Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

ദയവായി അവരെ കൈയൊഴിയല്ലേ...

കുട്ടി ഒരു ചെറിയ തെറ്റ് വരുത്തിയാൽ  ഏറെ വേദനിക്കുകയും  ഏറെ പ്രയാസപ്പെടുകയും ചെയ്യുന്നവരാണ് നമ്മിൽ അധികവും.
കുട്ടികളുടെ കൈയക്ഷരം വടിവൊത്തതാവാത്തതിന്റെ പേരിൽ വീർപ്പു മുട്ടുന്ന മാതാപിതാക്കൾ ഒരുപാടുണ്ട്.   കുട്ടികളുടെ ശാരീരികവും ബുദ്ധിപരവുമായ ചെറിയ പ്രതിസന്ധികളെ പോലും താങ്ങാനും പരിചരിക്കാനുമാവാതെ  പതറിപ്പോവുന്നവരുടെ എണ്ണം ദിനം പ്രതി ഏറിവരികയാണ്. 
ജീവിതത്തിൽ നേരിടേണ്ടി വന്ന വൻകിട വെല്ലുവിളികളെ തന്റേടത്തോടെ നേരിട്ട് സ്വജീവിതം മറ്റുള്ളർക്ക് കൂടി മാതൃകയും പ്രചോദനമാവുന്ന തരത്തിൽ  വിജയിപ്പിച്ചെടുത്ത പലരെയും നമുക്ക് ചരിത്രത്താളുകളിലും വർത്തമാന കാലത്തും കാണാം.
ലോക ചരിത്രത്തിൽ ഏറെ പ്രസിദ്ധരായവരിലധികവും  അടുത്തറിയുമ്പോൾ അവർ ഒട്ടേറെ പ്രതികൂലതകളെ തരണം ചെയ്ത് മുന്നേറിയവരാണെന്ന് കാണാവുന്നതാണ്.  ഭൗതിക ശാസ്ത്ര വിജ്ഞാനീയത്തിലെ അതികായൻ,  ക്വാണ്ടം ഫിസിക്‌സിലും  ബിഗ് ബാങ്ക് തിയറിയിലും അസാമാന്യമായ സംഭാവന നൽകിയ   മഹാരഥനായ ആൽബർട്ട് ഐൻസ്റ്റീൻ നാലാം വയസ്സു വരെ സംസാരിക്കാറില്ലായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ ക്കുറിച്ചോർത്ത് ഏറെ വേവലാതിപ്പെട്ടിരുന്നു.  ഒന്നിനും കൊള്ളാത്ത ഒരു മകനായി അവൻ മറിയേക്കുമോ എന്നവർ ആശങ്കപ്പെട്ടു.  മാത്രവുമല്ല,  പോളിടെക്‌നിക് സ്‌കൂളിൽ അദ്ദേഹത്തിന് അഡ്മിഷൻ പോലും ലഭിച്ചില്ലെന്നാണ് ചരിത്രം.  പക്ഷേ പിന്നീട് നന്നായി സംസാരിക്കാനും വായിക്കാനും പഠിച്ചു എന്ന് മാത്രമല്ല ശാസ്ത്ര ലോകത്തെ അത്ഭുതാവഹമായ കണ്ടുപിടിത്തക്കാരിൽ  ഒരാളായി ഇന്നും ലോകം വാഴ്ത്തുന്ന ഒരു മഹാപ്രതിഭായായി അദ്ദേഹം വളർന്നു  വന്നു.
ടെലികമ്യൂണിക്കേഷൻ രംഗത്തെ കണ്ടുപിടിത്തങ്ങൾക്ക് നാന്ദിയിട്ട അലക്‌സാണ്ടർ ഗ്രഹാം ബെൽ എഴുത്തിൽ  വേണ്ടത്ര മിടുക്കനായിരുന്നില്ല. കേവലം അഞ്ച് വർഷം മാത്രമേ അദ്ദേഹത്തിന്   ഔപചാരിക പഠനം നടത്താൻ കഴിഞ്ഞുള്ളൂ എന്നതാണ് യാഥാർഥ്യം.
ഇതുപോലെ തന്നെയാണ്   വിശ്വപ്രസിദ്ധനായ അഗസ്റ്റ് റോഡിൻ എന്ന ശിൽപിയുടെ  കഥയും. നാണം കുണുങ്ങിയും കാഴ്ചക്ക് തകരാറുമുള്ള റോഡിൻ സ്‌കൂൾ പഠനത്തിൽ ഏറെ പിന്നിലായിരുന്നു. ആർട് സ്‌കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട  റോഡിൻ  പിൽക്കാലത്ത്   പുകൾപെറ്റ ഒരുപാട് ശിൽപങ്ങൾ ഉണ്ടാക്കി ലോകത്തെ  ഞെട്ടിച്ചു കളഞ്ഞു. 
പ്രശസ്ത ചിത്രകാരനായ  ലിയനാർഡോ ഡാവിഞ്ചിയുടെ കഥയും നമ്മെ ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തിനും ചിട്ടയോടെ എഴുതാൻ കഴിയുമായിരുന്നില്ലത്രേ. കണ്ണാടിയിൽ കാണുന്നതു പോലെ തലതിരിച്ച് എഴുതുന്ന ശീലക്കാരനായിരുന്നു അദ്ദേഹം.
പക്ഷേ ലോകോത്തരമായ ചിത്രങ്ങൾ കൊണ്ട്   ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വിശ്വോത്തര കലാകാരൻ ആയി അദ്ദേഹം മാറി. 
കേരള രാഷ്ട്രീയം കണ്ട അതുല്യ പ്രതിഭയായ സി.എച്ച്. മുഹമ്മദ് കോയയുടെ കൈപ്പടയും ഏറെ ഭംഗിയും ചിട്ടയുമുള്ളതുമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഗുരുനാഥൻമാർ സ്മരിച്ചത് ഹൃദയസ്പർശിയായ തരത്തിൽ  സി.എച്ചിന്റെ ജീവചരിത്രം രചിച്ച എം.സി വടകര എഴുതിയത് ഓർക്കുകയാണ്.
ഒരുപക്ഷേ ലോകത്തെ മുഴുവനും നിങ്ങൾക്ക് കീഴടക്കാൻ പറ്റിയേക്കാം, എന്നാൽ പ്രഭാഷണ കലയിൽ ഡെമസ്തനീസിനെ  തോൽപിക്കാൻ നിങ്ങൾക്ക് കഴിയില്ല. ഗ്രീക്ക് രാജാവായ ഫിലിപ്പ് ഇങ്ങനെ വാഴ്ത്തിയ ഡെമസ്തനീസ്  ഒരു പാട് പേർ കളിയാക്കിയ തന്റെ വിക്കിനെ അതിജീവിച്ചാണ് ഈ പ്രശസ്തി കൈവരിച്ചതെന്നോർക്കണം.
ഇങ്ങനെ കുട്ടിക്കാലങ്ങളിൽ പല കാരണങ്ങളാലും  വളരെ പിറകിൽ ആയിപ്പോകുന്ന കുട്ടികൾ  വലുതാവുമ്പോൾ   അദ്ഭുതാവഹമായ രീതിയിൽ പല മേഖലകളിലും പ്രശോഭിക്കുന്ന  മഹാപ്രതിഭകൾ ആയി ചിലപ്പോൾ വളർന്നു വന്നേക്കാം എന്ന കാര്യം  മാതാപിതാക്കളും അധ്യാപകരും മറക്കരുത്.
കുട്ടികളിലെ വേറിട്ട കഴിവുകൾ  തിരിച്ചറിയാതെ അവയെ പഠന വൈകല്യങ്ങളായി കണ്ട്   ശാപവാക്കുകളും കുത്തുവാക്കുകളും ഉപയോഗിച്ച്  അവഹേളിക്കുന്നവർ തിരിച്ചറിയേണ്ട കാര്യം,  വ്യത്യസ്തമായി വയർ ചെയ്യപ്പെട്ട തലച്ചോറുമായി ഭൂമുഖത്തേക്ക് വരുന്ന അത്തരം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ചരിത്രത്തിന്റെ  ഗതി തന്നെ മാറ്റിമറിക്കാൻ കെൽപുള്ളവരാണെന്ന പരിഗണനയോടെയും ആദരവോടെയും അവരെ പരിപാലിക്കുകയാണ് വേണ്ടത് എന്നതാണ്.

Latest News