ബെംഗളുരു- കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ഭാര്യയെ കൊന്ന് വീട്ടില്‍ കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന പരാതി നല്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കിയ ശേഷം പ്രതി 40കാരനായ കരിയപ്പ ആര് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതായണ് അന്വേഷണത്തില്‍ തുമ്പായത്. കൂടുതല്‍ വിവരങ്ങള്‍ തേടി പോലീസ് കരിയപ്പയെ ബന്ധപ്പെടാന്‍ ശ്രമിച്ചു പരാജയപ്പെട്ടതോടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. വീട്ടിനകത്ത് നിലം പൊളിഞ്ഞതായി കണ്ടെത്തി. ഇവിടെ കുഴിച്ച് പരിശോധിച്ചപ്പോഴാണ് കൊല്ലപ്പെട്ട 26കാരി സുമയുടെ മൃതദേഹം ലഭിച്ചത്. കരിയപ്പ ഭാര്യ സുമയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചു മൂടിയെന്നാണ് ബലമായ സംശയമെന്ന് പോലീസ് പറഞ്ഞു.
വീട്ടില്‍ ഒരു സുഹൃത്ത് വന്നതിനെ ചൊല്ലി ഡിസംബര്‍ 25ന് രാത്രി ഭാര്യ സുമയുമായി വഴക്കുണ്ടായി എന്നും ശേഷം കുളിക്കാന്‍ പോയി വന്നപ്പോള്‍ ഭാര്യയെ കാണാതായി എന്നുമാണ് കരിയപ്പ പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്. അയല്‍ വീടുകളിലും ബന്ധുവീടുകളിലും തിരഞ്ഞെങ്കിലും ഭാര്യയെ കണ്ടെത്താനായില്ല എന്നായിരുന്നു പരാതി. ഇതിനു പിന്നാലെ കരിയപ്പ മുങ്ങുകയായിരുന്നു. പരാതി നല്കിയ ശേഷം ഇതേ വീട്ടില്‍ കരിയപ്പ തന്റെ മകനൊപ്പം ഏതാനും ദിവസങ്ങള്‍ കൂടി തങ്ങിയ ശേഷമാണ് മുങ്ങിയത്. മകന് ഇപ്പോള്‍ ബന്ധുവിന്റെ വീട്ടിലാണ്. പോലീസ് കരിയപ്പയെ തിരയുകയാണ്.






