Sorry, you need to enable JavaScript to visit this website.

വ്യോമയാന മേഖലയിൽ അയ്യായിരം പേർക്ക് തൊഴിൽ

റിയാദ് - വ്യോമയാന മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള പദ്ധതിയിലൂടെ ഇതിനകം അയ്യായിരത്തോളം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിച്ചതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. വ്യോമയാന മേഖലയിൽ പതിനായിരം തൊഴിലുകൾ സൗദിവൽക്കരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആരംഭിച്ചിട്ടുണ്ട്. പദ്ധതി ലക്ഷ്യത്തിന്റെ 49 ശതമാനം സാക്ഷാൽക്കരിക്കാൻ ഇതിനകം സാധിച്ചു. 
2030 ഓടെ സൗദി വിമാനത്താവളങ്ങളുടെ പ്രതിവർഷ ശേഷി 30 കോടിയിലേറെ യാത്രക്കാരായി ഉയർത്താനും സൗദി എയർപോർട്ടുകളിൽ നിന്ന് സർവീസുകളുള്ള ലോക നഗരങ്ങളുടെ എണ്ണം 250 ലേറെ ആയി ഉയർത്താനും എയർപോർട്ടുകളിലെ പ്രതിവർഷ എയർ കാർഗോ ശേഷി 45 ലക്ഷം ടൺ ആയി ഉയർത്താനും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ലക്ഷ്യമിടുന്നു. പുതിയ അറാർ എയർപോർട്ട് ഉദ്ഘാടനം, വിമാനത്താവളങ്ങളുടെ വികസനം തുടങ്ങിയ ഏതാനും പദ്ധതികൾ ഒരു വർഷത്തിനിടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 
വ്യോമയാന മേഖലയിലേക്ക് പ്രാദേശിക, അന്തർദേശീയ നിക്ഷേപങ്ങൾ ആകർഷിക്കൽ, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം വർധിപ്പിക്കൽ, ഗതാഗത, ലോജിസ്റ്റിക് സേവന മേഖലയിൽ സംയോജനം ശക്തമാക്കൽ, ഉപയോക്താക്കൾക്കും യാത്രക്കാർക്കും നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തൽ എന്നിവ അതോറിറ്റി ലക്ഷ്യമിടുന്നു. ലോകത്തെ ഏറ്റവും മികച്ച നൂറു എയർപോർട്ടുകളിൽ സൗദിയിൽ നിന്നുള്ള മൂന്നു വിമാനത്താവളങ്ങൾ തുടർച്ചയായി രണ്ടാം വർഷവും ഇടംനേടി. സേവന നിലവാരങ്ങളും പശ്ചാത്തല സൗകര്യങ്ങളും മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ലോകത്ത് ഏറ്റവും മികച്ച പത്തു വിമാനത്താവളങ്ങളിലുടെ കൂട്ടത്തിൽ സൗദിയിൽ നിന്നുള്ള നാലു എയർപോർട്ടുകളുമുണ്ട്. 
സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്നും ദേശീയ വിമാന കമ്പനികളിൽ നിന്നും ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ എയർപോർട്ടുകൾക്കും വിമാന കമ്പനികൾക്കുമെതിരെ ഉപയോക്താക്കളിൽ നിന്ന് ഉയർന്നവരുന്ന പരാതികളുമായി ബന്ധപ്പെട്ട കണക്കുകൾ പ്രതിമാസം പുറത്തുവിടുന്ന പദ്ധതിയും അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. വിമാന കമ്പനികളും എയർപോർട്ടുകളുമായും ബന്ധപ്പെട്ട വിവരങ്ങൾ യാത്രക്കാർക്ക് സുതാര്യമായി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആരംഭിച്ചിരിക്കുന്നത്.

Tags

Latest News