നടിയെ ആക്രമിച്ച കേസ്: കൊച്ചിയിലെ റെക്കോര്‍ഡിങ്  സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുതിയ വഴിയിലൂടെ. കൊച്ചിയിലെ ഒരു റിക്കോര്‍ഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പള്‍സര്‍ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപ് കൊച്ചിയിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ ഇരുന്ന് കണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദം സ്വന്തം ടാബില്‍ റെക്കോര്‍ഡ് ചെയ്തത് ബാലചന്ദ്ര കുമാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. രഹസ്യമൊഴിയില്‍ പോലീസ് നിയമോപദേശം തേടി.
നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ജീവന് ജയിലിനുള്ളില്‍ ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് സുനിലിന്റെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷം കോടതിയെ സമീപിക്കും. സുനി 2018ല്‍ അമ്മയ്ക്ക് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു.
 

Latest News