Sorry, you need to enable JavaScript to visit this website.

യു.എ.ഇ ഗായിക രാജ്യം വിടുന്നത് കുവൈത്ത് വിലക്കി

റിയാദ് - പ്രശസ്ത യു.എ.ഇ ഗായിക അഹ്‌ലാം അൽശാംസി രാജ്യം വിടുന്നത് കുവൈത്ത് വിലക്കി. ക്വാറന്റൈൻ കാലം പൂർത്തിയാക്കാത്തതിനാലാണ് അഹ്‌ലാം രാജ്യം വിടുന്നത് കുവൈത്ത് അധികൃതർ വിലക്കിയത്. എന്നാൽ തനിക്കൊപ്പം ഒരേ ദിവസം കുവൈത്തിൽ പ്രവേശിച്ച ഖത്തർ ഗായകൻ ഫഹദ് അൽകുബൈസിയെ കുവൈത്ത് വിടാൻ അനുവദിക്കുകയും തന്നെ വിലക്കുകയും ചെയ്ത അധികൃതരുടെ വിവേചനപരമായ നടപടിയിൽ അഹ്‌ലാം കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. പ്രതിഷേധം പ്രകടിപ്പിച്ചും സംഭവത്തിലേക്ക് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്‌മദിന്റെയും കിരീടാവകാശി ശൈഖ് മിശ്അൽ അൽഅഹ്‌മദിന്റെയും ശ്രദ്ധകൾ ക്ഷണിച്ചും അഹ്‌ലാം ഏതാനും വീഡിയോകൾ സാമൂഹിമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. 
വിവാഹാഘോഷത്തിൽ ഗാനങ്ങൾ ആലപിക്കാൻ സ്വന്തം വിമാനത്തിലാണ് താൻ കുവൈത്തിലെത്തിയത്. മുഴുവൻ വാക്‌സിൻ ഡോസുകളും താൻ സ്വീകരിച്ചിട്ടുണ്ട്. കുവൈത്തിൽ എത്തിയ ഉടൻ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. ക്വാറന്റൈൻ പാലിക്കേണ്ടതിനെ കുറിച്ച് എയർപോർട്ടിൽ വെച്ച് തങ്ങളെ അറിയിച്ചിരുന്നില്ല. വിവാഹാഘോഷം നടന്ന അൽറായ ഹോട്ടലിൽ തന്നെയാണ് താൻ താമസിച്ചിരുന്നതും. വിവാഹാഘോഷം പൂർത്തിയായ ശേഷം കുവൈത്തിൽ നിന്ന് മടങ്ങാൻ വേണ്ടി എയർപോർട്ടിലെത്തിയപ്പോഴാണ് ക്വാറന്റൈൻ കാലം പൂർത്തിയാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചത്. ഇത് താൻ പൂർണമായും അനുസരിച്ചു. 
എന്നാൽ താൻ കുവൈത്തിലെത്തിയ അതേ ദിവസം തന്നെ ഖത്തർ എയർവെയ്‌സ് വിമാനത്തിൽ കുവൈത്തിലെത്തിയ ഫഹദ് അൽകുബൈസി വിമാനത്തിൽ ഖത്തറിലേക്ക് മടങ്ങുകയും ദോഹയിലെത്തുകയും ചെയ്തു. താൻ സ്വദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ കുവൈത്തിൽ കാത്തിരിക്കുകയാണ്. ഫഹദ് അൽകുബൈസി കുവൈത്ത് വിട്ടത് നിരവധി സംശയങ്ങൾ ഉയർത്തുന്നു. ഞാൻ ഹോട്ടലിലാണ് ക്വാറന്റൈൻ പാലിച്ചിരുന്നത്. ഫഹദ് അൽകുബൈസി ഹോട്ടലിലായിരുന്നില്ല, ഫ്‌ളാറ്റിലായിരുന്നു. വിവാഹം പൂർത്തിയായ ഉടൻ ഫഹദ് അൽകുബൈസി സ്വദേശത്തേക്ക് മടങ്ങുകയായിരുന്നെന്നും മറ്റൊരു വീഡിയോയിൽ അഹ്‌ലാം പറഞ്ഞു. 
അതേസമയം, ഗൾഫ് ഗായകൻ ക്വാറന്റൈൻ പാലിക്കാതെ കുവൈത്തിൽ പ്രവേശിക്കുകയും രാജ്യം വിടുകയും ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഹെൽത്ത് ക്വാറന്റൈൻ പ്രോട്ടോകോൾ ലംഘിച്ചതിനാൽ ഗൾഫ് ഗായകനെതിരെ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. ഹെൽത്ത് ക്വാറന്റൈൻ പ്രോട്ടോകോൾ ലംഘിച്ച ഗൾഫ് ഗായികക്കും ഇവരെ അനുഗമിച്ചവർക്കുമെതിരെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെയും നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവന പറഞ്ഞു. ഔദ്യോഗിക പ്രസ്താവനയിൽ ആരുടെയും പേരുകൾ പ്രത്യേകം പരാമർശിച്ചിട്ടില്ല. 

Latest News