Sorry, you need to enable JavaScript to visit this website.

കുവൈത്ത് ആരോഗ്യ മന്ത്രിക്ക് കോവിഡ്

കുവൈത്ത് സിറ്റി - കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽസഈദിന് കൊറോണബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടത്തിയ പതിവ് പരിശോധനയിലാണ് ആരോഗ്യ മന്ത്രിക്ക് കൊറോണബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വ്യവസ്ഥകൾ പ്രകാരം മന്ത്രി ഹോം ഐസൊലേഷൻ പ്രോട്ടോകോൾ പാലിച്ചുവരികയാണെന്നും ഡിസ്റ്റൻസ് രീതിയിൽ ആരോഗ്യ മന്ത്രി ചുമതലകൾ വഹിക്കുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു. 
അതേസമയം, കുവൈത്തിൽ കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ഭദ്രമാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. രാജ്യത്ത് കർഫ്യൂ ബാധകമാക്കുകയോ എയർപോർട്ടുകൾ അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങൾ അടക്കുകയോ ചെയ്യേണ്ട സാഹചര്യമില്ല. ലോകമെങ്ങും കൊറോണ വൈറസ് വകഭേദം വലിയ തോതിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കുവൈത്തിലും രോഗബാധ വർധിക്കുമെന്ന് പ്രതീക്ഷിച്ചതാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 
ഒമിക്രോൺ വകഭേദം ബാധിക്കാതെ നോക്കാനും രോഗികളുടെയും മെഡിക്കൽ, സാങ്കേതിക, ഓഫീസ് ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയും കുവൈത്ത് ആരോഗ്യ മന്ത്രാലയം ഏതാനും തീരുമാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങളിൽ എല്ലാവരും മുഴുസമയം മാസ്‌കുകൾ ധരിക്കൽ നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ സ്ഥാപനങ്ങളിൽ മുഴുവൻ മീറ്റിംഗുകളും നിർത്തിവെച്ചിട്ടുണ്ട്. വെർച്വൽ രീതിയിലുള്ള മീറ്റിംഗുകൾക്കു മാത്രമാണ് അനുമതിയുള്ളത്.
 

Latest News