Sorry, you need to enable JavaScript to visit this website.

കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാകേസ് ; മുഖ്യ പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊണ്ടോട്ടി - കരിപ്പൂർ സ്വർണക്കവർച്ചാ കേസിൽ മുഖ്യപ്രതിയുമായി താമരശ്ശേരി തച്ചംപൊയിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.താമരശ്ശേരി ഈർപ്പോണ അബൂബക്കർ സിദ്ധീഖ് എന്ന ബാപ്പുവിനെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി.അഷ്‌റഫിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.ഇയാളുടെ വീട്ടിലും രിസരത്തും വ്യാജ സിംകാർഡ് സംഘടിപ്പിച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി.ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കഴിഞ്ഞ ആഴ്ച്ചയാണ് കൊടുവള്ളിയിൽനിന്നും പിടികൂടിയത്.അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
   സംഭവ ദിവസം രൂപീകരിച്ച വാട്‌സ് അപ്പ് ഗ്രൂപ്പിൽ ഇയാൾ വ്യാജ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് അംഗമായിരുന്നതെന്ന് പോലിസ് പറഞ്ഞു.വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളായിരുന്നു ഇയാളുടെ സംഘം ഉപയോഗിച്ചിരുന്നത്.ഈ വാഹനങ്ങളെ കുറിച്ചും സംഘാംഗങ്ങളെക്കുറിച്ചും പോലിസിന്  വ്യക്തമായി വിവരം ലഭിച്ചിട്ടുണ്ട്.ഇതിൽ ചിലർ വിദേശത്തേക്ക് കടന്നിട്ടുണ്ട്.ഇവർക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചു. 
  കൊടുവള്ളി ഭാഗത്തേക്കും മറ്റുമായി വരുന്ന സ്വർണക്കടത്തിനും കരിയർമാരെ ഏർപ്പാടാക്കി കൊടുക്കുന്നതും കടത്തിയ സ്വർണം സുരക്ഷിതമായി എത്തിച്ച് കൊടുക്കുന്നതും അബൂബക്കർ സിദ്ദീഖായിരുന്നു.വിവിധ വിമാനത്താവളങ്ങൾ വഴി വരുന്ന സ്വർണക്കടത്തിന് മുഖ്യ ഇടനിലക്കാരനായി ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.
  ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലിസിന് ലഭിച്ചത്.ഇയാളുടെ ശബ്ദം ഫോറൻസിക് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.ഇത് റീജ്യണൽഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കുമെന്ന് പോലിസ് പറഞ്ഞു.

Latest News