ഫേസ്ബുക്ക്  വർക്ക് ഫ്രം ഹോം നീട്ടി

ബൂസ്റ്റർ എടുക്കാതെ ഓഫീസിൽ വരേണ്ട

വാഷിംഗ്ടൺ- കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സംവിധാനം നീട്ടി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. ബൂസ്റ്റർ ഡോസ് വാക്‌സിൻ എല്ലാവരും സ്വീകരിച്ചിരിക്കണമെന്നും അതുവരെ വർക്ക് ഫ്രം ഹോം പിന്തുടരണമെന്നുമാണ് ഫേസ്ബുക്കിന്റെ പുതിയ നിർദേശം. നേരത്തെ ജനുവരി 31 ന് ഓഫീസ് വീണ്ടും തുറക്കാനായിരുന്നു ഫേസ്ബുക്കിന്റെ / മെറ്റയുടെ പദ്ധതി. എന്നാൽ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് മാർച്ച് 28 ലേക്ക് നീട്ടിയിരിക്കുകയാണ്. ജീവനക്കാരെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും വർക്ക് ഫ്രം ഹോം തുടരാൻ ആഗ്രഹമുള്ളവർക്ക് അതിനുള്ള അനുവാദവും കമ്പനി നൽകിയിരുന്നു. 
നിലവിൽ വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് ഓഫീസിലെത്താൻ മാർച്ച് 28 വരെ സമയമുണ്ടാകും. അതേസമയം ഓഫീസിൽ വരണോ, വീട്ടിൽ തന്നെ തുടരണോ എന്ന് തീരുമാനിക്കാൻ കമ്പനി ജീവനക്കാർക്ക് മാർച്ച് 14 വരെ സമയം നൽകിയിട്ടുണ്ട്. ഓഫീസിലേക്ക് തിരിച്ചെത്താൻ ബൂസ്റ്റർ ഡോസ് വാക്‌സിൻ നിർബന്ധമാണ്. അതേസമയം ആരോഗ്യപരമായും മതപരമായുമുള്ള കാരണങ്ങളാൽ വാക്‌സിനെടുക്കാത്തവർ സ്ഥിരമായി വർക്ക് ഫ്രം ഹോം ചെയ്യുന്നതിനോ താൽക്കാലിക വർക്ക് ഫ്രം ഹോമിനോ അപേക്ഷിക്കണമെന്നാണ് നിർദേശം. ഈ നിർദേശം പാലിക്കാത്തവർക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്.

Latest News