Sorry, you need to enable JavaScript to visit this website.

നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം: മൂന്നു പേർ അറസ്റ്റിൽ

ജിസാൻ - നുഴഞ്ഞുകയറ്റക്കാരായ എട്ടു യെമനികൾക്ക് യാത്രാ സൗകര്യം നൽകിയ മൂന്നു സൗദി യുവാക്കളെ ജിസാൻ പ്രവിശ്യയിലെ അൽഫുതൈഹ പോലീസ് അറസ്റ്റ് ചെയ്തതായി ജിസാൻ പോലീസ് അറിയിച്ചു. സംഘത്തിൽ ഒരാളാണ് നുഴഞ്ഞുകയറ്റക്കാർക്ക് തന്റെ വാഹനത്തിൽ യാത്രാ സൗകര്യം നൽകിയത്. സുരക്ഷാ വകുപ്പുകളുടെ പിടിയിലകപ്പെടാതെ നോക്കുന്നതിന് മറ്റു രണ്ടു പേർ മറ്റൊരു വാഹനത്തിൽ മുന്നിൽ സഞ്ചരിച്ച് ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയായിരുന്നു. നിയമാനുസൃത നടപടികൾ സ്വീകരിച്ച് നാടുകടത്താൻ നുഴഞ്ഞുകയറ്റക്കാരെ ബന്ധപ്പെട്ട വകുപ്പിനും വിചാരണ ചെയ്ത് ശിക്ഷിക്കുന്നതിന് സൗദി യുവാക്കളെ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി ജിസാൻ പോലീസ് അറിയിച്ചു. 
മറ്റൊരു സംഭവത്തിൽ, അസീർ പ്രവിശ്യയിൽ പെട്ട ഖമീസ് മുശൈത്തിൽ നുഴഞ്ഞുകയറ്റക്കാരായ മൂന്നു യെമനികൾക്ക് താമസസൗകര്യം നൽകിയ രണ്ടു യെമനികളും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന യെമനികൾ ഖമീസ് മുശൈത്തിലെ രണ്ടു ഫ്ളാറ്റുകളിലാണ് സ്വന്തം നാട്ടുകാരായ നുഴഞ്ഞുകയറ്റക്കാർക്ക് താമസസൗകര്യങ്ങൾ നൽകിയത്. നുഴഞ്ഞുകയറ്റക്കാരെ ബന്ധപ്പെട്ട വകുപ്പിനും ഇവർക്ക് താമസ സൗകര്യം നൽകിയ യെമനികളെ പബ്ലിക് പ്രോസിക്യൂഷനും കൈമാറിയതായി അസീർ പോലീസ് അറിയിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകുന്നവർക്ക് പതിനഞ്ചു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാരെയും ഇഖാമ, തൊഴിൽ നിയമ ലംഘകരെയും കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് അസീർ, ജിസാൻ പോലീസുകൾ ആവശ്യപ്പെട്ടു.

Tags

Latest News