പാലക്കാട്- പാലക്കാട് പുതുപ്പരിയാരം ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മകനായ സനല്‍ പിടിയിലായി. നാട്ടുകാരാണ് സനലിനെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. കൊലപാതകത്തിന് പിന്നില്‍ ദമ്പതികളുടെ മകനായ സനല്‍( 28) ആണെന്നാണ് പോലീസിന്റെ നിഗമനം. പുതുപ്പരിയാരം ഓട്ടൂര്‍കാട് പ്രതീക്ഷാ നഗറില്‍ റിട്ട. ആര്‍എംഎസ് ജീവനക്കാരന്‍ ചന്ദ്രന്‍ ( 68), ഭാര്യ ദൈവാന ദേവി ( ദേവി54) എന്നിവരാണ് ഇന്നലെ രാവിലെ വീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന്‍ സനലിനെ വീട്ടില്‍ നിന്നും കാണാനില്ലായിരുന്നു.
സനല്‍ ഞായറാഴ്ച രാത്രി ഒമ്പതു മണി വരെ വീട്ടില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ സനലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തി. ഇന്നു പുലര്‍ച്ചെ സനല്‍ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ പിടികൂടിയത്. ഇയാള്‍ മൈസൂരുവില്‍ ഒളിവിലായിരുന്നു എന്നാണ് സൂചന. ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസില്‍ സനലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.