വരുണ്‍ ഗാന്ധിക്ക് കോവിഡ്, തെരഞ്ഞെടുപ്പ് കമ്മീഷനോട് അ്ഭ്യര്‍ഥന

ന്യൂദല്‍ഹി- കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ശക്തമായ ലക്ഷണങ്ങളോടെയാണ് രോഗമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ലോക്‌സഭാ മണ്ഡലമായ പിലിഭിറ്റ് സന്ദര്‍ശിച്ചപ്പോഴാണ് രോഗബാധയെന്ന് വെളിപ്പെടുത്തിയ അദ്ദേഹം അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കൂടുതല്‍ ജാഗത്ര ആവശ്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥികള്‍ക്കും നിയസഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മുന്‍കരുതല്‍ ഡോസുകള്‍ നല്‍കണമെന്നും വരുണ്‍ ഗാന്ധി കമ്മീഷനോട് പറഞ്ഞു.
പിലിഭിറ്റില്‍ മൂന്ന് ദിവസം ചെലവഴിച്ചതിനു പിന്നാലെയാണ് തനിക്ക് കോവഡ് സ്ഥിരീകരിച്ചത്. മൂന്നാം തരംഗത്തിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുംമധ്യേയാണ് നമ്മളുള്ളത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജാഗ്രതാ നടപടികള്‍ കൈക്കൊള്ളണം- അദ്ദേഹം പറഞ്ഞു.
മൂന്നാം തരംഗത്തില്‍ കോവിഡ് വ്യാപിക്കുന്നതിനിടെയാണ് യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളില്‍ അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ  24 മണിക്കൂറിനിടെ, 1.6 ലക്ഷം പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് 27,553 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

 

Latest News