Sorry, you need to enable JavaScript to visit this website.

യുവാവിന്റെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ കോഴിക്കോട് ബൈപ്പാസിൽ വെടിവെച്ചുകൊന്നു

കാട്ടുപന്നി ഇടിച്ചുണ്ടായ വാഹനാപകടം

കോഴിക്കോട്-യുവാവിന്റെ മരണത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. താമരശേരിയിൽ നിന്നെത്തിയ വനം വകുപ്പിന്റെ ദ്രുതകർമ സേന അംഗങ്ങളാണ് ഇന്നലെ  ബൈപ്പാസിന് സമീപം പൊറ്റമ്മലിലേക്ക് തിരിയുന്ന  ഭാഗത്തെ അഞ്ച് മീറ്ററോളം വീതിയുള്ള ചതപ്പു നിലത്തു വച്ച്  കാട്ടു പന്നിയെ വെടി വച്ചത്. 
വനം വകുപ്പിന്റെ  എം പാനൽ ലിസ്റ്റിൽ പെട്ട ഷൂട്ടർ പി.എം. ബാലനാണ് വെടിവച്ചത്.  കുറേ നേരം കാത്തിരുന്നുവെങ്കിലും  പന്നി പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാലൻ താഴേക്കിറങ്ങി. ഒപ്പം വാച്ചറും ഉണ്ടായിരുന്നു. വള്ളി പടർപ്പിൽ ഒളിച്ച പന്നിയെ നാലുതവണയാണ്  വെടിവച്ചത്. പന്നിയുടെ പിറകിലാണ് ആദ്യത്തെ വെടികൊണ്ടത്. രണ്ടാമതും വെടി വെക്കുന്നതിനിടെ പന്നി മുന്നോട്ടാഞ്ഞു. മാറാൻ ശ്രമിക്കുന്നതിനിടെ ബാലന്റെ കാലിന് പരിക്കേറ്റു. പന്നി കൂടുതൽ ഉള്ളിലേക്ക് വലിയുകയും ചെയ്തു. ഇതിനിടെ പന്നിയുടെ കാൽ തട്ടി പാൻറ്‌സും കീറി. നാലാമത്തെ വെടിയോടെ പന്നി ചത്തുവീണു. ചതുപ്പുനിലമായതിനാൽ വെടി വയ്ക്കാൻ ഏറെ പ്രയാസം നേരിട്ടു. വള്ളി പടർപ്പും മാലിന്യക്കെട്ടും  മൂലം ദുർഘടമായ സ്ഥലമായിരുന്നു ഇതെന്നും പന്നി ഓടി പോകാതിരിക്കാനുള്ള സജ്ജീകരണം ഒരുക്കിയിരുന്നതായും ബാലൻ പറഞ്ഞു. ഏകദേശം 150 കിലോ തൂക്കം വരുന്ന പന്നിയുടെ ജഢം  പിന്നീട് പോസ്റ്റു മാർട്ടത്തിനു ശേഷം താമരശേരിവനം വനം വകുപ്പിന്റെ സ്ഥലത്ത് മറവ് ചെയ്തു. ഡെപ്യൂട്ടി റേറഞ്ച് ഓഫീസർ ടി. അജികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. ദേവാനന്ദൻ വാച്ചർമാരായ ഷബീർ, നാസർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.  ബൈപ്പാസിൽ നിന്നും പൊറ്റമ്മൽ - മാത്തോട്ടു താഴംറോഡിലേക്ക് തിരിയുന്ന ഭാഗത്ത് ആൾപൊക്കത്തിലുള്ള കാടുനിറഞ്ഞ പ്രദേശത്താണ് ഇന്നലെ രാവിലെ സമീപ വാസികൾ കാട്ടുപന്നിയെ കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇവിടെ രാത്രികാലങ്ങളിൽ കൊണ്ടിടുന്ന മാലിന്യ കൂമ്പാരവും ഓടയിലൂടെ ഒഴുകുന്ന വെള്ളവും ഭക്ഷണമാക്കി തടിച്ചുകൊഴുത്ത നിലയിലായിരുന്നു കാട്ടുപന്നി. കഴിഞ്ഞ ദിവസം  കാട്ടുപന്നി ബൈപ്പാസ് മുറിച്ചുകടക്കാൻ ശ്രമിക്കുനിടെയുണ്ടായ അപകടമാണ് ഒരാളുടെ ദാരുണമായ അന്ത്യത്തിന് കാരണമായത്.  ചേളന്നൂർ ഇരുവള്ളൂർ ചിറ്റടിപ്പുറായിൽ സിദ്ദിഖാണ് (38)  മരിച്ചത്. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓമ്നി വാനും എതിരെ വന്ന പിക്കപ്പും കുട്ടിയിടിച്ചായിരുന്നു അപകടം. പന്നിയെ ഇടിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഒമ്നിയിൽ ഇടിക്കുകയായിരുന്നു.

Latest News