Sorry, you need to enable JavaScript to visit this website.

ദിലീപ് കേസ്: മെഹ്ബൂബിനെയും  ശരത്തിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

കൊച്ചി- ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ 'ശരത്തി'നെയും ഖത്തറിലെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ലയെയും ക്രൈംബ്രാഞ്ച് ഒരുമിച്ചു ചോദ്യം ചെയ്യും. ഗൂഢാലോചനാക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 'വിഐപി' താനല്ലെന്നു വ്യക്തമാക്കി മെഹ്ബൂബ് രംഗത്തു വന്നിരുന്നു. എന്നാല്‍ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ച ശരത്ത് ഫോണ്‍ ഓഫാക്കി മുങ്ങി. ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് അവകാശപ്പെടുന്ന ശരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.
പ്രതികള്‍ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖയുമായി ശാസ്ത്രീയമായി ഒത്തുനോക്കാന്‍ ഇരുവരുടെയും ശബ്ദ സാംപിളുകള്‍ അന്വേഷണ സംഘം ശേഖരിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയിലെ ആറാം പ്രതിയായ 'വിഐപി'യെ തിരിച്ചറിയാന്‍ വൈകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആറാം പ്രതിയെ വിഐപിയെന്നാണു വിശേഷിപ്പിച്ചതെങ്കിലും അങ്ങനെ വിളിക്കത്തക്ക പദവികളൊന്നുമില്ലാത്തയാളാണ് ആറാം പ്രതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2017 നവംബര്‍ 15നു ദിലീപിന്റെ വീട്ടിലെത്തിയ ആറാം പ്രതി കൈമാറിയ പെന്‍ െ്രെഡവില്‍ പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നെന്നാണു സംവിധായകന്റെ വെളിപ്പെടുത്തല്‍.സംഭവ ദിവസം ദിലീപിന്റെ വീട്ടില്‍ ആറാം പ്രതിക്കു ലഭിച്ച പരിഗണനയും മന്ത്രിമാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇയാള്‍ക്കുണ്ടെന്നു കരുതുന്ന അടുത്തബന്ധവുമാണ് ഇയാളെ 'വിഐപി'യെന്നു വിളിക്കാന്‍ കാരണമെന്നു ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. കുറ്റകൃത്യത്തിനു ശേഷം നടന്‍ ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യവസായിയിലേക്കാണ് ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ഗൂഢാലോചനയ്ക്കു പുറമേ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ക്കു കൈമാറിയത് ആരാണെന്നും കണ്ടെത്തേണ്ടതുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് 20നു വിചാരണക്കോടതിക്കു കൈമാറണം.
സാക്ഷി വിസ്താരം നിര്‍ത്തിവച്ചു തുടരന്വേഷണം നടത്താനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ വിചാരണക്കോടതിയും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപും കൂട്ടുപ്രതികളും നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയും പരിഗണിക്കുന്നതു നാളെയാണ്.
 

Latest News