Sorry, you need to enable JavaScript to visit this website.

VIDEO കോവിഡ് തടയാന്‍ ലക്ഷക്കണക്കിന് ജനങ്ങളെ ഇരുമ്പു പെട്ടികളില്‍ അടച്ചുപൂട്ടി ചൈന

ബെയ്ജിങ്- കോവിഡ് വ്യാപനം തടയാന്‍ ചൈന പൗരന്മാര്‍ക്കുമേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പല റിപോര്‍ട്ടുകളും വന്നിരുന്നു. ഇവയില്‍ പലതും കിരാതമായ നടപടികളാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ 12 ലക്ഷത്തോളം പേരെ വീടുകളില്‍ അടച്ചിട്ട റിപ്പോര്‍ട്ട് വന്നിട്ട് അധികനാളായിട്ടില്ല. ഇപ്പോഴിതാ കോവിഡ് സംശയിക്കുന്നവരെ ഇരുമ്പുപെട്ടികളില്‍ അടച്ചു പൂട്ടി ക്വാറന്റീന്‍ ചെയ്യുന്നതായുള്ള റിപോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു. നിരനിരയായി ഇരുമ്പു പെട്ടികള്‍ അടുക്കിവച്ചുണ്ടാക്കിയ വിശാലമായ ക്വാറന്റീന്‍ ക്യാമ്പുകളാണ് ചൈനയില്‍ ഒരുക്കിയിട്ടുള്ളത്. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളായ സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേരെ നിര്‍ബന്ധിച്ചാണ് അധികൃതര്‍ ഈ ഇരുമ്പു പെട്ടികളില്‍ പാര്‍പ്പിക്കുന്നത്. ബെഡും ശുചിമുറിയും അടക്കമുള്ള സൗകര്യങ്ങളോടെയാണ് ഈ പെട്ടി വീടുകള്‍ ഒരുക്കിയിരിക്കുന്നത്. രണ്ടാഴ്ച വരെ ഇവിടെ ക്വാറന്റീനില്‍ കഴിയണമെന്നാണ് ചട്ടം. ഇത് കര്‍ശനമായി നടപ്പിലാക്കി വരികയാണ്. അടുത്ത മാസം വിന്റര്‍ ഒളിംപിക്‌സ് ബെയ്ജിങ്ങില്‍ തുടങ്ങാനിരിക്കെയാണ് രാജ്യത്ത് കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കി വരുന്നത്. സര്‍ക്കാരിന്റെ സീറോ കോവിഡ് നയ പ്രകാരമാണിത്. 

കോവിഡ് ബാധ സംശയിക്കുന്ന രോഗികളെ പാര്‍പ്പിക്കാനുള്ള ഇരുമ്പു പെട്ടികളുടേയും ആളുകളെ ക്വാറന്റീന്‍ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്ന ബസുകളുടെ നിരയും ഉള്‍പ്പെടെ ആശങ്കപ്പെടുത്തുന്ന വിഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പലയിടത്തം അര്‍ധരാത്രി വീട്ടിലെത്തി വിളിച്ചുണര്‍ത്തിയാണ് വീടുവിട്ട് ക്വാറന്റീന്‍ ക്യാമ്പുകളിലേക്ക് പോകാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നതെന്ന് ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നു. 

കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും കണ്ടെത്താനുള്ള ആപ്പ് ഉപയോഗിക്കിക്കേണ്ടത് നിര്‍ബന്ധമാണ്. ഇതു വഴി ലഭിക്കുന്ന വിവരം അടിസ്ഥാനമാക്കിയാണ് അധികൃതര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തന്നതും ആളുകളെ ക്വാറന്റീന്‍ ക്യാമ്പുകളിലേക്ക് അയക്കുന്നതും. ചൈനയില്‍ ഇപ്പോള്‍ രണ്ടു കോടിയോളം പേര്‍ വീടുകളില്‍ പുറത്തിറങ്ങാന്‍ അനുമതിയില്ലാതെ കഴിയുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ഭക്ഷണം വാങ്ങാന്‍ പോലും ആളുകള്‍ക്ക് വീടുവിട്ട് പുറത്തിറങ്ങാന്‍ പാടില്ല. രാജ്യത്ത് പലയിടത്തും ലോക്ഡൗണ്‍ ഭയന്ന് ആളുകള്‍ അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ പരക്കം പായുകയാണ്. ഇതിന്റെ വിഡിയോകളും പ്രചരിക്കുന്നുണ്ട്.

Latest News