പ്രണയനൈരാശ്യത്താൽ യുവതിയുടെ ആത്മഹത്യ; പോലീസുകാരന് സസ്പെൻഷൻ 

ഇടുക്കി- പ്രണയനൈരാശ്യത്തെ തുടർന്ന് യുവതി തൂങ്ങി മരിച്ച സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. ശാന്തൻപാറ  സ്റ്റേഷനിലെ സിപിഒ ശ്യാം കുമാറിനെയാണ് ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമി സസ്പെന്റ് ചെയ്തത്. മൂന്നാർ സ്വദേശി ഷീബ ഏയ്ഞ്ചൽ റാണി(27) മരിച്ച സംഭവത്തിലാണ് നടപടി. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. കേസിൽ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയായി. നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജി. ലാലിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
ഡിസംബർ 31നാണ് ഷീബ ആത്മഹത്യ ചെയ്തത്. കുറച്ചു ദിവസങ്ങളായി യുവതി കടുത്ത മാനസിക പ്രശ്നത്തിലായിരുന്നതായി വീട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. മരിക്കുന്ന ദിവസം ഉച്ചവരെ പെൺകുട്ടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തുടർന്ന് ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്യാംകുമാറുമായി അടുപ്പം പുലർത്തിയിരുന്നതായി കണ്ടെത്തി.
2018ൽ ശ്യാം കുമാർ മൂന്നാറിൽ ജോലി നോക്കിയിരുന്നു. കൺട്രോൾ റൂം വെഹിക്കിൾ ഡ്രൈവർ ആയിരിക്കെ പെൺകുട്ടിയുമായി അടുക്കുകയും വിവാഹം വാഗ്ദാനം നടത്തുകയും ചെയ്തു. ഇതറിഞ്ഞ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവിയിടപ്പെട്ട് ഇയാളെ സ്ഥലം മാറ്റുകയായിരുന്നു. പിന്നീട് ബന്ധം തുടർന്നത് വീട്ടുകാർ അറിഞ്ഞതുമില്ല.
ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്ന് പിന്നീടാണ് പെൺകുട്ടി അറിയുന്നത്. ഇടക്ക് ഭാര്യ പിണങ്ങി പോയിരുന്നതിനാൽ വിവാഹമോചനം നേടി ഷീബയെ കല്യാണം കഴിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഭാര്യ  തിരിച്ചെത്തി. ഇക്കാര്യം ഷീബയെ അറിയിക്കാൻ പോലീസുകാരൻ തയ്യാറായില്ല. ഈ വിവരം അറിഞ്ഞതോടെ ശ്യാം വഞ്ചിച്ചുവെന്ന മനോവിഷമത്തിലാണ് യുവതിയുടെ ആത്മഹത്യയെന്നാണ് പോലീസ് കണ്ടെത്തൽ.
 

Latest News