Sorry, you need to enable JavaScript to visit this website.

വാഹന കവർച്ചാ സംഘങ്ങൾ അറസ്റ്റിൽ

റിയാദ് - രണ്ടു വാഹന കവർച്ചാ സംഘങ്ങളെ റിയാദിൽ നിന്നും കിഴക്കൻ പ്രവിശ്യയിൽ നിന്നും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. റിയാദിൽ പത്തംഗ സംഘമാണ് അറസ്റ്റിലായത്. സംഘത്തിൽ ആറു പേർ സൗദി യുവാക്കളും രണ്ടു പേർ നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന നൈജീരിയക്കാരും രണ്ടു പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. ഇവർ കവർന്ന് കൈക്കലാക്കിയ 79 കാറുകൾ സുരക്ഷാ വകുപ്പുകൾ വീണ്ടെടുത്തു.
കവർന്ന കാറുകളിൽ കറങ്ങി വഴിപോക്കരെ ആക്രമിച്ച് പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയും വീടുകളിൽ കവർച്ച നടത്തുകയും ആളുകളെ തന്ത്രപൂർവം വലയിൽ വീഴ്ത്തി വിജനമായ സ്ഥലങ്ങളിലെത്തിച്ച് പണവും വിലപിടിച്ച വസ്തുക്കളും തട്ടിപ്പറിക്കുകയുമാണ് സംഘം ചെയ്തിരുന്നത്. സംഘം നിരവധി ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിൽ പെട്ട ബഖീഖിൽ കാർ സർവീസ് സെന്ററിൽ നിന്ന് കാർ കവർന്ന മൂന്നംഗ സംഘമാണ് അറസ്റ്റിലായത്. സൗദി യുവാക്കളാണ് പിടിയിലായത്. മറ്റേതാനും കാറുകളും സംഘം കവർന്ന് പൊളിച്ച് സ്‌പെയർപാർട്‌സ് ആക്കി മാറ്റി വിൽപന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ പക്കൽ മയക്കുമരുന്നും കണ്ടെത്തി. നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കൻ പ്രവിശ്യ പോലീസ് പറഞ്ഞു.

Tags

Latest News