Sorry, you need to enable JavaScript to visit this website.

രാഗസാന്ദ്രം റിയാസിന്റെ ലോകം

2009 ൽ കൈരളി നടത്തിയ ശഹ്റേ മുബാറക് എന്ന പാട്ടുപരിപാടിയിൽ വിജയിച്ചതോടെയാണ് ഖത്തറിൽ റിയാസ് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 2011 ൽ റേഡിയോ ഏഷ്യയുടെയും 2017 ൽ വോയ്സ് ഓഫ് കേരളയുടെയും ജി.സി.സിതല റിയാലിറ്റി ഷോയിൽ വിജയിച്ച് റിയാസ് തന്റെ മികവ് അടയാളപ്പെടുത്തി.സ്നേഹത്തിൻ തീരത്ത്, പ്രവാസി, മദീനയോടിത്തിരി എന്നിങ്ങനെ പത്തോളം ആൽബങ്ങളിൽ പാടിയ റിയാസ് ആദ്യമായി ചലച്ചിത്ര പിന്നണി ഗായകനാകുന്നു.

ഖത്തർ വേദികളിലെ ജനകീയ ഗായകനാണ് റിയാസ് കരിയാട്. കഴിഞ്ഞ പതിമൂന്ന് വർഷമായി ഖത്തറിലുളള അദ്ദേഹം ചെറുതും വലുതുമായ ആയിരത്തോളം വേദികളിൽ പാടിക്കഴിഞ്ഞു. മലയാളം, തമിഴ്, ഹിന്ദി, കന്നട, നേപ്പാളി, ബോജ്പുരി, അറബിക്, ബംഗാളി, പഞ്ചാബി, ഇംഗ്ളീഷ് തുടങ്ങി പത്തോളം ഭാഷകളിൽ പാടുന്ന റിയാസ് എല്ലാതരം പാട്ടുകളും പാടുമെന്നതും ഏത് വേദിക്കും അനുഗുണമായ പാട്ടുകൾ തെരഞ്ഞെടുത്ത് അവതരിപ്പിക്കുമെന്നതുമാകാം ഈ ഗായകനെ കൂടുതൽ ജനകീയനാക്കിയത്.
കണ്ണൂർ ജില്ലയിൽ മയ്യഴിപ്പുഴയുടെ തീരത്തുള്ള കരിയാട് ഗ്രാമത്തിൽ പരേതനായ എം.കെ. മൊയ്തുവിന്റെയും സുലൈഖയുടെയും മകനായ റിയാസിന് ചെറുപ്പത്തിലേ പാട്ടുകളോട് വലിയ കമ്പമായിരുന്നു. പ്രവാസിയായിരുന്ന പിതാവ് പാട്ടുകേൾക്കാനുള്ള എല്ലാ സംവിധാനങ്ങളും വാങ്ങിക്കൊടുത്തിരുന്നുവെങ്കിലും പാട്ടിനെ പാഷനായി കാണണമെന്നും പ്രൊഫഷനായി കാണരുതെന്നും പിതാവ് ഉപദേശിച്ചിരുന്നത് റിയാസ് ഓർക്കുന്നു.


സ്‌കൂൾ വിദ്യാർഥിയായിരിക്കേ കാസറ്റ് ഷോപ്പുകളിൽ നിന്നും ഉൽസവ പറമ്പുകളിൽ നിന്നുമൊക്കെ ഒഴുകിയെത്തുന്ന മധുര സംഗീതം ആർത്തിയോടെ കേട്ടിരുന്നതും അവ അതേപോലെ പഠിക്കാൻ പരിശ്രമിച്ചിരുന്നതുമൊക്കെ മറക്കാത്ത ഓർമകളാണ്.
മദ്രസയിൽ പഠിച്ചുകൊണ്ടിരിക്കേ ഉസ്താദാണ് തന്റെ പാടാനുള്ള കഴിവ് ആദ്യം തിരിച്ചറിഞ്ഞത്. നബിദിന പരിപാടിയിൽ പാടിയതാണ് ആദ്യത്തെ പാട്ടനുഭവം. എന്നാൽ സ്‌കൂളിൽ അധികമൊന്നും അവസരങ്ങൾ ലഭിച്ചില്ല. എട്ടാം ക്ളാസിൽ പഠിച്ചുകൊണ്ടിരിക്കേ മാപ്പിളപ്പാട്ട് മൽസരത്തിൽ തൽപരരായവരെ വിളിച്ചപ്പോൾ ഏറെ ആവേശത്തോടെ ചെന്നെങ്കിലും സെലക്ഷൻ ലഭിച്ചില്ല. അന്ന് മനസ്സിൽ കുറിച്ചിട്ട വാശിയാണ് എങ്ങനെയെങ്കിലും പാട്ടുകാരനാകണമെന്നത്. വർഷങ്ങൾക്കുള്ളിൽ പ്രൊഫഷണൽ വേദികളിൽ പാടുന്ന പാട്ടുകാരനായി മാറിയത് ചരിത്രം.
സ്‌കൂളിൽ അധികവും നാടകം, കോൽക്കളി, മിമിക്രി തുടങ്ങിയവയായിരുന്നു റിയാസിന്റെ ഇനങ്ങൾ. 8, 9, 10 ക്ളാസുകളിൽ മിമിക്രിക്ക് ഒന്നാം സ്ഥാനമായിരുന്നുവെങ്കിലും പാട്ടുകളോട് അടങ്ങാത്ത ആവേശം കണ്ട് ശ്രീധരൻ മാഷാണ് രണ്ടിലൊന്ന് തെരഞ്ഞെടുക്കണമെന്ന് നിർദേശിച്ചത്. മിമിക്രിയിൽ തുടർന്നാൽ ശബ്ദത്തിന് വലിയ പ്രയാസങ്ങൾ നേരിട്ടേക്കുമെന്ന ശ്രീധരൻ മാഷിന്റെ ഉപദേശത്തെ തുടർന്നാണ് പാട്ടുകളിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.അങ്ങനെ പത്താം ക്ളാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ തന്റെ ഗ്രാമത്തിലെ ഒരുമ കലാവേദിയിലൂടെ പ്രൊഫഷണൽ സംഘത്തോടൊപ്പം പാടാനവസരം ലഭിച്ചു. അവിടുന്നങ്ങോട്ട് പാട്ടുൽസവങ്ങളുടെ പൂരമായിരുന്നു. എന്നാൽ വിവിധ ട്രൂപ്പുകളിലും വേദികളിലും പാടി നടന്നപ്പോൾ പഠനം വേണ്ട രൂപത്തിൽ മുന്നോട്ടു കൊണ്ടുപോകാനായില്ല.
അങ്ങനെയാണ് 2008 ൽ ഖത്തറിലേക്ക് വിമാനം കയറുന്നത്. പല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്തുകൊണ്ടിരിക്കേയാണ് ഖത്തറിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ ജോലി കിട്ടിയത്. ഉച്ചവരെ മാത്രം ജോലിയും വെള്ളി, ശനി ദിവസങ്ങളിലെ അവധിയും റിയാസിലെ പാട്ടുകാരന് വളരാനുള്ള അവസരമൊരുക്കി. അങ്ങനെ എല്ലാ ആഴ്ചയിലും പാട്ടുപരിപാടികകളുമായി റിയാസ് അറിയപ്പെടുന്ന ഗായകനായി മാറി.


ഖത്തറിലെത്തിയതു മുതൽ തന്നെ തനിമ കലാസാംസ്‌കാരിക വേദിയുമായി സഹകരിച്ച് പ്രവർത്തിച്ച റിയാസ് 2008, 9, 10 വർഷങ്ങളിൽ തനിമയുടെ മികച്ച ഗായകനുള്ള പി.ടി. അബ്ദുറഹ്മാൻ മെമ്മോറിയൽ ട്രോഫി സ്വന്തമാക്കിയിരുന്നു.
ഖത്തറിലെ മലയാളി സാമൂഹിക സാംസ്‌കാരിക നായകനായ സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും നാട്ടുകാരനുമായ സൈനുൽ ആബിദീനാണ് ആദ്യ വേദി ലഭിക്കാൻ സഹായിച്ചത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന എരഞ്ഞോളി മൂസയോടൊപ്പം ഖത്തർ കെ. എം. സി.സിയുടെ ഒരു വേദി പങ്കിടാനുള്ള അവസരമായിരുന്നു അത്. ആ കൈനീട്ടം മോശമായില്ല. വേദികളിൽ നിന്നും വേദികളിലേക്ക് ക്ഷണം ലഭിച്ചുകൊണ്ടിരുന്നു. നിരവധി പ്രമുഖരുമൊപ്പം വേദി പങ്കിടാൻ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് കരുതുന്നത്.സംഗീത സവിധായകനും സംഘാടകനുമായ ലത്തീഫ് മാഹിയുമൊത്തുളള സൗഹൃദവും സഹകരണവുമാണ് ഖത്തറിൽ കൂടുതൽ വേദികൾ ലഭിക്കാൻ കാരണമായതെന്നാണ് റിയാസ് കരുതുന്നത്.
2009 ൽ കൈരളി നടത്തിയ ശഹ്റേ മുബാറക് എന്ന പാട്ടുപരിപാടിയിൽ വിജയിച്ചതോടെയാണ് ഖത്തറിൽ റിയാസ് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 2011 ൽ റേഡിയോ ഏഷ്യയുടെയും 2017 ൽ വോയ്സ് ഓഫ് കേരളയുടെയും ജി.സി. സിതല റിയാലിറ്റി ഷോയിൽ വിജയിച്ച് റിയാസ് തന്റെ മികവ് അടയാളപ്പെടുത്തി.
സ്നേഹത്തിൻ തീരത്ത്, പ്രവാസി, മദീനയോടിത്തിരി എന്നിങ്ങനെ പത്തോളം ആൽബങ്ങളിൽ പാടിയ റിയാസ് ആദ്യമായി ചലച്ചിത്ര പിന്നണി ഗായകനാകുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത.
ഖത്തറിലെ റേഡിയോ സുനോയിലെ വിഷ്ണു ദിവാകറിന്റെ സംഗീത സംവിധാനത്തിൽ താര എന്ന ചിത്രത്തിനു വേണ്ടി റിയാസ് കരിയാട് പാടിയ ആദ്യ ഗാനം താമസിയാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയതും പുതിയതുമായ എല്ലാ തരം പാട്ടുകളും പാടുന്ന റിയാസ് മിക്കവാറും പാട്ടുകളൊക്കെ കേട്ടാണ് പഠിക്കുന്നത്. ഗസൽ, ഖവാലി, മാപ്പിളപ്പാട്ടുകൾ, ചലച്ചിത്ര ഗാനങ്ങൾ തുടങ്ങി എല്ലാ പാട്ടുകളും ഈ ഗായകന് വഴങ്ങും. തസ്‌നീമയാണ് ഭാര്യ. ഫിൽസ, ഫൈഹ എന്നിവർ മക്കളാണ്.

Latest News