റയലിനെതിരെ കളിച്ചാൽ നെയ്മാറിന്റെ പരിക്ക് വഷളാവും
പാരിസ് - റയൽ മഡ്രീഡിനെതിരായ നിർണായകമായ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാർട്ടറിൽ പി.എസ്.ജി നിരയിൽ നെയ്മാർ ഉണ്ടാവാൻ നേരിയ സാധ്യതയേ അവശേഷിക്കുന്നുള്ളൂ എന്ന് കോച്ച് ഉനായ് എമറി. ഞായറാഴ്ച കരുതിയതിനേക്കാളും മോശമാണ് കാര്യങ്ങൾ. എങ്കിലും റയലിനെതിരെ കളിക്കാൻ നെയ്മാറിന് അതീവ താൽപര്യമുണ്ടെന്ന് എമറി പറഞ്ഞു. മാർച്ച് ആറിന് പാരിസിലാണ് രണ്ടാം പാദം. മാഴ്‌സെക്കെതിരായ ഞായറാഴ്ചയിലെ ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ നെയ്മാറിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന വാർത്ത കോച്ച് നിഷേധിച്ചു. ബെർണബാവുവിൽ നടന്ന ആദ്യ പാദത്തിൽ റയൽ 3-1 ന് ജയിച്ചിരുന്നു.
തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ നെയ്മാറിന്റെ കാലിൽ എല്ലിന് പോറലുണ്ടെന്നും കണങ്കാൽ ഉളുക്കിയിട്ടുണ്ടെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ബ്രസീലിലെ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ശസ്ത്രക്രിയ എളുപ്പം തീരുമാനിക്കാവുന്ന കാര്യമല്ലെന്ന് എമറി വിശദീകരിച്ചു. അതിന് ഡോക്ടറുമായും കളിക്കാരനുമായും കളിക്കാരനുമായി ബന്ധപ്പെട്ടവരോടും ചർച്ച നടത്തേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വിലയേറിയ കളിക്കാരന്റെ പരിക്ക് ബ്രസീലിലും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ലോകകപ്പിൽ നെയ്മാറിന്റെ സാന്നിധ്യം അവർക്ക് പ്രധാനമാണ്. നെയ്മാർ പരിക്കേറ്റ് വിട്ടുനിന്ന കഴിഞ്ഞ ലോകകപ്പിലെ സെമിയിൽ ജർമനിയോട് ബ്രസീൽ 1-7 ന് നാണം കെട്ടിരുന്നു. അതിനു ശേഷം നെയ്മാറിന്റെ നേതൃത്വത്തിൽ ബ്രസീൽ റിയൊ ഒളിംപിക്‌സിൽ സ്വർണം നേടി ആത്മവിശ്വാസം വീണ്ടെടുത്തു. ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി.
പരിക്ക് ഗുരുതരമാണെങ്കിൽ എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തുന്നതിനെയാണ് ബ്രസീൽ പിന്തുണക്കുക. എങ്കിൽ മെയ് ആവുമ്പോഴേക്കും നെയ്മാറിന് കളിക്കളത്തിൽ തിരിച്ചെത്താനാവും. മതിയായ വിശ്രമം കിട്ടിയ നെയ്മാർ ലോകകപ്പിൽ ബ്രസീലിന് മുതൽക്കൂട്ടാവുകയും ചെയ്യും.
നെയ്മാറിന്റെ അസാന്നിധ്യം എങ്ങനെ പരിഹരിക്കുമെന്ന് പി.എസ്.ജി കോച്ച് ഉനായ് എമറി തല പുകക്കുമ്പോൾ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക് രണ്ടാം പാദത്തിനു മുമ്പ് വിശ്രമം അനുവദിച്ചിരിക്കുകയാണ് റയൽ മഡ്രീഡ് കോച്ച് സിനദിൻ സിദാൻ. ഇന്നലെ നടന്ന എസ്പാന്യോളിനെതിരായ കളിയിൽ ക്രിസ്റ്റ്യാനൊ ഇറങ്ങിയില്ല. ക്രിസ്റ്റ്യാനോയെ എപ്പോഴും പൂർണ ഫോമിൽ നിർത്തേണ്ടത് ആവശ്യമാണെന്നും ഇടക്ക് വിശ്രമം വേണമെന്ന് ക്രിസ്റ്റ്യാനോക്ക് തന്നെ അറിയാമെന്നും സിദാൻ പറഞ്ഞു.
റയലിനെതിരായി നെയ്മാറിനെ കളിപ്പിച്ചാൽ ഇപ്പോഴത്തെ എല്ലിലെ പോറൽ ശരിക്കും പൊട്ടലായി മാറുമെന്ന് ഫ്രഞ്ച് ദേശീയ ടീമിന്റെ മുൻ ഡോക്ടർ മാഴ്‌സെൽ ഫെരാറ്റ് അഭിപ്രായപ്പെട്ടു. ഉളുക്ക് മാത്രമേ ഉള്ളൂ എങ്കിൽ കണങ്കാൽ നന്നായി കെട്ടി നെയ്മാറിന് കളിക്കാനായേക്കുമെന്ന് ഫ്രഞ്ച് ദേശീയ ടീമിന്റെ ട്രയ്‌നിംഗ് സെന്ററിലെ മെഡിക്കൽ ഡിപ്പാർട്‌മെന്റ് മേധാവി പാസ്‌കൽ മെയ്ൽ വിലയിരുത്തി. എന്നാൽ എല്ലിന് പോറലുണ്ടെങ്കിൽ പ്രശ്‌നമാണ്.
വേദനാസംഹാരി ഇഞ്ചക്ഷൻ വെച്ച് എല്ലിലെ വേദന മാറ്റുക പ്രയാസമാണ്. മത്സരത്തിനിടെ പരിക്ക് വഷളാവാനും സാധ്യതയുണ്ട് -അദ്ദേഹം പറഞ്ഞു. സമാനമായ പരിക്കു കാരണമാണ് സിദാന് 2002 ലെ ലോകകപ്പ് നഷ്ടപ്പെടുത്തിയതെന്ന് മെയ്ൽ ചൂണ്ടിക്കാട്ടി.






