ഇടുക്കി- പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. മൂന്നര വയസ് പ്രായം വരുന്ന പെൺകടുവയെയാണ് നെല്ലിക്കമ്പെട്ടി സെക്ഷനിൽ പട്രോളിംഗിന് പോയ ഉദ്യോഗസ്ഥർ ചത്തനിലയിൽ കണ്ടെത്തിയത്. ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
കടുവയുടെ ശരീരത്തിൽ പരിക്കോ മറ്റ് പാടുകളോ കണ്ടെത്തിയിട്ടില്ല. ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദിന്റെ നിർദേശത്തെ തുടർന്ന് പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സുനിൽ ബാബുവിന്റെ മേൽനോട്ടത്തിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ഗൈഡ്ലൈൻ പ്രകാരമായിരുന്നു നടപടികൾ.
കൃത്യമായ കാരണം വ്യക്തമാകണമെങ്കിൽ പരിശോധന ഫലം വരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അനുരാജ് പോസ്റ്റുമോർട്ടം നടപടികൾക്ക് നേതൃത്വം നൽകി.






