Sorry, you need to enable JavaScript to visit this website.

കാളക്ക് മുഖ്യമന്ത്രി വക കാർ; അതിസാഹസികതയുടെ കാഴ്ചയായി ആവണിപുരം ജെല്ലിക്കെട്ട്

ഇടുക്കി- മത്ത് പിടിച്ചോടുന്ന ജല്ലിക്കെട്ട് കാളക്കൂറ്റൻമാരെ കായബലം കൊണ്ട് പിടിച്ചുകെട്ടാൻ ജീവൻ കൈയിൽ പിടിച്ച് പൊരുതുന്ന മനുഷ്യർ. ആവേശത്തിൽ ആർപ്പുവിളിക്കുന്ന ആയിരങ്ങൾ. ചോര ചിന്തിയ സാഹസികതയുടെ പകൽ ഒടുങ്ങിയപ്പോൾ 80 പേർക്ക് കാളയുടെ കുത്തേറ്റ് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരം. കീഴടക്കാൻ എത്തിയവരുടെ കൈക്കരുത്തിന് വഴങ്ങാതിരുന്ന കാളയുടെ ഉടമക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വക ഡാട്‌സൺ കാർ സമ്മാനം. തമിഴ് ദേശീയോത്സവമായ പൊങ്കൽ പൊലിപ്പിക്കാൻ മധുരക്കടുത്ത്  ആവണിപുരത്ത് നടന്ന ജെല്ലിക്കെട്ട് അതിസാഹസികതയുടെ നേർക്കാഴ്ചയായി.  


കോടതി നിർദേശ പ്രകാരം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തുറന്നു വിടുന്ന കാളകളെ പിടികൂടുന്നതിനായി ഒരു സംഘത്തിൽ മുപ്പത് പേർക്ക് മാത്രമായിരുന്നു അനുവാദം. ഓൺ ലൈൻ രജിസ്‌ട്രേഷനിൽ 4554 കാളകളെ പങ്കെടുപ്പിക്കുവാൻ അപേക്ഷ കിട്ടിയെങ്കിലും 652 കാളകളെയാണ് അനുവദിച്ചത്. കാളകളെ പിടിക്കുന്നതിനായി പേര് നൽകിയ 2001 പേരിൽ അനുമതി കിട്ടിയത്  294 പേർക്ക്.
തമിഴ്‌നാട് രജിസ്‌ട്രേഷൻ മന്ത്രി പി. മൂർത്തി,  ധനമന്ത്രി പി. ടി. ആർ പളനിവേൽ ത്യാഗരാജൻ എന്നിവർ ജല്ലിക്കെട്ട്  ഉദ്ഘാടനം ചെയ്തു. 2000 പോലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചത്. ഫയർ ഫോഴ്‌സ്, ആംബുലൻസ് എന്നിവക്ക് പുറമേ പരിക്കേൽക്കുന്ന കാളകൾക്ക് പരിചരണം നൽക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ മെഡിക്കൽ സംഘത്തെയും സജ്ജീകരിച്ചിരുന്നു. 


24 കാങ്കയം കാളകളെ പിടികൂടിയ ആവണിയാപുരം സ്വദേശി കാർത്തിക് ഒന്നാം സമ്മാനം നേടി. 19 കാളകളെ കീഴടക്കിയ വലയംകുളം സ്വദേശി മുരുകൻ രണ്ടാം സ്ഥാനത്തിനും 11 കാളകളെ പിടിച്ചു നിർത്തിയ വാളയംകുടി സ്വദേശി ഭരത് മൂന്നാം സ്ഥാനത്തിനും അർഹനായി. ആൾ ബലത്തിന് കീഴടങ്ങാതിരുന്ന മന്നപ്പാറ സ്വദേശി ദൈവസഹായത്തിന്റെ കാള ഒന്നാം സ്ഥാനവും ആവണിയാപുരം സ്വദേശികളായ രാമുവിന്റെയും പാർത്ഥിപന്റെയും കാളകൾ രണ്ടും മൂന്നും സ്ഥാനവും നേടി. 

Latest News