Sorry, you need to enable JavaScript to visit this website.

ചതിയിൽപെട്ട് ഹുറൂബിലായ വനിത  നവയുഗം തുണയിൽ നാട്ടിലേക്കു മടങ്ങി

കാമാച്ചി ദമാം വിമാനത്താവളത്തിൽ മഞ്ജു മണിക്കുട്ടനോടൊപ്പം.

ദമാം- സ്‌പോൺസറുടെ ചതി മൂലം നാട്ടിൽ പോകാനാവാതെ നിയമക്കുരുക്കിലായ തമിഴ് വനിത, ദമാം നവയുഗം സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് പൊടത്തൂർപെട്ട സ്വദേശിനിയായ വെങ്കടേശൻ കാമാച്ചി (45) ആണ് നവയുഗത്തിന്റെ സഹായത്തോടെ ദുരിതപർവം താണ്ടി നാടണഞ്ഞത്. 
നാലു വർഷം മുമ്പാണ് കാമാച്ചി ദമാമിലെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിയ്ക്കായി നാട്ടിൽനിന്ന് എത്തിയത്. രണ്ടു വർഷം ഒരു കുഴപ്പവുമില്ലാതെ ആ വീട്ടിൽ അവർ ജോലി ചെയ്തു. രണ്ടു വർഷം കഴിഞ്ഞപ്പോൾ, ഒരു ദിവസം സ്‌പോൺസർ കാമാച്ചിയെ ജുബൈലിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി, വേറൊരു സ്വദേശിയുടെ വീട്ടിൽ ജോലിയ്ക്ക് ഏൽപ്പിച്ചു. തന്റെ ബാധ്യത ഒഴിവാക്കാനായി സ്‌പോൺസർ രഹസ്യമായി, കാമാച്ചിയെ ഒളിച്ചോടിയ തൊഴിലാളി (ഹുറൂബ്) എന്ന് റിപ്പോർട്ട് ആക്കിയിരുന്നു. ഈ വിവരം കാമാച്ചി അറിഞ്ഞതുമില്ല. അവർ പുതിയ വീട്ടിൽ രണ്ടു വർഷത്തോളം ജോലി ചെയ്തു.
ആ വീട്ടിലെ ജോലി ദുരിതപൂർണമായിരുന്നു. പകലന്തിയോളം ജോലി ചെയ്യണമായിരുന്നു. ശമ്പളം വല്ലപ്പോഴും മാത്രമാണ് കിട്ടിയിരുന്നത്. പിന്നീട് അതും തീരെ കിട്ടാതെയായി. അതോടെ കാമാച്ചി ആകെ ദുരിതത്തിലായി. ജീവിതം അസഹനീയമായപ്പോൾ, കാമാച്ചി ജുബൈലിലെ തമിഴ് സാമൂഹ്യ പ്രവർത്തകനായ യാസീനെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. യാസീൻ, നവയുഗം ആക്ടിങ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചു. കാമാച്ചിയെ ദമാമിൽ എത്തിച്ചാൽ വേണ്ട സഹായം ചെയ്തു തരാമെന്നു മഞ്ജു അറിയിച്ചു. അതനുസരിച്ച് യാസീൻ കാമാച്ചിയെ ദമാമിൽ മഞ്ജുവിന്റെ വീട്ടിൽ എത്തിച്ചു. 
മഞ്ജു എല്ലാ വിവരങ്ങളും ഇന്ത്യൻ എംബസിയിൽ റിപ്പോർട്ട് ചെയ്യുകയും, കാമാച്ചിയ്ക്ക് എംബസിയിൽ നിന്ന് ഔട്ട്പാസ് എടുത്തു നൽകുകയും ചെയ്തു. അതോടൊപ്പം മഞ്ജു ദമാം വനിതാ അഭയകേന്ദ്രം വഴി കാമാച്ചിയ്ക്ക് ഫൈനൽ എക്‌സിറ്റും അടിച്ചു വാങ്ങി നൽകി. മഞ്ജുവിന്റെ അഭ്യർഥന മാനിച്ച്, ദമാമിലെ സാമൂഹ്യ പ്രവർത്തകരായ വെങ്കിടേഷിന്റെയും ആരിഫിന്റെയും നേതൃത്വത്തിൽ, ദമാം ഡി.എം.കെ പ്രവർത്തകർ, കാമാച്ചിയ്ക്ക് വിമാന ടിക്കറ്റ് എടുത്തു നൽകിയതോടെ മറ്റു നിയമ നടപടികളെല്ലാം പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞ് കാമാച്ചി കൂപ്പുകൈകളോടെ നാട്ടിലേയ്ക്ക് മടങ്ങി.

Tags

Latest News