മുംബൈ- ലോകത്ത് പ്രവാസികൾക്ക് ഏറ്റവുമധികം ശമ്പളം കിട്ടുന്നത് മുംബൈയിലെന്ന് പഠനം. നഗരത്തിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് പ്രതിവർഷം ശരാശരി 2,17,165 ലക്ഷം ഡോളർ (1.4 കോടിയിലേറെ രൂപ) പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് എച്ച്.എസ്.ബി.സി ബാങ്ക് ഇന്റർനാഷണൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ആഗോള ശരാശരിയായ 99,903 ഡോളറിന്റെ (65 ലക്ഷത്തോളം രൂപ) ഇരട്ടിയിലേറെയാണ് ഇതെന്നും പഠനത്തിൽ കണ്ടെത്തി. മുംബൈക്ക് പിന്നിലുള്ള മറ്റ് ഏഷ്യൻ നഗരങ്ങൾ ഷാങ്ഹായ്, ജക്കാർത്ത, ഹോങ്കോംഗ് എന്നിവയാണ്.
ശമ്പളം കൂടുതലാണെങ്കിലും മുംബൈയിൽ പ്രവാസികൾക്കുള്ള തൊഴിൽ സാധ്യത അമേരിക്കയെയും ബ്രിട്ടനെയും അപേക്ഷിച്ച് വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലണ്ടൻ, സാൻഫ്രാൻസിസ്‌കോ, ന്യൂയോർക്ക്, ബേമിങാം എന്നിവിടങ്ങളിലെല്ലാം പ്രവാസികൾക്ക് മുംബൈയിലേതിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങളുണ്ട്.
പ്രവാസികൾക്ക് മുംബൈയേക്കാൾ വളരെയേറെ തൊഴിൽ സാധ്യതകളുള്ള മിക്ക നഗരങ്ങളിലും പക്ഷെ ശമ്പളം ഇവിടുത്തേതിന്റെ അഞ്ചിലൊന്നുപോലും കിട്ടുന്നില്ലെന്നും പഠനത്തിൽ കണ്ടെത്തി.