ലൂയിസിറ്റൊ മോണ്ടിയും എയ്ഞ്ചലൊ ഷിയാവിയോയും ക്ലബ് ഫുട്‌ബോളിൽ ബദ്ധശത്രുക്കളായിരുന്നു. മോണ്ടി യുവന്റസിന്റെയും ഷിയാവിയൊ ബൊളോനയുടെയും കളിക്കാരായിരുന്നു. പല തവണ അവർ കളിക്കളത്തിൽ അടി കൂടിയിട്ടുണ്ട്. 1932 ൽ ഇറ്റാലിയൻ ലീഗ് കലാശപ്പോരാട്ടത്തിനിടെ ഷിയാവിയോയെ മോണ്ടി ചവിട്ടിവീഴ്ത്തി. തോൽവിയുടെ വക്കിൽ നിന്ന് യുവന്റസ് കിരീടം നേടി. ക്രിമിനൽ എന്നാണ്് മോണ്ടിയെ ഷിയാവിയൊ വിളിച്ചത്. ലോകകപ്പ് സമയത്ത് ഇറ്റലിയുടെ വിഖ്യാത കോച്ച് വിറ്റോറിയൊ പോസൊ ഇരുവരെയും ഒരു മുറിയിൽ താമസിപ്പിച്ചു. ഇരുവരുടെയും ഉജ്വല പ്രകടനത്തിലൂടെ ഇറ്റലി കിരീടം നേടി.
അറ്റിലിയൊ ഫെരാരിസ് എന്ന മിഡ്ഫീൽഡർ മുഴുക്കുടിയനായിരുന്നു. ചൂതാട്ടമാണ് ഹോബി. ലോകകപ്പിന് മുമ്പ് ഒന്നര വർഷത്തോളം അയാളെ ഇറ്റലിയുടെ ടീമിലേക്ക് അടുപ്പിച്ചില്ല. പക്ഷേ ലോകകപ്പിന് മുമ്പ് കോച്ച് പോസൊ അയാളെത്തേടി റോമിലെ ഒരു വഴിയമ്പലത്തിലെത്തി. സിഗരറ്റും മദ്യവുമൊക്കെ ഉപേക്ഷിച്ച് എന്റെ കൂടെ വരൂ, ലോകകപ്പ് കളിക്കാം എന്നു പറഞ്ഞു. മദ്യലഹരിയിലായിരുന്നിട്ടും ഫെരാരിസ് ആ നിർദേശം അനുസരിച്ചു.
റേഡിയോയിലൂടെ മത്സരങ്ങളുടെ തൽസമയ വിവരണം പങ്കെടുത്ത 12 രാജ്യങ്ങളിൽ ലഭ്യമായ ആദ്യത്തെ ലോകകപ്പായിരുന്നു 1934 ലേത്.
നിലവിലെ ചാമ്പ്യന്മാർ പങ്കെടുക്കാതിരുന്ന ഒരേയൊരു ലോകകപ്പ്. 1930 ൽ ഉറുഗ്വായിൽ നടന്ന ലോകകപ്പിനെ മിക്ക യൂറോപ്യൻ രാജ്യങ്ങളും അവഗണിച്ചതിനോടുള്ള പ്രതിഷേധമാവാം കാരണം.
ലോകകപ്പിൽ ആദ്യമായി എക്‌സ്ട്രാ ടൈം കളിച്ചത് 1934 ലായിരുന്നു. ഓസ്ട്രിയയും ഫ്രാൻസും തമ്മിലുള്ള കളിയിൽ. ആ കാലത്തെ മികച്ച ടീമുകളിലൊന്നായ ഓസ്ട്രിയ 3-2 ന് ജയിച്ചു.
ആഫ്രിക്കയിൽ നിന്ന് ആദ്യമായി ഒരു ടീം ലോകകപ്പിൽ പങ്കെടുക്കുന്നത് 1934 ലാണ്. ഈജിപ്ത്. അവർ ആദ്യ കളിയിൽ ഹംഗറിയോട് തോറ്റ് പുറത്തായി.
രണ്ട് രാജ്യങ്ങൾക്കു വേണ്ടി ലോകകപ്പ് ഫൈനൽ കളിച്ച ഒരേയൊരു കളിക്കാരനാണ് ലൂയിസിറ്റൊ മോണ്ടി. 1930 ലെ ലോകകപ്പിൽ കളിച്ച അർജന്റീനാ ടീമിൽ അംഗമായിരുന്നു മോണ്ടി. 1934 ൽ ഇറ്റാലിയൻ ടീമിലെത്തി. ഇറ്റലിയുടെ ടീമിലുണ്ടായിരുന്ന അഞ്ച് ലാറ്റിനമേരിക്കക്കാരിലൊരാളായിരുന്നു മോണ്ടി.
ലോകകപ്പ് നഷ്ടപ്പെടുന്നതിന് എട്ട് മിനിറ്റ് അരികിലായിരുന്നു 1934 ൽ ഇറ്റലി. ഫൈനലിൽ എൺപത്തിരണ്ടാം മിനിറ്റിലാണ് ചെക്കൊസ്ലാവാക്യക്കെതിരെ അവർ സമനില ഗോളടിച്ചത്. എക്‌സ്ട്രാ ടൈമിൽ വിജയിക്കുകയും ചെയ്തു. മറ്റൊരു ടീമും ലോകകപ്പ് ഫൈനലിൽ പരാജയത്തിന് ഇത്ര അടുത്തെത്തിയ ശേഷം ജയിച്ചിട്ടില്ല.