Sorry, you need to enable JavaScript to visit this website.

കൈക്കൂലി വാങ്ങി 103 കോടതി വിധികൾ തിരുത്തി; ഏഷ്യക്കാരടക്കം അഞ്ച് പ്രതികൾക്ക് 10 വർഷം തടവ്‌

ദുബായ് - കൈക്കൂലിക്കേസിൽ പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനെ ദുബായ് ക്രിമിനൽ കോടതി പത്തു വർഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് അര ലക്ഷം ദിർഹം പിഴ ചുമത്തിയിട്ടുമുണ്ട്. കേസിലെ മറ്റു നാലു പ്രതികൾക്കും ഇതേ ശിക്ഷയാണ് കോടതി വിധിച്ചത്. ഇവർ ലോ കമ്പനി ഉദ്യോഗസ്ഥരായ ഏഷ്യൻ വംശജരാണ്. 
103 കോടതി വിധികളിൽ മാറ്റം വരുത്തിയ കേസിലാണ് പ്രതികളെ കോടതി ശിക്ഷിച്ചത്. ഇതിന് പ്രതികൾ ആകെ 1,54,000 ദിർഹം കൈക്കൂലി കൈപ്പറ്റിയിരുന്നു. അര ലക്ഷം ദിർഹം വീതം പിഴ ചുമത്തിയതിനു പുറമെ, പ്രതികൾക്കെല്ലാവർക്കും കൂടി കൈക്കൂലി തുകക്ക് തുല്യമായ  1,54,000 ദിർഹം പിഴയും ചുമത്തിയിട്ടുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്തുന്നതിനും കോടതി ഉത്തരവിട്ടു. രണ്ടു അറബ് വംശജരും ഒരു ഏഷ്യൻ വംശജനുമടക്കം മൂന്നു പേരെ കോടതി കുറ്റവിമുക്തരാക്കി. 
നീതിന്യായ സംവിധാനത്തിലെ കറക്ഷൻ, ഡാറ്റാ എൻട്രി തസ്തികയിൽ ജോലി ചെയ്ത, 21 വയസ്സ് പ്രായമുള്ള ഗൾഫ് പൗരനാണ് കേസിലെ മുഖ്യപ്രതി. പദവി അനുസരിച്ച അധികാരം ദുരുപയോഗിച്ച് പ്രതി 103 കോടതി വിധികളിലും കേസ് രേഖകളിലും തിരുത്തലുകൾ വരുത്തുകയായിരുന്നു. 2015 ജനുവരിക്കും 2016 മാർച്ചിനും ഇടയിലായിരുന്നു ഇത്. ക്രിമിനൽ കേസ് പ്രതികളിൽനിന്ന് നൂറു ദിർഹം മുതൽ 1500 ദിർഹം വരെ കൈക്കൂലി സ്വീകരിച്ചാണ് മുഖ്യ പ്രതി കേസ് രേഖകളിലും വിധിപ്രസ്താവങ്ങളിലും തിരുത്തലുകൾ വരുത്തിയിരുന്നത്. 15 മാസമെടുത്താണ് കേസന്വേഷണം പബ്ലിക് പ്രോസിക്യൂഷൻ പൂർത്തിയാക്കിയത്. 
വണ്ടിച്ചെക്ക് കേസ് പ്രതിക്ക് കോടതി വിധിച്ച ആറു മാസത്തെ തടവു ശിക്ഷ പ്രതി പതിനായിരം ദിർഹം പിഴയാക്കി രേഖകളിൽ മാറ്റി. മറ്റൊരു കേസ് പ്രതിക്ക് കോടതി വിധിച്ച രണ്ടു ലക്ഷം ദിർഹം പിഴ പ്രതി പതിനായിരം ദിർഹം പിഴയാക്കി മാറ്റി. ആറു മാസം തടവും നാടുകടത്തലും ശിക്ഷ ലഭിച്ച മറ്റൊരു പ്രതിക്കുള്ള ശിക്ഷ രണ്ടായിരം ദിർഹം പിഴയാക്കിയും മുഖ്യ പ്രതി രേഖകളിൽ തിരുത്തലുകൾ വരുത്തിയിരുന്നു. 

Latest News