Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാരന്‍ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്; ബോറിസ് ജോണ്‍സന്റെ രാജി ഉടന്‍

ലണ്ടന്‍- 2020 മേയില്‍ രാജ്യം ലോക്ഡൗണില്‍ ആയിരുന്നപ്പോള്‍ ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ വെള്ളമടി പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും രാജിക്കായി മുറവിളി ഉയര്‍ന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. ഇതോടെ മന്ത്രിസഭയിലെ രണ്ടാമന്‍ ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍ (ധനമന്ത്രി) ആയ റിഷി സുനക് പ്രധാനമന്ത്രി പദത്തിലെത്തുമെന്നാണ് സൂചന. വഴിതെളിഞ്ഞാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായിരിക്കും റിഷി. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് 41കാരനായ റിഷി.

ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പരസ്യമായി മാപ്പുചോദിച്ചിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ജോണ്‍സണ്‍ മാപ്പു പറയുമ്പോള്‍ പാര്‍ലമെന്റില്‍ റിഷി സുനക് ഉണ്ടായിരുന്നില്ല. വിവാദത്തിലായ തന്റെ നേതാവില്‍ നിന്നും അകലം പാലിക്കാന്‍ റിഷി മനപ്പൂര്‍വ്വം വിട്ടു നിന്നതായും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇതു റിഷി തള്ളിയിരുന്നു. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നതിലും റിഷി പിശുക്ക് കാണിക്കുന്നുണ്ട്. പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടന്നുവരികയാണ്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ പ്രധാനമന്ത്രിക്ക് രാജിവെക്കേണ്ടി വരുമെന്നാണ് സൂചന.

Latest News