Sorry, you need to enable JavaScript to visit this website.

പഠനം വീണ്ടും ഓഫ് ലൈനിലാവുമ്പോൾ...

ഓൺ ലൈൻ ക്ലാസിൽ കുറെ കാലമിരുന്ന്  കുട്ടികൾ റെഗുലർ ക്ലാസിൽ വീണ്ടും എത്തിയപ്പോൾ അവരിൽ വിവിധ തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റ് പ്രശ്‌നങ്ങൾ കണ്ടുവരുന്നതായി വിവിധ തലങ്ങളിൽ നിന്നുള്ള അധ്യാപികാ അധ്യാപകർ നിരീക്ഷിക്കുന്നു. അധ്യാപകരിലും കുട്ടികളിലും  ശാരീരികവും മാനസികവുമായ പലതരം പ്രതിസന്ധികൾക്കും ലോക്ഡൗൺകാല ഓൺലൈൻ പഠനം ഇടയാക്കിയിട്ടുണ്ട്.
ഇ പ്ലാറ്റ് ഫോമിൽ ക്ലാസുകൾ നടത്തുന്നതിലുള്ള പരിചയക്കുറവും പരിമിതികളും തുടക്കത്തിൽ അധ്യയനത്തെയും മൂല്യനിർണയ പ്രക്രിയയെയും ഏറെ ആത്മസംഘർഷങ്ങൾക്കിടയാക്കിയിരുന്നു. ചില വിദ്യാർത്ഥികളിലും അധ്യാപകരിലും  രക്ഷിതാക്കളിലും ആ ഘട്ടം അമിതമായ ഉത്കണ്ഠകൾക്കും  വിഷാദരോഗങ്ങൾക്കും വരെ കാരണമായിട്ടുണ്ട്. പതിയെ ഓൺലൈൻ പഠനം കാര്യക്ഷമമായി
നടത്താനുള്ള സാങ്കേതിക ജ്ഞാനവും സൗകര്യവും വിദ്യാഭ്യാസ മേഖല ആർജിച്ചെടുത്തു. എന്നാൽ മുഖാമുഖമുള്ള പഠനത്തിൽ ലഭ്യമാവുന്ന താൽപര്യവും ക്രിയാത്മകതയും ഓൺലൈൻ പഠനത്തിലൂടെ നിലനിർത്താൻ പലർക്കും വേണ്ടത് പോലെ കഴിഞ്ഞില്ല. ക്യാമറ സ്വിച്ച് ഓഫ് ചെയ്ത് കുട്ടികൾ അധിക പേരും പഠനത്തേക്കാൾ അവർക്ക് ഹരം പകരുന്ന  മറ്റു കളികളിലും വിനോദങ്ങളിലും വ്യാപൃതരായി. അതോടൊപ്പം ഓൺ ലൈൻ ക്ലാസിന് പിറകെ വരുന്ന അസൈൻമെന്റുകൾ കൃത്യമായി ചെയ്യാനുള്ള താൽപര്യം കുട്ടികളിൽ കുറഞ്ഞു വന്നു.  അവ വിലയിരുത്തുന്നതിൽ നേരിടുന്ന പ്രതിസന്ധികളും സ്ഥിതി ഒരു പരിധി വരെ  തകിടം മറിച്ചു.


പഠനത്തിൽ കാണിക്കേണ്ട ജാഗ്രതയും സജീവ ശ്രദ്ധയും കുറയാൻ ഇതിടയാക്കി. പതിവ് പോലെ കൂടുതൽ നേരം ഗാഢമായ ശ്രദ്ധയോടെ  ഇരുന്നു പഠിക്കാൻ അധിക കുട്ടികൾക്കും കഴിയാതെ വരുന്നു. കുട്ടികൾ എളുപ്പത്തിൽ ദേഷ്യപ്പെടുകയും വികാരാധീനരാവുകയും ചെയ്യുന്നതായും കാണപ്പെടുന്നു.
കൂട്ടുകൂടി പഠിക്കേണ്ട പഠന  പ്രവർത്തനങ്ങളിൽ പൊതുവെ അവർ ഇടപെടുമ്പോൾ  പതിവില്ലാത്ത ഉത്കണ്ഠയും ഭീതിയും അവരിൽ കാണപ്പെടുന്നതായും അധ്യാപകർ വിലയിരുത്തുന്നു.
മാസ്‌ക് കെട്ടിയ  മുഖങ്ങളിൽ നിറയെ നിർവികാരതയാണ് തളംകെട്ടി നിൽക്കുന്നത്. ക്ലാസ് മുറിക്കകത്ത് നടക്കുന്ന പഠന പ്രവർത്തനങ്ങൾ നിർജീവമായ ഒരു യാന്ത്രികതയായി മാറിയ പോലെ. അധ്യാപനത്തെ ഏറെ  ഇഷ്ടപ്പെടുന്ന, വിദ്യാർത്ഥികളുടെ കൂട്ടുകാരനായ  ഒരു ഹയർ സെക്കണ്ടറി  അധ്യാപകൻ കഴിഞ്ഞ ദിവസം പങ്കുവെച്ച  അനുഭവമാണിത്. ചില കുട്ടികളിൽ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങൾ വർധിച്ചതായും കാണപ്പെടുന്നുണ്ട്. കൂടാതെ ക്ലാസ് മുറിക്കകത്തും പുറത്തും പാലിക്കപ്പെടുന്ന സാമൂഹ്യ മര്യാദകളിലും പെരുമാറ്റ രീതികളിലും ചെറുതല്ലാത്ത മാറ്റം സംഭവിച്ചിരിക്കുന്നു. അധ്യാപകരോടും സഹപാഠികളോടും കാണിക്കേണ്ട ആദരവും സ്‌നേഹ ബഹുമാനങ്ങളും ശ്രദ്ധയും  മാന്യതയും  ഭാഷയിലും ശരീര ഭാഷയിലും ഉൾപ്പെടെ  ഉള്ളടക്കത്തിലും ശൈലിയിലും വലിയ തോതിൽ  നഷ്ടമായതായി പലരും അഭിപ്രായപ്പെടുന്നുണ്ട്.
ഓൺലൈൻ പഠന കാലത്തെ ക്രമം തെറ്റിയുള്ള ഇരുത്തങ്ങളും  വേണ്ടത്ര വ്യായാമമില്ലായ്മയും കുട്ടികളിൽ  ശാരീരികമായ ഒരുപാട് അസ്വസ്ഥകൾക്ക് കാരണമാവുന്നുണ്ട്. വിറ്റമിൻ ഡിയുടെ അപര്യാപ്തതയും കാൽസ്യത്തിന്റെ കുറവും അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യവും അവഗണിച്ചുകൂടാത്തതാണ്. 


പറഞ്ഞുവരുന്നത്, നീണ്ട ലോക്ഡൗൺ ഓൺലൈൻ പഠന കാലത്തിന് ശേഷം ഓഫ്ലൈൻ ക്ലാസിലെത്തുന്ന വിദ്യാർത്ഥിനീ വിദ്യാർത്ഥികളോട്  കൂടുതൽ ജാഗ്രതയോടെയും മനശ്ശാസ്ത്രപരമായ  സമീപനത്തോടെയും ഇടപെടേണ്ടതുണ്ടെന്നാണ്.  അവരിലെ ആകാംക്ഷകളെയും ഉൾഭീതികളെയും അകറ്റി പെരുമാറ്റത്തിലെ ന്യൂനതകളെയും അപഭ്രംശങ്ങളെയും സ്‌നേഹാദരപൂർവം പരിഹരിച്ച് അവരിൽ ആരോഗ്യകരമായ വ്യക്തിത്വം വളർത്തിയെടുക്കാനും സർക്കാരും അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ സേവന സംഘടനകളും പൂർവാധികം ഐക്യത്തോടെ ഒന്നിച്ച് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെയല്ലെങ്കിൽ മാനസികവും വൈകാരികവും സാമൂഹ്യവും ധാർമികവുമായി ഏറെ  ദുർബലമായ ഒരു കോവിഡ്കാല ജനറേഷൻ വീടിനും നാട്ടിനും സമൂഹത്തിനും പുതുപുത്തൻ വെല്ലുവിളികൾ ഉയർത്തുമെന്നതിൽ ഒട്ടും സംശയിക്കേണ്ടതില്ല.

Latest News