Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസോളിനിയുടെ ഇറ്റലി, പോസോയുടെ ഇറ്റലി

1934 ഇറ്റലി -1934 മെയ് 27-10 ജൂൺ

മുപ്പതുകളുടെ തുടക്കം. യൂറോപ്പ് രാഷ്ട്രീയച്ചൂടിൽ ഇളകിമറിയുകയായിരുന്നു. ഇറ്റലിയിൽ ബെനിറ്റൊ മുസോളിനിയും ജർമനിയിൽ അഡോൾഫ് ഹിറ്റ്‌ലറും തീവ്രദേശീയതയുടെ വിഷവിത്തുകൾ പാകാൻ കായികവേദിയെ ഉപയോഗിച്ചു. 1934 ൽ ഇറ്റലിയിൽ നടന്ന ലോകകപ്പ് ഫുട്‌ബോളിനെ മുസോളിനിയും 1936 ൽ ബെർലിൻ ഒളിംപിക്‌സിനെ ഹിറ്റ്‌ലറും ഫാസിസ്റ്റ്, നാസി പ്രചാരണത്തിന്റെ വേദിയാക്കി. ഇറ്റലി ജയിച്ചാൽ സമ്മാനിക്കാൻ ലോകകപ്പിനെ നിഷ്പ്രഭമാക്കുന്ന മറ്റൊരു ട്രോഫി മുസോളിനി തയാറാക്കി വെച്ചിരുന്നു. എന്നാൽ  സാധാരണ ഫുട്‌ബോൾ പ്രേമിക്ക് ഇതൊക്കെ ഒരു പ്രശ്‌നമായിരുന്നുവോയെന്ന് സംശയമായിരുന്നു. 'ദ വേൾഡ് കപ്പ് -ദ ഡെഫിനിറ്റിവ് ഗൈഡ്'  എന്ന പുസ്തകത്തിൽ നിക് ഹോൾട് ചൂണ്ടിക്കാണിച്ചതു പോലെ, പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ഉത്തര കൊറിയയുടെ ആണവ മിസൈലുമൊന്നും ഇന്നത്തെ സാധാരണ ഫുട്‌ബോൾ പ്രേമിയെ അലട്ടാത്തതു പോലെ അന്നും യുദ്ധത്തിന്റെ കാർമേഘങ്ങൾ ഫുട്‌ബോൾ പ്രേമികൾക്ക് വലിയ പ്രശ്‌നമായിരുന്നില്ല. പൊതുസമൂഹത്തിൽ ബഹുഭൂരിഭാഗത്തിന്റെയും നിസ്സംഗതയാണ് പലപ്പോഴും ഹിറ്റ്‌ലർമാരും മുസോളിനിമാരും വാഴാൻ തന്നെ കാരണം. 
ഓസ്ട്രിയയുടെ വണ്ടർ ടീം ജയിക്കുമെന്നു കരുതിയ ലോകകപ്പായിരുന്നു 1934 ലേത്. പക്ഷേ തുടർച്ചയായ രണ്ടാം തവണയും ആതിഥേയർ തന്നെ ചാമ്പ്യന്മാരായി. ആ ലോകകപ്പിന് മുമ്പ് 12 തവണ ഓസ്ട്രിയയെ നേരിട്ടതിൽ ഒരിക്കൽ മാത്രമാണ് ഇറ്റലിക്ക് ജയിക്കാനായത്. എന്നാൽ ലോകകപ്പിൽ സെമിയിൽ ഓസ്ട്രിയയെ ഇറ്റലി മുട്ടുകുത്തിച്ചു. 
ഇറ്റലിയെ ആതിഥേയ രാജ്യമായി തെരഞ്ഞെടുക്കാൻ എട്ടു തവണ ഫിഫക്ക് യോഗം ചേരേണ്ടി വന്നു. സ്വീഡനെയാണ് ഇറ്റലി മറികടന്നത്. എട്ട് നഗരങ്ങളിൽ മത്സരം നടന്നു. റോം, നേപ്പ്ൾസ്, മിലാൻ, ട്രിയെസ്റ്റ്, ജിനോവ, ഫ്‌ളോറൻസ്, ബൊളോന, ടൂറിൻ എന്നിവിടങ്ങളിൽ. 16 ടീമുകളാണ് രണ്ടാം ലോകകപ്പിൽ മത്സരിച്ചത്. അതിൽ പന്ത്രണ്ടും യൂറോപ്പിൽ നിന്നായിരുന്നു. അവശേഷിച്ച നാലു ടീമുകളിലൊന്ന് ആഫ്രിക്കയിൽനിന്ന്. ഈജിപ്തായിരുന്നു ആഫ്രിക്കയുടെ ആദ്യ ലോകകപ്പ് പ്രതിനിധി. അമേരിക്കൻ വൻകരയിൽനിന്ന് മൂന്നു ടീമുകൾ വന്നെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വായ് വിട്ടുനിന്നു, പ്രഥമ ലോകകപ്പിനെ യൂറോപ്പ് അവഗണിച്ചതിന് തിരിച്ചടി. ആദ്യമായി നിലവിലെ ചാമ്പ്യന്മാരില്ലാതെ ലോകകപ്പ് നടന്നു. ഫുട്‌ബോളിന്റെ ജന്മദേശമായ ബ്രിട്ടൻ രണ്ടാം ലോകകപ്പിലും പുറംതിരിഞ്ഞുനിന്നു. അവർ അന്ന് ഫിഫ അംഗം പോലുമായിരുന്നില്ല.  
32 ടീമുകൾ മത്സരിക്കാൻ മുന്നോട്ടു വന്നതിനാൽ ആദ്യമായി യോഗ്യതാ റൗണ്ട് നടത്തി. കൗതുകമെന്നു പറയാം, ആതിഥേയരും യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തു. ആതിഥേയർ ലോകകപ്പിന് യോഗ്യത നേടേണ്ടി വന്ന ഒരേയൊരു ലോകകപ്പായിരുന്നു അത്. ലാറ്റിനമേരിക്കയിൽനിന്ന് ചിലെയും പെറുവും പിന്മാറിയതിനാൽ അർജന്റീനയും ബ്രസീലും യോഗ്യതാ മത്സരം കളിക്കാതെ ഫൈനൽ റൗണ്ടിലെത്തി. 
1934 ലെ ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത നോക്കൗട്ട് അടിസ്ഥാനത്തിലായിരുന്നു ടൂർണമെന്റ് എന്നതായിരുന്നു. 10,000 കിലോമീറ്ററോളം സഞ്ചരിച്ചെത്തിയ അർജന്റീനയും ബ്രസീലും ആദ്യ മത്സരം തന്നെ തോറ്റ് മടങ്ങി. ടൂർണമെന്റിനായി ഇറ്റലിയിലെത്തിയ മെക്‌സിക്കോക്ക് ഒരു മത്സരം പോലും കളിക്കാനായില്ല. ക്യൂബയെ തോൽപിച്ച് അവർ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയതായിരുന്നു. എന്നാൽ അവസാന നിമിഷം അമേരിക്ക മുന്നോട്ടു      വന്നതോടെ മറ്റൊരു യോഗ്യതാ മത്സരം കളിക്കാൻ മെക്‌സിക്കൊ നിർബന്ധിതരായി. റോമിൽ ഇറങ്ങിയതിന് തൊട്ടു പിന്നാലെ കളിച്ച ഈ യോഗ്യതാ മത്സരത്തിൽ മെക്‌സിക്കൊ 2-4 ന് തോറ്റു. ലോകകപ്പ് തുടങ്ങുന്നതിന് മൂന്നു ദിവസം മുമ്പായിരുന്നു ഈ മത്സരം. അമേരിക്കയുടെ നാലു ഗോളും നേടിയത് ഇറ്റാലിയൻ വംശജനായ ആൾഡൊ ഡൊണേലി ആയിരുന്നു. 
1930 ലെ ലോകകപ്പിൽ കളിച്ച ഒരു കളിക്കാരനും അർജന്റീനാ നിരയിലുണ്ടായിരുന്നില്ല. അവരുടെ കളിക്കാരിൽ പലരെയും ഇറ്റലി റാഞ്ചിയിരുന്നു. 1930 ലെ അർജന്റീനാ ടീമിലുണ്ടായിരുന്ന ലൂയിസിറ്റൊ മോണ്ടിയും റയ്മണ്ടൊ ഓർസിയും എൻറിക് ഗ്വയ്തയും ഇത്തവണ ഇറ്റലിയുടെ കുപ്പായത്തിലായിരുന്നു. ഇറ്റാലിയൻ വംശജരാണെന്ന അടിസ്ഥാനത്തിലായിരുന്നു ഈ റാഞ്ചൽ. അർജന്റീന ആദ്യ റൗണ്ടിൽ പുറത്തായി. 
നോക്കൗട്ടടിസ്ഥാനത്തിലായിരുന്നു ടൂർണമെന്റ് നടത്തിയത്. മുസോളിനിയുടെ കഴുകൻ കണ്ണുകളുടെ നിഴലിലായിരുന്നു ഇറ്റലി കളിച്ചത്. അമേരിക്കയെ അവർ 7-1 ന് തോൽപിച്ചു. എയ്ഞ്ചലൊ ഷിയാവൊ ലോകകപ്പ് ഹാട്രിക് നേടുന്ന ആദ്യ യൂറോപ്യനായി. ഓസ്ട്രിയ, ചെക്കൊസ്ലൊവാക്യ, ജർമനി, ഹംഗറി, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലന്റ് ടീമുകളും ക്വാർട്ടറിലെത്തി. സ്‌പെയിനിനെ ക്വാർട്ടറിൽ ഇറ്റലി ചവിട്ടിമെതിക്കുകയായിരുന്നു. എക്‌സ്ട്രാ ടൈം വരെ പൊരുതിയിട്ടും കളി 1-1 ആയി. ടീമിന്റെ പ്രചോദന കേന്ദ്രമായ ഗോളി റിക്കാഡൊ സമോറക്ക് പരിക്കേറ്റു. സമോറയില്ലാതെയാണ് സ്‌പെയിൻ റീപ്ലേയിൽ ഇറങ്ങിയത്. അതിൽ മൂന്ന് സ്‌പെയിൻ കളിക്കാർ കൂടി പരിക്കേറ്റ് വീണു. 1-0 ത്തിന് ഇറ്റലി ജയിച്ചു. ലോകകപ്പ് ചരിത്രത്തിലൊരിക്കലും രണ്ടു ടീമുകൾക്ക് 24 മണിക്കൂർ ഇടവേളയിൽ 210 മിനിറ്റ് നേരം പൊരുതേണ്ടി വന്നിട്ടില്ല. 
സെമിയിൽ ഓസ്ട്രിയയുടെ സൂപ്പർ താരനിരയെ ഇറ്റലി 3-1 ന് മറികടന്നു. ചെക്കൊസ്ലൊവാക്യക്കെതിരായ ഫൈനലിന്റെ വേദി നാഷനൽ ഫാസിസ്റ്റ് പാർട്ടി സ്റ്റേഡിയമായിരുന്നു. എഴുപതാം മിനിറ്റിൽ അര ലക്ഷത്തോളം കാണികളെ നിശ്ശബ്ദരാക്കി ചെക്കുകാർ 1-0 ത്തിന് മുന്നിലെത്തി. മറ്റൊരു ഷോട്ടിന് പോസ്റ്റ് തടസ്സം നിന്നു. അർജന്റീനൻ വംശജനായ റെയ്മുണ്ടൊ ഓർസി ഫൈനൽ വിസിലിന് അൽപം മുമ്പ് ഇറ്റലിക്ക് സമനില നൽകി. എക്‌സ്ട്രാ ടൈമിൽ ഷിയാവോയുടെ ഗോളിൽ ഇറ്റലി വിജയിക്കുകയും ചെയ്തു. രണ്ടാം തവണയും ആതിഥേയ രാജ്യം ചാമ്പ്യന്മാരായി. 
ഫൈനലിൽ രണ്ടു ടീമിനെയും നയിച്ചത് ഗോളിമാരായിരുന്നു. ജിയാംപിയറൊ കോമ്പി ഇറ്റലിയുടെ എക്കാലത്തെയും മികച്ച ഗോളിയായാണ് കരുതപ്പെടുന്നത്. ഫ്രാന്റിസെക് പ്ലാനിക്കയായിരുന്ന ചെക് ഗോൾകീപ്പർ. കോഴ വാങ്ങിയതിന് ഇറ്റലിയുടെ ലൂയിജി അലെമാണ്ടിക്ക് ആയുഷ്‌കാല വിലക്ക് പ്രഖ്യാപിച്ചതായിരുന്നു. എന്നാൽ ഫൈനലിന് മുമ്പ് വിലക്ക് നീക്കി. എക്‌സ്ട്രാ ടൈം കണ്ട ആദ്യ ലോകകപ്പ് മത്സരമാണ് 1934 ലെ ഓസ്ട്രിയ - ഫ്രാൻസ്. നിശ്ചിത സമയത്തെ 1-1 നു ശേഷം ഓസ്ട്രിയയുടെ വണ്ടർ ടീം 3-2 ന് ജയിച്ചു. 

Latest News