ബഹിരാകാശ നിലയ നിർമാണം ഈ വർഷം  പൂർത്തിയാക്കും -ചൈന

ബെയ്ജിംഗ്- രാജ്യത്തിന്റെ  ബഹിരാകാശ നിലയം ഈ വർഷം തന്നെ പ്രവർത്തിച്ചു തുടങ്ങുമെന്ന് ചൈന. ഒരു രാജ്യം സ്വന്തമായി നടത്തുന്ന ആദ്യത്തെ ബഹിരാകാശ നിലയമായിരിക്കും ചൈനയുടേത്. ഇപ്പോൾ നിലവിലുള്ള ഏക ബഹിരാകാശ നിലയമായ ഇന്റർനാഷണൽ സ്‌പേസ് സ്‌റ്റേഷൻ അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സ്‌പേസ് ഏജൻസികൾ സംയുക്തമായാണ് നടത്തുന്നത്. 
ഒരു വനിതയടക്കം ചൈനയുടെ മൂന്ന് ബഹിരാകാശ യാത്രികർ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ബഹിരാകാശ നിലയത്തെ തന്ത്രപരമായ ആസ്തിയായാണ് ചൈന കാണുന്നത്. ചൈനയുടെ ബഹിരാകാശ നിലയത്തെ സംബന്ധിച്ച ആശങ്ക അമേരിക്ക പ്രകടിപ്പിച്ചിരുന്നു. ബഹിരാകാശ നിലയത്തിലെ റോബോട്ടിക് 'കൈ'യിലാണ് അമേരിക്കയ്ക്ക് ഏറ്റവും കൂടുതൽ ആശങ്കയുള്ളത്. 
ശൂന്യാകാശത്തെ വസ്തുക്കളെ കൈപ്പിടിയിലൊതുക്കാൻ ഈ റോബോട്ടിക് കൈക്ക് സാധിക്കും. 20 ടൺ ഭാരമുള്ള കാർഗോ ഷിപ്പ് കൈപ്പിടിയിൽ ഒതുക്കിക്കൊണ്ട് റോബോട്ടിക് കൈയുടെ പരീക്ഷണം വിജയകരമായി നടത്തി എന്ന് ചൈനയുടെ സ്‌പേസ് എൻജിനീയറിംഗ് ഓഫീസ് അറിയിച്ചു. 
പത്ത് മീറ്റർ നീളമുള്ള ഈ റോബോട്ടിക് കൈയുടെ ആദ്യത്തെ ഇത്തരത്തിലുള്ള പരീക്ഷണമാണ് കഴിഞ്ഞ ദിവസം  നടന്നത്. റോബോട്ടിക് കൈയുടെ പരീക്ഷണ വിജയം ബഹിരാകാശ നിലയത്തിന്റെ നിർമാണത്തിനായുള്ള കൂട്ടിയോജിപ്പിക്കൽ ജോലികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ചൈനീസ് അധികൃതർ പറഞ്ഞു. ഈ വർഷം 40 ലധികം സ്‌പേസ് ലോഞ്ചുകൾ നടത്തുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.

Latest News