പ്രവാസ ലോകത്തിന്റെ സാംസ്‌കാരികവും കലാപരവുമായ സ്പന്ദനങ്ങൾ തൽസമയം സഹൃദയരിലെത്തിക്കുന്ന ജിദ്ദ ലാലു മീഡിയയുടെ പുതുവൽസരാഘോഷം, വൈവിധ്യമാർന്ന കലാപരിപാടികളും പുരസ്‌കാരദാനവും കൊണ്ട് ശ്രദ്ധേയമായി.
ജിദ്ദയിലെ പ്രമുഖ ബിസിനസ് സംരംഭകനും സാമൂഹിക-രാഷ്ട്രീയ ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യവുമായ മലപ്പുറം അരിപ്ര സ്വദേശി ഉണ്ണീൻ പുലാക്കലിനെയും കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖ സംഘാടകനും നാല് പതിറ്റാണ്ടോളമായി ജിദ്ദ പ്രവാസികൾക്കിടയിൽ സജീവ സാന്നിധ്യവുമായ കെ. അബ്ദുൽ മജീദ് നഹയെയുമാണ് സഫീറോ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ അനുമോദിച്ചത്.
കെ.എം.സി.സി സ്ഥാപക നേതാവും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെ.പി. മുഹമ്മദ് കുട്ടി, അബ്ദുൽ മജീദ് നഹയ്ക്കും മുസാഫിർ (മലയാളം ന്യൂസ്) ഉണ്ണീൻ പുലാക്കലിനും പൊന്നാടയും പുരസ്‌കാരവും സമർപ്പിച്ചു.
വൈവിധ്യമാർന്ന കലാപരിപാടികളോടു കൂടി നടന്ന ചടങ്ങ് 2021 ലെ പ്രവാസി ജിദ്ദയുടെ ഏറ്റവും നിറപ്പകിട്ടാർന്ന സായാഹ്നമായി മാറി. രാത്രി കൃത്യം 11:58 ഏവരെയും വിസ്മയിപ്പിച്ചുകൊണ്ട് ലൈറ്റുകൾ അണഞ്ഞപ്പോൾ ലാലു മീഡിയ ഒരുക്കിയ ബിഗ് സ്‌ക്രീനിൽ പുതുവർഷത്തിന്റെ ആഗമനവും പോയ വർഷത്തിന്റെ കൗണ്ട് ഡൗണും ആരംഭിച്ചു. പ്രകാശ വിസ്മയത്തോടു കൂടിയാണ് ആഹ്ലാദാരവങ്ങൾക്കിടെ 2022 ന്റെ പിറവി അറിയിച്ചത്. തുടർന്ന് അങ്ങാടിപ്പുറത്ത് പ്രവാസി സംരംഭമെന്ന നിലയ്ക്ക് ഉണ്ണീൻ പുലാക്കൽ തുടക്കമിട്ട സഹ്‌റ കൺവെൻഷൻ സെന്ററിന്റെ സൗദിതല ഉദ്ഘാടനം ലാലു മീഡിയ കോ ഓർഡിനേറ്റർ ഹസൻ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. പ്രവാസി സംരംഭകർക്കാവശ്യമായ പ്രോൽസാഹനം നൽകണമെന്ന് ജിദ്ദാ നാഷനൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി. മുഹമ്മദലി അഭ്യർഥിച്ചു. സി.എം. അഹമ്മദ് ആക്കോടും ഹസൻ കൊണ്ടോട്ടിയും ലാലു മീഡിയക്ക് വേണ്ടിയും ഉണ്ണീൻ പുലാക്കൽ സഹ്റ കൺവെൻഷൻ സെന്ററിന് വേണ്ടിയും അതിഥികളെ വരവേറ്റു. സാദിഖലി തുവ്വൂർ, ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി,
കെ. എം. കൊടശ്ശേരി, ഹംസ പൊന്മള, ഗഫൂർ ചാലിൽ, ഇബ്രാഹിം ഇരിങ്ങല്ലൂർ, ഫസീന അഷ്‌റഫ്, സലീനാ മുസാഫിർ, മറിയം ടീച്ചർ, ജുനൈസ് ബാബു, ഷെൽഫിന റോസി തുടങ്ങിയവർ പ്രസംഗിച്ചു.
മുജീബ് പാക്കടയുടെയും മുസ്തഫ കുന്നുംപുറത്തിന്റെയും നേതൃത്വത്തിൽ നടത്തിയ കലാപരിപാടികൾ ചിട്ടപ്പെടുത്തിയത് നാദിറ മുജീബാണ്.
പ്രമുഖ ഗായകരായ സർഫ്രാസ്, ആശ ഷിജു, ഹക്കിം അരിമ്പ്ര, റഹീം കാക്കൂർ, ഫർസാന യാസർ തുടങ്ങിയവരുടെ ഗാനാലാപനം വേറിട്ട അനുഭവമായി. യൂസുഫ് കോട്ട സ്വാഗതവും അഷ്‌റഫ് ചുക്കൻ നന്ദിയും പറഞ്ഞു.






