റിയാദ് - സൗദിയിൽ കോവിഡ് ബാധിതർക്കിടയിൽ രോഗമുക്തി നിരക്ക് 92.4 ശതമാനമായി കുറഞ്ഞതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ അറിയിച്ചു. ഗൾഫിലെ മൊത്തം രോഗമുക്തി നിരക്ക് 93.1 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ഗൾഫിൽ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതൽ ഒമാനിലും കുറവ് ഖത്തറിലുമാണ്. ഒമാനിൽ 97.1 ശതമാനവും യു.എ.ഇയിൽ 94.9 ശതമാനവും ബഹ്‌റൈനിൽ 93.8 ശതമാനവും കുവൈത്തിൽ 91.5 ശതമാനവും ഖത്തറിൽ 87 ശതമാനവുമാണ് രോഗമുക്തി നിരക്ക്.
വെള്ളിയാഴ്ച ഗൾഫ് രാജ്യങ്ങളിൽ 19,941 പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചു. യു.എ.ഇയിൽ 3,068 ഉം ബഹ്‌റൈനിൽ 2,241 ഉം സൗദിയിൽ 5,628 ഉം ഖത്തറിൽ 4,123 ഉം കുവൈത്തിൽ 4,881 ഉം പേർക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ഒമാനിൽ സ്ഥിരീകരിച്ച കൊറോണ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച ഗൾഫിൽ അഞ്ചു കൊറോണ രോഗികൾ മരണപ്പെട്ടു. സൗദിയിൽ രണ്ടു പേരും യു.എ.ഇയിൽ മൂന്നു രോഗികളുമാണ് മരണപ്പെട്ടത്. മറ്റു നാലു ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ച കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച അർധ രാത്രി വരെ ഗൾഫിൽ 27,64,472 പേർക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തിൽ 25,72,922 പേർ രോഗമുക്തി നേടുകയും 19,701 പേർ മരണപ്പെടുകയും ചെയ്തു. ആറു ഗൾഫ് രാജ്യങ്ങളിലും കൂടി ഇതുവരെ 9,87,74,449 ഡോസ് വാക്‌സിൻ വിതരണം ചെയ്തതായും ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ അറിയിച്ചു.






