുകയും ശുദ്ധജലം ഒരു സുപ്രധാന ആവശ്യമാക്കുകയും ചെയ്തുവെന്ന് ആർഡൻ പറഞ്ഞു.
 

Latest News