നിങ്ങളുടെ ബന്ധുക്കളാണെങ്കില്‍ ഇത് ചെയ്യുമോ, സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് നടി

മുംബൈ- തിട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖറിനോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന ആവശ്യവുമായി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്.  200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ജാക്വിലിനുമായി പ്രണയത്തിലായിരുന്നുവെന്നും കോടികളുടെ സമ്മാനങ്ങള്‍ നല്‍കിയിരുന്നുവെന്നും സുകേഷ് വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെയു അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
വളരെ വിഷമകരമായ ഘട്ടത്തിലൂടെയാണ് താനിപ്പോള്‍ കടന്നുപോകുന്നതെന്നും തന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ജാക്വിലിന്‍  അഭ്യര്‍ഥിച്ചു.

ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും എനിക്ക് വളരെയധികം സ്‌നേഹവും ബഹുമാനവും നല്‍കി. അതില്‍ എന്റെ മാധ്യമസുഹൃത്തുക്കളുമുണ്ട്. അവരില്‍ നിന്നാണ് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചത്. ജീവിതത്തിലെ ദുഷ്‌കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും അത് മനസ്സിലാകുമെന്ന് കരുതുന്നു. ഈ വിശ്വാസത്തില്‍ എന്റെ മാധ്യമസുഹൃത്തുക്കളോട് അപേക്ഷിക്കുകയാണ്, എന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്. നിങ്ങളുടെ ഉറ്റവരുടേതാണെങ്കില്‍ അത് നിങ്ങള്‍ ചെയ്യുകയില്ല. അതുകൊണ്ടു തന്നെ എന്റെ കാര്യത്തിലും അങ്ങനെ തന്നെ ആയിരിക്കുമെന്ന് കരുതുന്നു. നീതി നിലനില്‍ക്കട്ടെ- ജാക്വിലിന്‍ കുറിച്ചു.

 

 

Latest News