എൺപതുകൾ വരെ പൗരത്വത്തെക്കുറിച്ച് ഫിഫക്ക് വ്യക്തമായ നിബന്ധനകളൊന്നുമുണ്ടായിരുന്നില്ല. ഒരാൾക്ക് താൻ ഇഷ്ടപ്പെടുന്ന രാജ്യത്തിന് കളിക്കാമായിരുന്നു. ജീവിക്കുന്ന നാടിനു വേണ്ടിയോ മാതാപിതാക്കളുമായി ബന്ധമുള്ള നാടിനു വേണ്ടിയോ ക്ലബ് ഫുട്‌ബോൾ കളിക്കാനായി എത്തിയ നാടിനു വേണ്ടിയോ ആണ് പലരും ഇതുപോലെ കളിച്ചത്. താൻ ജനിച്ചതല്ലാത്ത നാട്ടിന് കളിക്കുന്നവർ ഒറിയുണ്ടി എന്ന് അറിയപ്പെട്ടു. ഇറ്റലിക്കു കളിച്ച ഒറിയുണ്ടികൾ മാത്രം ഡസൻ കണക്കിനു വരും. 1934 ലെ ലോകകപ്പ് ജയിച്ച ഇറ്റാലിയൻ ടീമിൽ വിദേശത്ത് ജനിച്ച ഏഴു പേരുണ്ടായിരുന്നു. 1930 ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ കുപ്പായമിട്ട ലൂയിസിറ്റൊ മോണ്ടി ഉൾപ്പെടെ. വിദേശത്ത് ജനിച്ച നാലു പേരുമായാണ് ഫ്രാൻസ് 1998 ൽ ലോകകപ്പ് നേടിയത്. എന്നാൽ തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കളിക്കാരെ പണം കൊടുത്ത് റാഞ്ചാൻ ചില രാജ്യങ്ങൾ ശ്രമിച്ചതോടെ ഫിഫ പൗരത്വ നിയമം കർക്കശമാക്കി. 2004 ൽ ബ്രസീലുകാരൻ അയ്ൽടന് ഖത്തർ വാഗ്ദാനം ചെയ്തത് തുടക്കത്തിൽ 10 ലക്ഷം യൂറോയും പ്രതിവർഷം നാല് ലക്ഷം യൂറോയുമായിരുന്നു. ആ നീക്കം ഫിഫ തടഞ്ഞു.
ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കാതിരുന്ന കളിക്കാരിൽ ഏറ്റവും പ്രമുഖനായി എണ്ണപ്പെടാറ് ആൽഫ്രെഡൊ ഡി സ്റ്റെഫാനോയാണ്. രണ്ട് രാജ്യങ്ങൾക്കു കളിച്ചിട്ടും അദ്ദേഹത്തിന് ലോകകപ്പിൽ മുഖം കാണിക്കാനായില്ല. അർജന്റീനക്കും സ്‌പെയിനിനും. റയൽ മഡ്രീഡിന്റെ ട്രയ്‌നിംഗ് ഗ്രൗണ്ട് അറിയപ്പെടുന്നത് ഡി സ്റ്റെഫാനോയുടെ പേരിലാണ്.
ഹംഗറി ലോക ഫുട്‌ബോൾ വാണ കാലത്ത് മാജിക്കൽ മാഗ്യാറുകളുടെ മുന്നണിപ്പോരാളിയായിരുന്നു ഫെറഞ്ച് പുഷ്‌കാസ്. 85 തവണ ഹംഗറിയുടെ കുപ്പായമിട്ടു. എന്നാൽ ഹംഗറിയിൽ റഷ്യ അധിനിവേശം നടത്തിയതോടെ അദ്ദേഹം ജന്മനാടിനെ ഉപേക്ഷിച്ചു. ഹംഗറിക്കും സ്‌പെയിനിനും വേണ്ടി അദ്ദേഹം ലോകകപ്പിൽ കളിച്ചു.
ലാസ്‌ലൊ കുബാല മൂന്നു രാജ്യത്തിന്റെ കുപ്പായമിട്ടിട്ടുണ്ട്. ആദ്യം താൻ വളർന്ന ചെക്കൊസ്ലൊവാക്യക്കു വേണ്ടി. പിന്നീട് ജന്മനാടായ ഹംഗറിക്കു വേണ്ടി. ഒടുവിൽ സ്‌പെയിനിനു വേണ്ടിയും. എന്നിട്ടും ലോകകപ്പിൽ മുഖം കാണിക്കാനായില്ല. ആൽഫ്രെഡൊ ഡി സ്റ്റെഫാനോയും കുബാലയും 1962 ലെ ലോകകപ്പിൽ സ്‌പെയിൻ ടീമിലുണ്ടായിരുന്നു. ഇരുവർക്കും പരിക്കു കാരണം കളിക്കാനായില്ല. ജോസ് അൽതാഫിനി 1958 ൽ ബ്രസീലിനു വേണ്ടിയും 1962 ൽ ഇറ്റലിക്കു വേണ്ടിയും ലോകകപ്പ് കളിച്ചു. 1958 ലെ ലോകകപ്പിൽ കളിക്കുമ്പോൾ മസോല എന്നാണ് അറിയപ്പെട്ടിരുന്നത്. അത്തവണ ബ്രസീൽ ടീമിൽ പെലെ കഴിഞ്ഞാൽ പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു.
ഗോൺസാലൊ ഹിഗ്വയ്‌നെയും യുസേബിയോയെയും പോലെ ഒരു രാജ്യത്ത് ജനിക്കുകയും മറ്റൊരു രാജ്യത്തിനു വേണ്ടി കളിക്കുകയും ചെയ്ത നിരവധി പേരുണ്ട്. മൊസാംബിക്കിലാണ് യുസേബിയൊ ജനിച്ചത്. പ്രശസ്തനായത് പോർചുഗൽ ജഴ്‌സിയിലായിരുന്നു. ഹിഗ്വയ്ൻ ജനിച്ചത് ഫ്രാൻസിലാണ്, കളിച്ചത് അർജന്റീനക്കു വേണ്ടിയും. 2010 ലെ ലോകകപ്പിൽ ജർമനി-ഘാനാ മത്സരത്തിൽ രണ്ട് സഹോദരന്മാർ എതിർ ടീമുകളിൽ കളിച്ചു. ജെറോം ബൊയതെംഗ് ജർമൻ ടീമിലും സഹോദരൻ കെവിൻ പ്രിൻസ് ബൊയതെംഗ് ഘാനാ ടീമിലും.
ഫിഫ നിയമങ്ങൾ കർക്കശമാക്കിയിട്ടും പല ടീമുകളിലും വിദേക വംശജരുണ്ട്. ഖത്തർ ടീമിൽ പത്തിലേറെ രാജ്യങ്ങളിൽ ജനിച്ചവരുണ്ട്. എങ്കിലും ഔദ്യോഗിക സീനിയർ മത്സരങ്ങളിൽ ഒരു രാജ്യത്തെ പ്രതിനിധീകരിച്ചവർക്ക് മറ്റൊരു രാജ്യത്തിന് കളിക്കുക ഇപ്പോൾ ബുദ്ധിമുട്ടാണ്. പല കളിക്കാർക്കും ഏതു രാജ്യത്തിനു കളിക്കണമെന്ന് നിശ്ചയിക്കുക പ്രയാസമാണ്. നൈജീരിയൻ പിതാവിനും ജർമൻ മാതാവിനും ഇംഗ്ലണ്ടിലാണ് ജമാൽ മുസിയാല ജനിച്ചത്. യൂത്ത് ഫുട്‌ബോളിൽ ജർമനിയെയും ഇംഗ്ലണ്ടിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. സീനിയർ തലത്തിൽ ജർമനിയെ സ്വീകരിക്കേണ്ടി വന്നു മുസിയാലക്ക്.