സ്വത്തിന് വേണ്ടി സഹോദരിയെ വകവരുത്തി, യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം- യുവതിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. തിരുവനന്തപുരം നഗരസഭയിലെ ക്ലാര്‍ക്കായ സുരേഷ് (41) ആണ് അറസ്റ്റിലായത്. സഹോദരി നിഷയെ (37) കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂജപ്പുര വിദ്യാധിരാജ നഗറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വത്തിന് വേണ്ടിയാണ് ഇയാള്‍ സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മനോദൗര്‍ബല്യമുള്ള നിഷയെ ഇയാള്‍ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. ഒന്‍പതാം തീയതി ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് നിഷയെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. വീട്ടിലെ കുളിമുറിയില്‍ വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നത്. പ്രാഥമിക ചികിത്സക്കുശേഷം തിരികെ വീട്ടിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച നിഷയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ സഹോദരിയെ ആശുപത്രിയില്‍ എത്തിക്കണമെന്ന് പറഞ്ഞ് ഇയാള്‍ സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചുവരുത്തി.

രാവിലെ വീട്ടില്‍ ബഹളം കേട്ടിരുന്നതായി അയല്‍വാസികളും പറഞ്ഞു. സുഹൃത്തുക്കള്‍ ആംബുലന്‍സുമായി എത്തുമ്പോള്‍ നിഷ ബോധമില്ലാതെ തറയില്‍ കിടക്കുന്നതാണ് കണ്ടത്. സംശയത്തെ തുടര്‍ന്ന് ഇവരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. പോലീസെത്തി പരിശോധിച്ച് ഇവരുടെ മരണം സ്ഥിരീകരിക്കുകയും സുരേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സുരേഷ് സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറയുന്നു.

 

Latest News