ഒരു അറബ് രാജ്യം ആദ്യമായി 2022 ൽ ലോകകപ്പിന് വിരുന്നൊരുക്കുകയാണ്. ലോകകപ്പിനുള്ള അവസാന ഒരുക്കത്തിലാണ് ഖത്തർ. അതിന് മുമ്പ് ലോകകപ്പ് ചരിത്രത്തിലെ മുത്തും പവിഴവും തേടി യാത്ര തുടങ്ങുകയാണ് മലയാളം ന്യൂസ്.
ഉറുഗ്വായ്, ജൂലൈ 13-30, 1930
1904 ലാണ് ഫിഫ രൂപം കൊണ്ടത്. ഒരു ഇന്റർനാഷനൽ ടൂർണമെന്റ് സംഘടിപ്പിക്കുക ഫിഫയുടെ രൂപീകരണോദ്ദേശ്യങ്ങൡലൊന്നായിരുന്നു. എന്നാൽ അന്ന് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. കാരണം ഒളിംപിക്‌സ് ഫുട്‌ബോൾ ടൂർണമെന്റ് ഒരു ലോക മേള തന്നെയായിരുന്നു. ഒളിംപിക്‌സ് ഫുട്‌ബോളിന്റെ വിജയം തന്നെയാണ് ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാൻ ഫിഫയെ പ്രേരിപ്പിച്ചത് എന്നതാണ് കൗതുകം. 1928 ലെ ആംസ്റ്റർഡാം ഒളിംപിക്‌സിലെ ഫുട്‌ബോൾ ഫൈനൽ വീക്ഷിച്ചത് നാൽപതിനായിരത്തിലേറെ പേരായിരുന്നു. അതിന്റെ എത്രയോ ഇരട്ടിയായിരുന്നു ടിക്കറ്റ് കിട്ടാതെ നിരാശരായത്.
ഫുട്‌ബോൾ എന്ന കളി ലോകത്തിനു സമ്മാനിച്ചത് ഇംഗ്ലണ്ടാണെങ്കിലും ഫുട്‌ബോളിന്റെ ഏറ്റവും വലിയ ടൂർണമെന്റ് വേണമെന്ന ആശയം വന്നത് ഫ്രാൻസിൽ നിന്നായിരുന്നു.
അക്കാലത്ത് ഫിഫ പ്രസിഡന്റ് യൂൾസ്‌റിമെയും സെക്രട്ടറി ഹെൻറി ഡിലോണിയുമായിരുന്നു. ഇരുവരും ഫ്രഞ്ചുകാർ. ഡിലോണിയാണ് യഥാർഥത്തിൽ ലോകകപ്പ് എന്ന ആശയം മുന്നോട്ടു വെച്ചത്. 1929 ൽ അത് വോട്ടിനിട്ട് അംഗീകരിച്ചു. പ്രഥമ ലോകകപ്പിന് പ്രാധാന്യം കിട്ടാൻ വേണ്ടി 1932 ലെ ഒളിംപിക്‌സിൽ നിന്ന് ഫിഫ ഫുട്‌ബോളിനെ ഒഴിവാക്കി.
ആദ്യ ലോകകപ്പ് നടത്താൻ ഇറ്റലിയും സ്വീഡനും നെതർലാന്റ്‌സും സ്‌പെയിനും ഉറുഗ്വായും രംഗത്തു വന്നു. മൂന്നു കാരണങ്ങൾ കൊണ്ടാണ് ഉറുഗ്വായ് തെരഞ്ഞെടുക്കപ്പെട്ടത്. 1928 ലെ ഒളിംപിക്‌സ് ചാമ്പ്യന്മാരെന്ന നിലയിൽ ഉറുഗ്വായായിരുന്നു നിലവിലെ ലോക ജേതാക്കൾ, 1930 ഉറുഗ്വായ്‌യുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷമാണ്. പങ്കെടുക്കുന്ന മുഴുവൻ ടീമുകളുടെയും ചെലവ് വഹിക്കാൻ അവർ തയാറായിരുന്നു. മോണ്ടിവിഡിയോയിൽ പുതിയ സ്റ്റേഡിയം പണിത് ലോകകപ്പിന് വേദിയൊരുക്കുമെന്ന് അവർ പ്രഖ്യാപിച്ചു.
13 ടീമുകളാണ് ആദ്യ ലോകകപ്പിൽ പങ്കെടുത്തത്. അതിൽ ഒമ്പതും അമേരിക്കൻ വൻകരയിൽ നിന്നായിരുന്നു. ദൂരവും കളിക്കാർക്ക് ദീർഘകാലം ജോലിയിൽനിന്ന് വിട്ടുനിൽക്കാൻ ബുദ്ധിമുട്ടുള്ളതിനാലും മറ്റു മേഖലയിൽനിന്ന് ആരും മുന്നോട്ടു വന്നില്ല. ടൂർണമെന്റിന് എട്ടാഴ്ച മുമ്പു വരെ ഒരു യൂറോപ്യൻ ടീമും പങ്കെടുക്കാൻ തയാറായില്ല. യൂറോപ്യൻ ശക്തികളായ ഹംഗറിയും ഇറ്റലിയും സ്‌പെയിനും ഓസ്ട്രിയയുമൊന്നും താൽപര്യം കാട്ടിയില്ല. ഫിഫ പ്രസിഡന്റ് യൂൾസ്‌റിമെ ഇടപെട്ടതിനാൽ ബെൽജിയവും ഫ്രാൻസും റുമാനിയയും യൂഗോസ്ലാവ്യയും അവസാന നിമിഷം പങ്കെടുക്കാൻ തയാറായി. റുമാനിയൻ ടീം കാരൾ രാജാവിന്റെ കളിക്കൂട്ടമായിരുന്നു. അദ്ദേഹമാണ് ടീമിനെ തട്ടിക്കൂട്ടിയതും യാത്രാ ചെലവ് വഹിച്ചതുമെല്ലാം. ഫ്രാൻസും ബെൽജിയവും റുമാനിയയും ഒരു കപ്പലിലാണ് അറ്റ്‌ലാന്റിക് കടന്നത്. വഴിയിൽ അവർ ബ്രസീൽ ടീമിനെയും കൂട്ടി. എന്നാൽ യൂഗോസ്ലാവ്യ ഒഴികെ യൂറോപ്യൻ ടീമുകൾ ആദ്യ റൗണ്ട് കടന്നില്ല.
യൂറോപ്യൻ ടീമുകൾ പങ്കെടുത്തിരുന്നുവെങ്കിലും അക്കാലത്ത് ലാറ്റിനമേരിക്കൻ ടീമുകളോട് പിടിച്ചുനിൽക്കാൻ പ്രയാസമായിരുന്നു. കാരണം 1910 മുതൽ കോപ അമേരിക്കയിൽ ലാറ്റിനമേരിക്കൻ ടീമുകൾ മാറ്റുരക്കുന്നുണ്ട്. മറ്റു മേഖലകളിൽ അങ്ങനെയൊരു ടൂർണമെന്റ് ഇല്ലായിരുന്നു.
യോഗ്യതാ ടൂർണമെന്റ് ഇല്ലാതിരുന്ന ഏക ലോകകപ്പായിരുന്നു 1930 ലേത്. എല്ലാ കളികളും തലസ്ഥാനമായ മോണ്ടിവിഡിയോയിലായിരുന്നു. നാലു ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരായി അർജന്റീനയും ഉറുഗ്വായ്‌യും അമേരിക്കയും യൂഗോസ്ലാവ്യയും സെമിയിലെത്തി. ഇംഗ്ലണ്ടിലെയും സ്‌കോട്‌ലന്റിലെയും പ്രവാസികളെ ചേർത്ത് തട്ടിക്കൂട്ടിയ ടീമായിരുന്നു അമേരിക്ക. അർജന്റീന അമേരിക്കയെയും ഉറുഗ്വായ് യൂഗോസ്ലാവ്യയെയും 6-1 ന് സെമിയിൽ തകർത്തു. അയൽക്കാരായ അർജന്റീനയും ഉറുഗ്വായ്‌യും തമ്മിലുള്ള ഫൈനൽ 93,000 ത്തിലേറെ പേർ വീക്ഷിച്ചു. 4-2 ജയത്തോടെ ഉറുഗ്വായ് പ്രഥമ ലോക ചാമ്പ്യന്മാരായി.
ലോകകപ്പിനായി പണികഴിപ്പിച്ച എസ്റ്റാഡിയൊ സെന്റിനേരിയൊ സ്റ്റേഡിയം ലോകകപ്പ് തുടങ്ങുമ്പോഴേക്കും പൂർത്തിയായിരുന്നില്ല. അതിനാൽ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ ഇറങ്ങിയില്ല. ഒരേസമയം രണ്ടു കളികളോടെയാണ് ലോകകപ്പിന് തിരശ്ശീല ഉയർന്നത്. ഫ്രാൻസ് 4-1 ന് മെക്‌സിക്കോയെയും അമേരിക്ക 3-0 ത്തിന് ബെൽജിയത്തെയും തോൽപിച്ചു. ഫ്രാൻസിന്റെ ലൂഷ്യൻ ലോറന്റാണ് ലോകകപ്പിലെ ആദ്യ ഗോളടിച്ചത്. കനത്ത മഞ്ഞിലായിരുന്നു ആ മത്സരം.
മെക്‌സിക്കോക്കെതിരായ അർജന്റീനയുടെ രണ്ടാമത്തെ കളിയിലാണ് ആദ്യ പെനാൽട്ടി പിറന്നത്. യഥാർഥത്തിൽ അഞ്ച് പെനാൽട്ടികളുണ്ടായിരുന്നു ആ കളിയിൽ, അതിൽ മൂന്നും വിവാദമായി. അർജന്റീനയുടെ ഗ്വിയർമൊ സ്റ്റബിലെ രാജ്യത്തിനു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക് നേടി. യൂനിവേഴ്‌സിറ്റി പരീക്ഷയുണ്ടായിരുന്നതിനാൽ മാന്വേൽ ഫെരേരക്ക് പിന്മാറേണ്ടി വന്നതിനാൽ മാത്രമാണ് സ്റ്റബിലെക്ക് കളിക്കാൻ അവസരം കിട്ടിയത്.
അർജന്റീനക്കെതിരായ ഫ്രാൻസിന്റെ മത്സരത്തിൽ റഫറി ആറ് മിനിറ്റ് മുമ്പ് ഫൈനൽ വിസിൽ മുഴക്കിയത് മറ്റൊരു തർക്കമായി. പകരക്കാരെ ഇറക്കുന്ന പതിവില്ലാതിരുന്ന അക്കാലത്ത് രണ്ട് കളിക്കാർക്ക് പരിക്കേറ്റിട്ടും 81 ാം മിനിറ്റ് വരെ പിടിച്ചുനിന്ന ശേഷമാണ് ഫ്രാൻസ് ഗോൾ വഴങ്ങിയത്. ഗോൾ മടക്കുമെന്നു തോന്നിച്ച നീക്കത്തിനിടയിലായിരുന്നു ഫൈനൽ വിസിൽ. അര മണിക്കൂർ നീണ്ട പ്രതിഷേധത്തെത്തുടർന്ന് ആറ് മിനിറ്റ് കളി വീണ്ടും നടത്തിയെങ്കിലും ഫ്രാൻസ് തോറ്റു.
റുമാനിയ-പെറു മത്സരം കാണാൻ മുന്നൂറോളം പേർ മാത്രമാണ് ഉണ്ടായിരുന്നത്, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കുറച്ച് കാണികൾ. ഈ മത്സരത്തിലാണ് ആദ്യമായി ഒരു കളിക്കാരൻ പുറത്താക്കപ്പെട്ടത്, പെറുവിന്റെ പ്ലാസിഡൊ ഗലീൻഡൊ. പല തവണ ലഹള അരങ്ങേറിയ ആ കളിയിൽ അവസാനത്തേതിൽ കളിക്കാരെ പിന്തിരിപ്പിക്കാൻ പോലീസിന് ഇടപെടേണ്ടി വന്നു. അമേരിക്ക-പാരഗ്വായ് മത്സരം ലോകകപ്പിലെ ആദ്യ ഹാട്രിക്കിന് സാക്ഷിയായി. അമേരിക്കയുടെ ബെർട് പെറ്റനോഡാണ് ടീമിന്റെ മൂന്നു ഗോളുമടിച്ചത്.
1928 ലെ ഒളിംപിക്‌സ് ഫൈനലിന്റെ ആവർത്തനമായിരുന്നു ഫൈനൽ. കളി കാണാൻ അർജന്റീനയിൽനിന്ന് നൂറുകണക്കിനാളുകൾ ബോട്ടുകളിൽ മോണ്ടിവിഡിയോയിലെത്തി. തുറമുഖത്തെ തിരക്കു കാരണം കിക്കോഫ് സമയത്ത് പലർക്കും മോണ്ടിവിഡിയോയിൽ ഇറങ്ങാൻ പോലും സാധിച്ചില്ല.
സംഘർഷാവസ്ഥയിലാണ് ഫൈനൽ തുടങ്ങിയത്. ഏത് ടീം കൊണ്ടുവന്ന പന്ത് ഉപയോഗിക്കുമെന്നത് വലിയ തർക്കമായി. ഓരോ പകുതിയിലും ഓരോ പന്ത് ഉപയോഗിക്കാമെന്ന് തീരുമാനമായി. അനിഷ്ട സംഭവമുണ്ടായാൽ രക്ഷപ്പെടാനായി ബോട്ട് തയാറാക്കി നിർത്തണമെന്ന നിബന്ധനയിലാണ് ബെൽജിയംകാരനായ ജീൻ ലാൻഗനസ് കളി നിയന്ത്രിക്കാൻ തയാറായത്. 4-2 ന് ഉറുഗ്വായ് ജയിച്ചു. പിറ്റേ ദിവസം അർജന്റീനയിലെ ഉറുഗ്വായ് കോൺസുലേറ്റ് ആക്രമിക്കപ്പെട്ടു.
ലൂസേഴ്‌സ് ഫൈനൽ നടന്നിരുന്നുവോയെന്നും ആര് ജയിച്ചുവെന്നതും ഇപ്പോഴും തർക്കമാണ്.
1984 ലെ ഫിഫ ബുള്ളറ്റിനിൽ അമേരിക്കക്കെതിരായ ലൂസേഴ്‌സ് ഫൈനലിൽ യൂഗോസ്ലാവ്യ 3-1 ന് ജയിച്ചുവെന്നു പറയുന്നു. മറ്റു ചില രേഖകളനുസരിച്ച് സെമിയിലെ റഫറിയിംഗിൽ പ്രതിഷേധിച്ച് യൂഗോസ്ലാവ്യ ലൂസേഴ്‌സ് ഫൈനൽ കളിക്കാൻ വിസമ്മതിച്ചു. 1986 ൽ ഫിഫ ഇറക്കിയ ലഘു പുസ്തകത്തിൽ അമേരിക്കക്ക് മൂന്നാം സ്ഥാനവും യൂഗോസ്ലാവ്യക്ക് നാലാം സ്ഥാനവുമാണ് നൽകിയിരിക്കുന്നത്. അർജന്റീനയുടെ ഫോർവേഡ് ഫ്രാൻസിസ്‌കൊ വറായൊ 2010 ഓഗസ്റ്റിൽ മരണപ്പെട്ടതോടെ ആ ലോകകപ്പിൽ കളിച്ച എല്ലാവരും കാലത്തിന്റെ യവനികക്കപ്പുറത്തേക്ക് മറഞ്ഞു കഴിഞ്ഞു.
1928 ലെ ഒൡപിക്‌സ് ഫൈനലിലും ഇതേ ടീമുകളാണ് ഏറ്റുമുട്ടിയത്. അന്നും ഉറുഗ്വായ് 2-1 ന് ജയിച്ചു.
• ആതിഥേയർ: ഉറുഗ്വായ്
• ചാമ്പ്യന്മാർ: ഉറുഗ്വായ്
• ടോപ്‌സ്‌കോറർ: ഗ്വിയർമൊ സ്റ്റബിലെ (8)
• ആകെ ടീമുകൾ: 13
• ആകെ മത്സരങ്ങൾ: 18
• പ്രധാന അസാന്നിധ്യം: യൂറോപ്പിലെ പ്രധാന ടീമുകളിൽ പങ്കെടുത്തത് ഫ്രാൻസ് മാത്രം.
• പ്രധാന അട്ടിമറി: അമേരിക്ക മൂന്നാം സ്ഥാനത്തെത്തി
• ടൂർണമെന്റ് ഘടന: നാല് ഗ്രൂപ്പുകൾ. ഒരു ഗ്രൂപ്പിൽ നാലു ടീം, ബാക്കി മൂന്നിൽ മൂന്നു വീതം. ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാർ സെമിയിൽ.
• ആകെ ഗോൾ: 70 (ഒരു കളിയിൽ 3.89 ശരാശരി). കൂടുതൽ ഗോളടിച്ചത് അർജന്റീന (18)