Sorry, you need to enable JavaScript to visit this website.

ഹൂത്തികൾ 1000 ലേറെ മസ്ജിദുകൾ തകർത്തു -റാജിഹ്

റിയാദ്- ആറു വർഷത്തിനിടെ ഹൂത്തി മിലീഷ്യകൾ യെമനിൽ 1000 ലേറെ മസ്ജിദുകൾ തകർത്തതായി യെമൻ പണ്ഡിത സംഘടന അംഗം ഡോ. മുഹമ്മദ് റാജിഹ് പറഞ്ഞു. മുൻ വർഷങ്ങളിൽ യെമനിലും യെമൻ ജനതക്കെതിരെയും ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യങ്ങളും കൂട്ടക്കുരുതികളും നശീകരണ പ്രവർത്തനങ്ങളുമാണ് ഹൂത്തികൾ നടത്തിയത്. 400 ലേറെ തഹ്ഫീസുൽ ഖുർആൻ സ്‌കൂളുകളും ഹൂത്തികൾ തകർത്തിട്ടുണ്ട്. 4000 ലേറെ മസ്ജിദുകൾ ഹൂത്തികൾ കൊള്ളയടിച്ചു. യെമനിൽ ഇറാനിയൻ സ്വഫവി അന്ധവിശ്വാസങ്ങളും ആഭിചാരങ്ങളും ഹൂത്തികൾ പ്രചരിപ്പിക്കുകയാണ്. വികലമായ ആശയങ്ങൾക്കെതിരെ പോരാടുന്നതിലും ബോധവൽക്കരണം നടത്തുന്നതിലും യെമനിലെ പണ്ഡിതർ തങ്ങളുടെ കടമ നിർവഹിക്കുന്നുണ്ടെന്നും ഡോ. മുഹമ്മദ് റാജിഹ് പറഞ്ഞു.
അതേസമയം, മാരിബ് ഗവർണറേറ്റിലെ ഹരീബ് ജില്ല ഹൂത്തികളിൽ നിന്ന് പൂർണമായും സ്വതന്ത്രമാക്കാൻ യെമൻ സൈന്യം ആക്രമണം രൂക്ഷമാക്കിയിട്ടുണ്ട്. ഹരീബ് ജില്ല വീണ്ടെടുക്കാൻ നടത്തുന്ന യുദ്ധത്തിൽ യെമൻ സൈന്യം വലിയ നേട്ടങ്ങൾ കൈവരിക്കുകയും ഹൂത്തികൾക്ക് വൻ ആഘാതമേൽപിക്കുകയും ചെയ്തിട്ടുണ്ട്. ഹരീബിൽ ഹൂത്തികളുടെ സൂപ്പർവൈസർ അബ്ദുൽഫത്താഹ് അൽശരീഫ് യെമൻ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇയാൾക്കു പുറമെ മറ്റു രണ്ടു ഹൂത്തി നേതാക്കളും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഹരീബിന് കിഴക്ക് ഹിൽവ പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം പിടിച്ചടക്കിയിട്ടുണ്ട്. 
ഈ മാസം പത്തോടെ ശബ്‌വ ഗവർണറേറ്റിലെ മുഴുവൻ ജില്ലകളും സ്വതന്ത്രമാക്കാൻ യെമൻ സൈന്യത്തിന് സാധിച്ചു. ശബ്‌വ ഗവർണറേറ്റ് ഹൂത്തികളിൽനിന്ന് സ്വതന്ത്രമാക്കാൻ ഈ മാസാദ്യം മുതലാണ് യെമൻ സൈന്യം ശക്തമായ ആക്രമണം ആരംഭിച്ചത്. ഈ ദൗത്യത്തിൽ യെമൻ സൈന്യത്തിന് സഖ്യസേന പിന്തുണ നൽകി. ശബ്‌വ ഗവർണറേറ്റ് പൂർണമായും സ്വതന്ത്രമാക്കിയതിനെ തുടർന്നാണ് ഹരീബ് ജില്ല പൂർണമായും തിരിച്ചുപിടിക്കാനുള്ള സൈനിക ഓപറേഷന് യെമൻ സൈന്യം തുടക്കമിട്ടത്. 

Tags

Latest News