1948 ൽ പിതാവ് മൊയ്തീൻ കുട്ടി മുസ്ല്യാരുടെ കൂടെ പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ പള്ളിയാലിൽ കുഞ്ഞിമുഹമ്മദ് എന്ന കുട്ടി മുസ്ല്യാരുടെ ബാങ്ക് വിളി ഇന്നും ഭാവഭേദമില്ലാതെ തുടരുന്നു. നാട്ടുകാർ കാണുന്ന അന്ന് മുതലേ കുട്ടി മുസ്ല്യാർ ഇങ്ങനെയാണ്. തൂവെള്ള ഷർട്ടും ധരിച്ച് വെള്ള തലയിൽകെട്ടും കെട്ടി നിറപുഞ്ചിരിയോടെ എന്നും തിരക്കിൽ തന്നെ. ആരോടും പരിഭവമില്ലാതെ സന്തോഷത്തോടെ ബാങ്ക് വിളി തുടരുന്നു.
പിതാവിന്റെ കൂടെ തുടങ്ങിയതാണ് ഈ ബാങ്ക് വിളി. അന്ന് ഉച്ചഭാഷിണി ഇല്ല. മുകളിലെ പള്ളിയിലെ വരാന്തയിൽ ഉയരത്തിൽ വെച്ച 'നകാര' ത്തിൽ കോല് കൊണ്ട് മുട്ടണം. മുട്ട് കഴിഞ്ഞ് ഇറങ്ങി വന്ന് രണ്ട് കാതും പൊത്തി ഉച്ചത്തിൽ ബാങ്ക് കൊടുക്കണം. അന്നത്തെ ബാങ്ക് മഹല്ല് മുഴുവൻ കേട്ടിരുന്നു. ശബ്ദ മലിനീകരണമില്ല. ബാങ്ക് കൊടുക്കുമ്പോൾ തികഞ്ഞ നിശ്ശബ്ദത.
1960 ൽ പിതാവ് പള്ളിയാലിൽ മൊയ്തീൻ കുട്ടി മുസ്ല്യ്യാരുടെ മരണ ശേഷം ജ്യേഷ്ഠൻ മുഹമ്മദ് മൊല്ലാക്കയും സഹായത്തിന് ഉണ്ടാകും. അന്ന് കരിങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ 'ഹൗള് ' അംഗശുദ്ധി വരുത്തുന്ന ജലസംഭരണി ആയിരുന്നു. വെള്ളം മുകളിൽ നിന്ന് പനയുടെ പാത്തി വഴി ഹൗളിൽ എത്തും. തൊട്ടടുത്ത് കിണറുണ്ട്. വെള്ളം വരാത്ത സമയം ഏത്തോത്തിന് തേവിയാണ് നിറക്കാറ്. അതൊക്കെ അന്ന് മുക്രിയുടെ പണിയാ,,,,
കുട്ടി മുസ്ല്യാരുടെ കുടുംബം പരമ്പരാഗതമായി ദീനീപ്രചാരകരായിരുന്നു. വടക്കേ കുളമ്പിലെ ആദ്യ ഓത്തുപള്ളീ കുടുംബം,,, മൊയ്തീൻ കുട്ടി മുസ്ല്യാരും ഭാര്യ കണക്കർ തൊടി പാലക്കോളി കതിയുമ്മയുമാണ് ഓത്തുപള്ളി മൊല്ലാക്കയും മൊല്ലാച്ചിയും,,,,,
മലോട്ടിൽ തൊടുവിൽ കുറച്ച് കാലം ഓത്തുപള്ളി ഉണ്ടായിരുന്നു. കടന്നമണ്ണയിലെ ബീരാൻ കുട്ടി മൊല്ലയായിരുന്നു. അതൊന്നും അധികകാലം നിലനിന്നില്ല. അന്ന് മൂന്ന് സെന്റ്ലായിരുന്നു ഓത്തുപള്ളി. അത് പിന്നീട് മദ്രസയായി. ഇന്ന് 6 സെന്റിലാണ് മദ്രസ. അതിന് വേണ്ട ഭൂമി നൽകിയതും കുട്ടി മുസ്ല്യാരുടെ കുടുംബം.
പള്ളിയാലിൽ മൊയ്തീൻ കുട്ടി മുസ്ല്യാർ - കണക്കർ തൊടി കതിയുമ്മ മക്കൾ:
മുഹമ്മദ് പള്ളിയാലിൽ, കുഞ്ഞിമുഹമ്മദ് എന്ന കുട്ടി മുസ്ല്യാർ, സൈനബ, പാത്തുമ്മ, കദീജ.
മരുമക്കൾ: ആയിഷ പാതിര മണ്ണ, ഖദീജ വലിയകത്ത്, കുഞ്ഞീതു ഹാജി തലാപ്പിൽ പാങ്, ചുവന്ന പറമ്പിൽ അഹമ്മദ് കുട്ടി മുസ്ല്യാർ, പിലാപ്പറമ്പിൽ മുഹമ്മദ് എന്ന കുഞ്ഞാപ്പ. 1948 ൽ പിതാവിനൊപ്പം തുടങ്ങിയ വടക്കാങ്ങര പള്ളിയിലെ മുക്രിപ്പണി വടക്കാങ്ങര വടക്കേ കുളമ്പിൽ ജുമുഅത്ത് പള്ളി വന്നപ്പോൾ അങ്ങോട്ട് മാറി. അന്ന് മുതൽ ഇന്ന് വരെ കുട്ടി മുസ്ല്യാർ തന്നെ മുക്രി. എന്ത് 'മാത്താംകൂത്ത് ' ഉണ്ടായാലും മുക്രിപ്പണിക്ക് ഭംഗം വരുത്താറില്ല. മുഅദ്ദിൻ പണി ജീവിതത്തിന്റെ ഭാഗം. പള്ളിയാലിൽ കുഞ്ഞിമുഹമ്മദ് എന്ന കുട്ടി മുസ്ല്യാരുടെയും വലിയകത്ത് ഖദീജയുടെയും മക്കൾ:
റാബിഅ, സക്കീന, സാലിഹത്ത്, ഹഫ്സത്ത്, അബ്ദുൽ ബാരി ഫൈസി (ഇമാം വാക്കാലൂർ ജുമാ മസ്ജിദ്). മരുമക്കൾ: സെയ്തലവി തലാപ്പിൽ പാങ്, സൈതലവി ഹാജി കീടക്കല്ലൻ ആനമങ്ങാട്, മൊയ്തീൻ കുട്ടി എന്ന കുഞ്ഞാണി ചെമ്മലശ്ശേരി, ലത്തീഫ് ഫൈസി പെരിന്താറ്റിരി, ബുഷ്റ തെക്കെയിൽ ചെറുകുളമ്പ്. വടക്കാങ്ങര ജുമുഅത്ത് പള്ളിയിലും വടക്കേ കുളമ്പിലുമായി നീണ്ട എഴുപത്തിരണ്ട് വർഷത്തോളം മുക്രിപ്പണി എടുത്ത ഗർവ് ഒന്നും കുട്ടി മുസ്ല്യാരിൽ കാണില്ല. കുട്ടി മുസ്ല്യാർ അങ്ങനെയാണ്. പച്ചയായ മനുഷ്യൻ. ദീനീ സ്നേഹി. വയസ്സിന്റെ കാര്യത്തിൽ 80 ശേഷമുള്ള കണക്കിൽ ചെറിയ പിശക് കാണും. അതിന് ശേഷമുള്ളതൊന്നും എണ്ണാറില്ല.
വയസ്സും ആരോഗ്യ സ്ഥിതിയും ചോദിച്ചാൽ കുട്ടി മൂസ്ല്യാർക്ക് ചിരിയാണ് ഉത്തരം. വല്ലാഞ്ചിറയുടെ ആട്ടുലേഹ്യത്തിന് എന്തോ മാന്ത്രിക ശക്തി ഉണ്ടെന്നാ നാട്ടുകാരുടെ ശ്രുതി. ഏതായാലും കുട്ടി മുസ്ല്യാർ ഒരു സംഭവമാണ്. വടക്കാങ്ങര എന്ന സൗഹൃദ ഗ്രാമത്തിന്റെ അഭിമാനം.






