മുസ്ലിം ലീഗും-കോൺഗ്രസും ഒരുമിച്ചു; കൊണ്ടോട്ടിയിൽ യു.ഡി.എഫ് അധികാരത്തിൽ

 കൊണ്ടോട്ടി- രണ്ടര വർഷത്തെ സി.പി.എം ബന്ധം വിട്ട് കോൺഗ്രസിലെ വിഘടിച്ചു നിന്ന കൗൺസിലർമാർ യു.ഡി.എഫ് പാളയത്തിലേക്ക് നീങ്ങിയതോടെ നഗരസഭയിലെ ഭരണം യു.ഡി.എഫിന്റെ കൈകളിലേക്ക്. ഇന്ന് നടന്ന നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനാർത്ഥിയായി കോൺഗ്രസിലെ സി.കെ.നാടിക്കുട്ടി വിജയിച്ചു. നാൽപത് അംഗ സഭയിൽ 27 വോട്ടുകൾക്കാണ് നാടിക്കുട്ടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിംലീഗ് അംഗങ്ങൾ ഉൾപ്പെട്ട യു.ഡി.എഫ് നാടിക്കുട്ടിയെ പിന്തുണച്ചു. മുസ്്‌ലിംലീഗ്-കോൺഗ്രസ് പാർട്ടികളുടെ ജില്ലാനേതൃത്തിന്റെ ഇടപടലുകളോടെയുണ്ടായ മാരത്തോൺ ചർച്ചക്ക് ഒടുവിലാണ് കോൺഗ്രസ് കൗൺസിലർമാർ യു.ഡി.എഫുമായി അടുക്കാൻ തയ്യാറായത്.ഇന്ന് രാവിലെ 11ന് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി.കെ.നാടിക്കുട്ടിയും സി.പി.എമ്മിലെ പി.ഗീതയും തമ്മിലായിരുന്നു മത്സരം. 40 അംഗ കൗൺസിലിൽ 18 മുസ്ലിം ലീഗ് കൗൺസിലർമാരും,10 കോൺഗ്രസ് കൗൺസിലർമാരുമുണ്ട്. ഇടതു മുന്നണിക്ക് 10 ഉം,എസ്.ഡി.പി.ഐ,സ്വന്ത്രൻ എന്നിവരായി ഓരോരുത്തരുമാണുളളത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തു സി.പി.എമ്മുമായി യോജിച്ചുണ്ടാക്കിയ മതേതര മുന്നണിയുമായി ഇനി യോജിച്ചു പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോൺഗ്രസിലെ ഒമ്പത് കൗൺസിലർമാരും യു.ഡി.എഫ് പാളിയത്തിലേക്ക് ചുവട് മാറ്റിയത്.ജില്ലാ നേതൃത്വത്തിൽ പ്രാദേശിക ഘടകങ്ങളുമാണ്ടാക്കിയ ധാരണ പ്രകാരം ആറ് മാസക്കാലം ചെയർമാൻ സ്ഥാനം കോൺഗ്രസിന് തന്നെ നൽകും.ഇതിനിടയിൽ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കെ.ആയിഷാബി രാജിവെച്ച് മുസ്്‌ലിം ലീഗ് പ്രതിനിധി വൈസ് ചെയർപേഴ്‌സണാകും.നിലവിൽ മതേതര മുന്നണിയുടെ പിന്തുണയിലാണ് കോൺഗ്രസിലെ ആയിഷാബി തെരഞ്ഞെടുക്കപ്പെട്ടത്.
ആറ് മാസത്തിന് ശേഷം കോൺഗ്രസ് വൈസ് ചെയർപേഴ്‌സൺ സ്ഥാനവും മുസ്്‌ലിംലീഗ് ചെയർമാൻ സ്ഥാനവും ഏറ്റെടുക്കും.ഇതിനിടയിൽ സ്റ്റാന്റിഗ് കമ്മറ്റികളിലും മാറ്റം വരുത്തും. രണ്ട് വർഷമായി മതേതര മുന്നണിയുടെ പിന്തുണയോടെയാണ് സി.കെ.നാടിക്കുട്ടി ചെയർമാൻ സ്ഥാനത്തെത്തിയത്.

Latest News