ബിജെപി കളിതുടങ്ങി; യുപിയില്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍

ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബിജെപിയെ വെട്ടിലാക്കി യുപിയില്‍ യോഗി സര്‍ക്കാരിലെ രണ്ട് മന്ത്രിമാരും നാല് എംഎല്‍എമാരും പാര്‍ട്ടി വിട്ടതിനു പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും ഓരോ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറി. പോകുന്ന പോക്കില്‍ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ ഹരിഓം യാദവ് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷിനിട്ട് രണ്ട് കൊട്ടും കൊട്ടി. ഇത് മുലായം സിങിന്റെ എസ്പി അല്ലെന്നും അഖിലേഷ് ചെരുപ്പുനക്കികളുടെ പാര്‍ട്ടിയെ ആണ് നയിക്കുന്നതെന്നുമായിരുന്നു ഫിറോസാബാദ് എംഎല്‍എ ആയ ഹരിഓം യാദവിന്റെ കൊട്ട്. 

അഖിലേഷിനു ചുറ്റുമുള്ളത് അദ്ദേഹത്തെ ദുര്‍ബലപ്പെടുത്തുന്ന ചെരുപ്പുനക്കികളാണെന്നും എംഎല്‍എ ആരോപിച്ചു. താന്‍ പാര്‍ട്ടിയില്‍ തുടരുന്നത് എസ് പി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ രാംഗോപാല്‍ യാദവിനും അദ്ദേഹത്തിന്റെ മകനും ഭീഷണിയായി കാണുന്നവരാണെന്നും ഹരിഓം ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ എസ്പി ഹരിഓമിനെ പുറത്താക്കിയിരുന്നു. 

സഹാറന്‍പൂരിലെ ബെഹാത് എംഎല്‍എ നരേഷ് സൈനിയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മറ്റൊരാള്‍. 

എംഎല്‍എമാരും മന്ത്രിമാരും ഉള്‍പ്പെടെ ആറു പേര്‍ ബിജെപി വിട്ടതോടെ പാര്‍ട്ടിയുടെ ഒബിസി നേതൃനിരയില്‍ വലി വിള്ളലുണ്ടായിരിക്കുകയാണ്. പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയുടെ പ്രധാന വോട്ട് ബാങ്കാണ് ഒബിസി സമുദായങ്ങള്‍. അതേസമയം ബിജെപി വിട്ട നേതാക്കളാരും സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ല. എന്നാല്‍ ഇതു വൈകാതെ ഉണ്ടാകുമെന്നാണ് അഖിലേഷ് നല്‍കുന്ന സൂചന.

Latest News