Sorry, you need to enable JavaScript to visit this website.
Friday , January   28, 2022
Friday , January   28, 2022

ജീവകാരുണ്യ പ്രവർത്തനം കുറ്റമറ്റതാക്കാൻ കാതലായ നിയമഭേദഗതികളുമായി യു.എ.ഇ

  •  നിയമവിരുദ്ധ ധനശേഖരത്തിന് 5,00,000 ദിർഹം വരെ പിഴ

 
അബുദാബി- അനധികൃതമായ ധനസമാഹരണവും വ്യവസ്ഥാപിതമല്ലാത്ത ഭക്ഷണവിതരണവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കാൻ യു.എ.ഇ ഒരുങ്ങുന്നു. സർക്കാർ അനുമതി നൽകിയ സ്ഥാപനങ്ങൾക്ക് മാത്രമേ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കൂ. ലൈസൻസുള്ള ജീവകാരുണ്യ സ്ഥാപനത്തിന്റെ പേരിലല്ലാതെ ധനസമാഹരണവും വിതരണവും കർശനമായി തടയുമെന്നും കമ്യൂണിറ്റി വികസന മന്ത്രാലയം വ്യക്തമാക്കി. അനുമതിയില്ലാത്ത സ്ഥാപനങ്ങളും വ്യക്തികളും ജീവകാരുണ്യമേഖലയിൽ പ്രവർത്തിച്ചാൽ പിഴകൾ ഈടാക്കുന്നത് അടക്കമുള്ള ശക്തമായ നടപടി ഉണ്ടാവുമെന്നും മന്ത്രാലയം അണ്ടർ സെക്രട്ടറി ഹസ്സ തഹ്‌ലക് പറഞ്ഞു. 
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒരു മാർഗരേഖയും സംവിധാനവും ഉണ്ടാക്കുകയും നിയമവിരുദ്ധമായ ധനസമാഹരണം തടയുകയും ഭക്ഷ്യവസ്തുക്കളുടെയും ധനസഹായങ്ങളുടെയും ദുരുപയോഗവും ചൂഷണവും ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പുതിയ നടപടിയുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. 
സമൂഹമാധ്യമങ്ങളിൽ ധനസഹായങ്ങൾക്കുള്ള അഭ്യർഥനകൾ നിയന്ത്രിക്കാൻ സാധിക്കാത്തവിധം പെരുകുകയും യാതൊരു വ്യവസ്ഥയുമില്ലാത്ത രീതിയിൽ ഇത് ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഹസ്സ തഹ്‌ലക് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലായിരുന്നാലും ജീവകാരുണ്യ അപേക്ഷകൾ അംഗീകൃത ലിസ്റ്റിലുള്ള സ്ഥാപനങ്ങൾക്കാണ് നൽകേണ്ടത്. അതിനാൽതന്നെ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ ധനസഹായാഭ്യർഥനകൾ ഭേദഗതി ചെയ്ത നിയമാവലിയിൽ കുറ്റകൃത്യമായാണ് ഗണിക്കുകയെന്നും അവർ വ്യക്തമാക്കി. 
എന്നാൽ വ്യക്തിപരമായി ഒരാൾ മറ്റൊരാൾക്ക് സംഭാവന നൽകുന്നത് ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. പരസ്പര സഹായങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് രാഷ്ട്രം സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു. അതേസമയം മറ്റൊരു ഏജൻസിയുടെ ധനസാഹായത്തിന് ഒരാൾ മുതിരുമ്പോൾ അത് ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടോ എന്നറിയാൻ സാധിക്കില്ല. ഇക്കാരണത്താലാണ് ഏജൻസികൾ വഴിയുള്ള ധനസഹായം അംഗീകൃത സ്ഥാപനങ്ങൾ മുഖേന മാത്രമായിരിക്കണമെന്ന് പറയുന്നതെന്നും അവർ അഭ്യർഥിച്ചു. 
വളരെ വൈകാരികമായ പദപ്രയോഗങ്ങളിലൂടെ അഭ്യർഥനകൾ തയാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലുള്ള തട്ടിപ്പുകൾ നടക്കുന്നത്. സംഭാവനയായി ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുറത്ത് വിൽക്കപ്പെടുന്ന സംഭവങ്ങൾ വരെ അരങ്ങേറുന്നുണ്ട്.'-തഹ്‌ലക് വിശദമാക്കി.
'ലിസ്റ്റ് ചെയ്ത ധനസമാഹരണ സ്ഥാപനങ്ങൾക്ക് പോലും സർക്കാറിന്റെ അനുമതിയില്ലാതെ ധനസമാഹരണം നടത്താനോ അതിനുള്ള പരസ്യങ്ങൾ നൽകാനോ അനുമതിയില്ല. പുതിയ നിയമം ജീവകാരുണ്യ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്താനല്ല, അർഹരായ വ്യക്തികൾക്ക് അത് ലഭിക്കുന്നതിന് വേണ്ടിയാണ്.' -അവർ കൂട്ടിച്ചേർത്തു. 
നിയമവിരുദ്ധമായ ധനസമാഹരണത്തിന് ജയിൽ ശിക്ഷക്ക് പുറമെ കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് 2,00,000 മുതൽ 5,00,000 വരെ ദിർഹം പിഴയുമാണ് നിലവിലുള്ള നിയമം. 
തീവ്രവാദ പ്രവർത്തനങ്ങൾക്കും മറ്റിതര കുറ്റകൃത്യങ്ങൾക്കും വേണ്ടി ജീവകാരുണ്യ മേഖലയിലെ ധനസമാഹരണം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക ഉയർന്നപ്പോൾ 2015-ലാണ് യു.എ.ഇ കർശനമായ നിയമങ്ങൾ കൊണ്ടുവന്നത്. ഖലീഫ ബിൻ സായിദ് ഫൗണ്ടേഷൻ, സായിദ് ബിൻ സുൽത്താൻ ഫൗണ്ടേഷൻ, എമിറേറ്റ്‌സ് റെഡ് ക്രസന്റ്, അൽമക്തൂം ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്മെന്റ്, യു.എ.ഇ വാട്ടർ എയിഡ്, നൂർ ദുബായ്, ദുബായ് കെയെർസ്, അൽജലീല ഫൗണ്ടേഷൻ, ദാറുൽ ബിർറ്, ബൈത്തുൽ ഖൈർ, ദുബായ് ചാരിറ്റി, ഷാർജ ചാരിറ്റി, അൽ ഇഹ്സാൻ ചാരിറ്റി, ഉമ്മുൽ ഖുവൈൻ ചാരിറ്റി, ഫുജൈറ ചാരിറ്റി, സകാത്ത് ഫണ്ട്, ഈവാസ് ഷെൽട്ടർ എന്നിവയാണ് യു.എ.ഇയിലെ അംഗീകൃത ധനസമാഹരണ ജീവകാരുണ്യ സ്ഥാപനങ്ങൾ.

Tags

Latest News