ശ്രീദേവിയുടെ മരണം കുളിമുറിയിൽ കുഴഞ്ഞ് വീണ്;  മൃതദേഹം മുംബൈയിലെത്താൻ വൈകും

ദുബായ്- ജുമെയ്‌റ എമിറേറ്റ്‌സ് ടവർ ഹോട്ടലിലെ കുളിമുറിയിൽ കുഴഞ്ഞു വീണാണ് നടി ശ്രീദേവിയുടെ മരണം സംഭവിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ദുബായിലെ റാശിദ് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം ഹോട്ടൽ അധികൃതർ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. പോലീസ് അന്വേഷിച്ചുവരികയാണെന്നാണ് ഹോട്ടൽ അധികൃതർ വ്യക്തമാക്കിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ ഹോട്ടലിൽ ഹൃദയസ്തംഭനം മൂലമാണ് നടി മരിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മൃതദേഹം മുംബൈയിലെത്തിക്കാൻ വൈകിയതാണ് കൂടുതൽ സംശയത്തിനിടയാക്കിയത്. ഇനിയും നടപടികൾ പൂർത്തിയാക്കാനുണ്ടെന്നും ഇതിനു ശേഷമെ മൃതദേഹം വിട്ടുകിട്ടൂവെന്നുമാണ് ഫോറൻസിക് അധികൃതർ പറയുന്നത്.
പ്രമുഖ വ്യക്തി ആയതിനാൽ പെട്ടെന്ന് ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾ തീർക്കാനാവില്ലെന്നും പോലീസിനു കൂടുതൽ സമയം വേണ്ടിവരുമെന്നുമാണ് ഫോറൻസിക് വകുപ്പ് അധികൃതർ അറിയിച്ചത്. ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ഫോറൻസിക് സയൻസ് ആന്റ് ക്രിമിനോളജിയിൽ വച്ചാണ് പോസ്റ്റ്‌മോർട്ടം നടക്കുന്നത്. ഇതു പൂർത്തിയാക്കിയ ശേഷം മുഹൈസിനയിലേക്ക് മാറ്റി മൃതദേഹം എംബാം ചെയ്യും.

പാസ്‌പോർട്ട് റദ്ദാക്കൾ, ഇമിഗ്രേഷൻ നടപടികൾ, ബുർ ദുബായ് പോലീസ് സ്‌റ്റേഷനിലെ പബ്ലിക് പ്രൊസിക്യൂട്ടറുടെ അനുമതി വാങ്ങൽ തുടങ്ങി നിയമപരമായ എല്ലാ നടപടികളും പൂർത്തീകരിച്ച ശേഷമെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കൂ.

Latest News