ന്യൂദല്‍ഹി- മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എംഎല്‍എമാര്‍ ചീഫ് സെക്രട്ടറിയെ മര്‍ദിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇനി മുതല്‍ എല്ലാ യോഗങ്ങളും ലൈവായി സംപ്രേഷണം ചെയ്യുന്ന കാര്യം ദല്‍ഹി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ആലോചിക്കുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗങ്ങളാണ് സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ തത്സമയം പകാണിക്കാന്‍ ആലോചിക്കുന്നത്. ചീഫ് സെക്രട്ടറിയെ മര്‍ദിച്ചെന്ന പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ പദ്ധതി നിര്‍വഹണത്തെ ബാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഫയലുകള്‍ വച്ചു താമസിപ്പിക്കുമെന്നും സര്‍ക്കാരിന് ആശങ്കയുണ്ട്. പദ്ധതികള്‍ വൈകുന്നതോടെ സര്‍ക്കാരിനെതിരെ പൊതുജന വികാരം ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍. ഇതൊഴിവാക്കാനും ഉന്നത തല യോഗങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനുമാണ് ലൈവ് സംപ്രേഷണം. ഇതു സംബന്ധിച്ച് മന്ത്രിസഭ അടുത്തയാഴ്ച ചര്‍ച്ച ചെയ്യും.
ഇതിനു പുറമെ ഫയലുകള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ഫയലുകളുടെ ഉള്ളടക്കവും അതില്‍ ഒപ്പു വച്ചവരേയും അതിന്മേലുള്ള ഉദ്യോഗസ്ഥരുടെ കുറിപ്പുകളും ഇതു വഴി പൊതുജനങ്ങള്‍ക്ക് അറിയാം. ഫയല്‍ എവിടെ വരെ എത്തി എന്നും അറിയാം. വളരെ രഹസ്യ സ്വഭാവമുള്ള ഫയലുകളും യോഗങ്ങളും ഇതില്‍ നിന്നൊഴിവാക്കും.